|    Nov 19 Mon, 2018 12:48 pm
FLASH NEWS

ജില്ലയില്‍ പട്ടികവര്‍ഗ വികസന പദ്ധതി പാതിവഴിയില്‍

Published : 30th August 2018 | Posted By: kasim kzm

നാദാപുരം: ആദിവാസി കോളനികളുടെ സമഗ്ര വികസനത്തിന് മുന്‍ സര്‍ക്കാരിന്റെ കാലത്ത് അനുവദിച്ച പദ്ധതി സ്തംഭനാവസ്ഥയില്‍. ഒന്‍പത് മാസത്തിലേറെയായി മുടങ്ങിക്കിടക്കുന്ന പദ്ധതിയുടെ പകുതിയിലേറെ ഫണ്ട് രണ്ട് മാസത്തിനിടയില്‍ പിന്‍വലിച്ചു കാല്‍ ഭാഗം പണി പോലും ചെയ്യാതെയാണ് പണം പിന്‍വലിച്ചതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. ചെയ്ത പണിക്ക് കൂലിനല്‍കാതെ കോണ്‍ട്രാക്റ്റര്‍ സ്ഥലം വിട്ടതായും പരാതി.
ജില്ലയില്‍ ഏറ്റവും കൂടുതല്‍ പട്ടികവര്‍ഗ്ഗക്കാര്‍ താമസിക്കുന്ന വടകര താലൂക്കിലെ വിലങ്ങാട്, താമരശ്ശേരി താലൂക്കിലെ ചെമ്പുകടവ് കോളനികളുടെ സമഗ്ര വികസനം ലക്ഷ്യമിട്ടാണ് മുന്‍ സര്‍ക്കാരിന്റെ കാലത്ത് 2014ല്‍ പത്ത് കോടി രൂപ അനുവദിച്ചത്. ചെമ്പുകടവ് കോളനിക്ക് മൂന്ന് കോടിയും വിലങ്ങാട്ടേക്ക് ഏഴ് കോടിയുമാണ് വകയിരുത്തിയത്.
എന്നാല്‍ പിന്നീട് പല കാരണങ്ങള്‍ പറഞ്ഞ് വിലങ്ങാട്ടെക്കുള്ള തുകയില്‍ നിന്നും അരക്കോടിയോളം രൂപ കുറവു വരുത്തിയിരുന്നു. വിലങ്ങാട്ടെ വായാട്, മാടാഞ്ചേരി, കുറ്റല്ലൂര്‍, പന്നിയേരി കോളനിക്കാരുടെ എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ ഊരുകൂട്ടങ്ങള്‍ വിളിച്ചു ചേര്‍ത്ത് ആവശ്യങ്ങള്‍ ചോദിച്ചറിഞ്ഞായിരുന്നു പദ്ധതി രേഖ സമര്‍പ്പിച്ചത്.
ഇതിന്നായി അന്നത്തെ വകുപ്പ് മന്ത്രി പി കെ ജയലക്ഷ്മി കോളനികളിലെത്തി ഒരു ദിവസം ചെലവഴിച്ചിരുന്നു തുടര്‍ന്നാണ് പ്രദേശത്തെ റോഡ്, പാലം, കുടിവെള്ളം, വീട്, സാംസ്‌കാരിക കേന്ദ്രങ്ങള്‍, ശ്മശാനം, നടപ്പാത, കോളനികളുടെ സുരക്ഷ തുടങ്ങി വിവിധ പദ്ധതികള്‍ നടപ്പിലാക്കാന്‍ തീരുമാനിച്ചത്.
കേന്ദ്ര, കേരള സര്‍ക്കാരുകളുടെ ഫണ്ടുപയോഗിച്ച് നടപ്പിലാക്കുന്ന പ്രൊജക്ടിന്റെ കരാര്‍ ലഭിച്ചത് ചെന്നെ ആസ്ഥാനമായ ഒരു കമ്പനിക്കാണ്. എന്നാല്‍ അവര്‍ തിരുവനന്തപുരം നെയ്യാറ്റിന്‍കരയിലെ മറ്റൊരു ടീമിന് പണി കൈമാറി. പക്ഷേ പദ്ധതി ആരംഭിച്ച് നാല് വര്‍ഷമായിട്ടും പണി കളൊന്നും എവിടെയും എത്തിയിട്ടില്ല.
മാടാഞ്ചേരി, പന്നിയേരി, കുറ്റല്ലൂര്‍ എന്നിവിടങ്ങളിലെ റോഡിന്റെ ഇരുവശവും കല്ലിട്ട് കെട്ടിയ ശേഷം ഒരു പണിയും ചെയ്തിട്ടില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു. സൈഡ് കെട്ടാനായി കരിങ്കല്ല് ഇവിടെ നിന്നു തന്നെ ശേഖരിച്ചതിനാല്‍ ലക്ഷങ്ങളുടെ ലാഭവും കോണ്‍ട്രാക്റ്റര്‍ക്കുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു. അതേസമയം ഇവിടെ പണി ചെയ്ത തദ്ദേശീയരായ നിരവധി തൊഴിലാളികള്‍ക്ക് കരാറുകാരന്‍ പണം നല്‍കാനുണ്ടത്രേ. ഒമ്പത് മാസമായി പണി മുടങ്ങിയിട്ട്.
പണം കിട്ടാനുള്ളവര്‍ വിളിച്ചാല്‍ ഫോണ്‍ എടുക്കാന്‍ പോലും കരാറുകാരന്‍ തയ്യാറാവുന്നില്ലെന്ന് അവര്‍ പരാതിപ്പെട്ടു. പന്നിയേരി കുറ്റല്ലൂര്‍ എന്നിവിടങ്ങളില്‍ സാംസ്‌കാരിക നിലയങ്ങളുടെ പണിയും ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ വായാട് കോളനിയിലെ ഒരു പണിയും ഇതുവരെ തുടങ്ങിയിട്ടില്ലെന്നാണ് വിവരം. പട്ടികവര്‍ഗ്ഗ വകുപ്പിന്റെ കീഴിലാണ് പദ്ധതി നടപ്പിലാക്കുന്നത്.
കാറ്റല്ലൂര്‍ 1.8 കോടി, വായാട് 1.75 കോടി, പന്നിയേരി 1.6, കോടി, മാടാഞ്ചേരി 1.4 കോടി എന്നിങ്ങനെയാണ് അനുവദിച്ചിട്ടുള്ളത്. ഇതില്‍ നാലു കോടി രൂപയാണ് കഴിഞ്ഞ രണ്ട് മാസത്തിനിടെ കരാറുകാരന്‍ പിന്‍വലിച്ചത്. പണി ചെയ്യാതെ പണം നല്‍കിയത് ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥതയാണ് കോളനിക്കാര്‍ക്കിടയില്‍ സംസാരമുണ്ട്. കോളനികളില്‍ കുടിവെള്ളമെത്തിക്കാന്‍ പദ്ധതികളുണ്ടായിട്ടും കഴിഞ്ഞ വേനല്‍ക്കാലത്ത് കോളനിക്കാര്‍ കുടിവെള്ളത്തിനായി നെട്ടോട്ടമോടുമ്പോള്‍ തിരിഞ്ഞു നോക്കാത്ത അധികൃതര്‍ കരാറുകാര്‍ക്ക് ഒത്താശ ചെയ്യുകയാണെന്നും അവര്‍ ആരോപിച്ചു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss