|    Oct 22 Sun, 2017 3:03 am

ജില്ലയില്‍ പച്ചക്കറി വില കുതിച്ചുയരുന്നു

Published : 14th July 2017 | Posted By: fsq

 

ഒലവക്കോട്:  ഇതര സംസ്ഥാനങ്ങളില്‍ നിന്നു കേരളത്തിലേക്ക് പച്ചക്കറിയെത്തുന്നത് കുറഞ്ഞതോടെ ജില്ലയില്‍ പച്ചക്കറി വില കുതിച്ചുയരുന്നു. പ്രതികൂല കാലാവസ്ഥയാണ് തമിഴ്‌നാട്ടിലും ആന്ധ്രയിലും പച്ചക്കറി ഉല്‍പാദനം  കുറച്ചത്. മഴ ലഭ്യത കുറഞ്ഞതിനാല്‍ ജലക്ഷാമം നേരിട്ടതാണ് തമിഴ്‌നാട്ടില്‍  നിന്നുള്ള പച്ചക്കറി വരവ് കുറയാന്‍ കാരണമെന്ന് വ്യാപാരികള്‍ പറയുന്നു. ഇതോടെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന പച്ചക്കറിയുടെ വിലയും വര്‍ധിച്ചു. നാടന്‍ പച്ചക്കറിയുടെ വില തോന്നുംപടിയാണ് ഈടാക്കുന്നത്. കഴിഞ്ഞ ഒരാഴ്ചക്കുള്ളില്‍ 10 മുതല്‍ 100 ശതമാനം വരെയാണ് പച്ചക്കറി വില വര്‍ധിച്ചത്.  തക്കാളിക്കും കാരറ്റിനും വെണ്ടക്കുമാണ് പ്രധാനമായും വില കൂടിയത്. ചെറിയ ഉള്ളിയുടെ വിലയിലും വര്‍ധനവുണ്ടായി. പൊള്ളാച്ചി, കോയമ്പത്തൂര്‍, ഒട്ടന്‍ഛത്രം, മേട്ടുപ്പാളയം, ഉദുമല്‍ പേട്ട എന്നിവിടങ്ങളിലാണ് തമിഴ്‌നാട്ടില്‍ പ്രധാനമായും തക്കാളി കൃഷി ചെയ്യുന്നത്. ജില്ലയിലെ കിഴക്കന്‍ മേഖലയിലും തക്കാളി  പ്രധാന കാര്‍ഷിക ഇനമായിരുന്നു. 40 രൂപയായിരുന്ന തക്കാളിക്ക് 70 ആയി. 40 രൂപ വിലയുണ്ടായിരുന്ന വെണ്ടക്കും കിലോക്ക് 60 രൂപയായി. ഉരുളക്കിഴങ്ങും സവാളയുമൊഴികെ മറ്റെല്ലാത്തിനും നേരിയ തോതിലെങ്കിലും  വില കൂടിയിട്ടുണ്ടെന്നാണ് വ്യാപാരികള്‍ പറയുന്നത്. 55 രൂപയായിരുന്ന പയറിന് ഇപ്പോള്‍ 80 രൂപവരെയാണ് വില. പച്ചമുളകിനും ബീന്‍സിനും വില കൂടിയിട്ടുണ്ട്. സാധാരണക്കാര്‍ ചെറുകിട കച്ചവടക്കാരെ സമീപിക്കുന്നത് 50 രൂപക്ക് സാമ്പാറിനും അവിയലിനുമൊക്കെയുള്ള കിറ്റുകള്‍ വാങ്ങാനാണ്. എന്നാല്‍, ഉയര്‍ന്ന വിലക്ക് പച്ചക്കറികള്‍ വാങ്ങി ഇത്തരം കിറ്റുകള്‍ നല്‍കാന്‍ കഴിയാതെ വന്നതോടെ വഴിയോര ചെറുകിട കച്ചവടക്കാര്‍ വില്‍പന നിര്‍ത്തിയ അവസ്ഥയിലാണ്. നാടന്‍ പച്ചക്കറികളുടെ വിലയും  വര്‍ധിച്ചിട്ടുണ്ട്. സാദാ പയറിന് 40 രൂപയാണ് വിലയെങ്കില്‍ നാടന്‍ പയറിന് 80 രൂപയാണ് ഈടാക്കുന്നത്. ചിലയിനം പച്ചക്കറികളുടെ ലോഡുകള്‍ കൂടുതലായി എത്തിയിട്ടും നിലവിലെ വിലയില്‍ കുറവ് വരുത്താന്‍ ഏജന്‍സികള്‍ തയ്യാറായിട്ടില്ല. തമിഴ്‌നാട് കര്‍ണാടക സംസ്ഥാനങ്ങളില്‍ പച്ചക്കറി ഉല്‍പാദനം കുറഞ്ഞതിന് പുറമെ ജിഎസ്ടി നിലവില്‍ വന്നതോടെ ഇതിനെതിരേ സംസ്ഥാനങ്ങളില്‍ നിന്നുള്ള ചരക്ക് ലോറികളുടെ വരവ് നിലച്ചതാണ് വിലക്കയറ്റത്തിന് കാരണമെന്ന് വ്യാപാരികള്‍ പറയുന്നു. ചരക്ക് ലോറികളുടെ വരവ്  സുഗമമായാല്‍ മാത്രമേ നിലവിലെ പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ സാധിക്കുകയുള്ളൂവെന്നാണ് വ്യാപാരികള്‍ പറയുന്നത്. പച്ചക്കറി വിലക്കയറ്റത്തിന്റെ മറവില്‍ പഴവര്‍ഗങ്ങളുടെ വില ഉയര്‍ത്തുന്നതായും  പരാതിയുണ്ട്. നിലവിലെ വിലവര്‍ധന ഓണക്കാലം വരെ തുടരുമെന്നാണ് വിലയിരുത്തല്‍.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക