|    Oct 17 Tue, 2017 9:54 am

ജില്ലയില്‍ പകര്‍ച്ചപ്പനി പടരുന്നു

Published : 11th July 2016 | Posted By: SMR

ണ്ണൂര്‍: കാലവര്‍ഷം ശക്തി പ്രാപിച്ചതോടെ ജില്ലയില്‍ പകര്‍ച്ചപ്പനിയും ജലജന്യ രോഗങ്ങളും പടരുന്നു. മലയോര മേഖലകളില്‍ ഉള്‍പ്പെടെ പനിബാധിതരുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ധിക്കുകയാണ്.
മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് പനിയും പകര്‍ച്ചരോഗങ്ങളും ഇക്കുറി കൂടിയെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തല്‍. ഇതുസംബന്ധിച്ച് അധികൃതര്‍ നേരത്തെ ജാഗ്രതാ നിര്‍ദേശങ്ങ ള്‍ പുറപ്പെടുവിച്ചിരുന്നു. എന്നാ ല്‍, മുന്‍കൂട്ടി നടപ്പാക്കേണ്ട പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഇത്തവണയും സമയബന്ധിതമായി നടത്താന്‍ കഴിഞ്ഞില്ല. സര്‍ക്കാര്‍-സ്വകാര്യ ആശുപത്രി ഭേദമന്യേ എല്ലായിടത്തും പകര്‍ച്ചപ്പനിക്കാരുടെ തിരക്കാണ്. കുട്ടികളാണ് ചികില്‍സ തേടുന്നവരില്‍ ഏറെയും. കഫക്കെട്ടും കഠിനമായ ശരീരവേദനയോട് കൂടിയുമുള്ള പനി വിട്ടുമാറാന്‍ തന്നെ ഒരാഴ്ച വേണ്ടിവരുന്നു. പനി ബാധിച്ച് കഴിഞ്ഞ ദിവസം മാത്രം ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളിലെ ഒപികളില്‍ 1122 പേര്‍ ചികില്‍സ തേടി. ഇവരില്‍ 18 പേരെ അഡ്മിറ്റ് ചെയ്തു.
ഒരാള്‍ക്ക് ഡെങ്കിപ്പനിയുടെ ലക്ഷണങ്ങള്‍ കണ്ടെത്തി. മഴക്കാലത്തിനു മുമ്പ് നടത്തേണ്ട ശുചീകരണ പ്രവര്‍ത്തനവും കൊതുകുനശീകരണവും കാര്യക്ഷമമല്ലാതിരുന്നതാണ് പനിയും ഡെങ്കിയും വ്യാപിക്കാന്‍ കാരണം. ഏപ്രില്‍-മെയ് മാസങ്ങളില്‍ പൂര്‍ത്തിയാക്കേണ്ട മഴക്കാലപൂര്‍വ ശുചീകരണം ഇനിയും പൂര്‍ണതോതില്‍ നടപ്പാക്കാന്‍ കഴിഞ്ഞിട്ടില്ല. വിവിധ വകുപ്പുകളുടെ ഏകോപനമില്ലാത്തതാണ് പ്രധാന പ്രശ്‌നം. രണ്ടുമാസത്തോളം നീണ്ട തിരഞ്ഞെടുപ്പ് പ്രചാരണംകൂടി ഉണ്ടായിരുന്നതിനാല്‍ ഇക്കുറി മഴക്കാലപൂര്‍വ ശുചീകരണം ആരോഗ്യവകുപ്പ് അധികൃതര്‍ പോലും വേണ്ടത്ര ഗൗനിച്ചിരുന്നില്ല.
പുതിയ സര്‍ക്കാര്‍ അധികാരമേറ്റ ശേഷമാണ് ശുചീകരണ പ്രഖ്യാപനം ഉണ്ടായത്. കെട്ടിക്കിടക്കുന്ന വെള്ളം കൊതുക് ക്രമാതീതമായി പെരുകാന്‍ ഇടയാക്കിയിട്ടുണ്ട്. മിക്കയിടത്തും മാലിന്യപ്രശ്‌നം രൂക്ഷമാണ്. ഒഴുക്ക് കുറഞ്ഞ ഓടകളും മാലിന്യം കൂടിക്കിടക്കുന്ന കവലകളും ഓരോ തദ്ദേശസ്ഥാപനത്തിനും തലവേദനയായി തീര്‍ന്നിട്ടുണ്ട്. വിവിധ കോളനികള്‍, വീടുകള്‍, ഹോട്ടലുകള്‍, ലോഡ്ജുകള്‍ എന്നിവിടങ്ങളിലെ കക്കൂസ് മാലിന്യം അടക്കമുള്ളവ വിവിധ ഓടകളിലേക്കാണ് തള്ളിവിടുന്നത്. മലയോര പഞ്ചായത്തുകളില്‍ പലയിടത്തും സര്‍ക്കാര്‍ ആശുപത്രികളില്‍ വേണ്ടത്ര ചികില്‍സാ സൗകര്യങ്ങളില്ലാത്തത് പ്രശ്‌നം സങ്കീര്‍ണമാക്കുന്നു. ഇവിടങ്ങളിലെ മിക്ക പഞ്ചായത്തുകളിലും ഡെങ്കിപ്പനി റിപോര്‍ട്ട് ചെയ്തിട്ടുണ്ട്.
പടിയൂര്‍, ഇരിക്കൂര്‍, മലപ്പട്ടം, ശ്രീകണ്ഠപുരം, ഏരുവേശി, പയ്യാവൂര്‍, ചെങ്ങളായി, ഉളിക്കല്‍ മേഖലകളില്‍ അധികഭാഗവും റബര്‍, കൊക്കോ കൃഷിയാണു നടത്തുന്നത്. റബര്‍തോട്ടങ്ങളിലെ ചിരട്ടകളും കൊക്കോയുടെ കേടുവന്ന തോടുകളും മുതല്‍ വെള്ളം കെട്ടിക്കിടക്കുന്ന ചെറു കുഴികളില്‍ വരെ കൊതുകുക ള്‍ പെരുകുന്നു. ഇതു തടയുന്നതിനുള്ള മാര്‍ഗനിര്‍ദേങ്ങള്‍ കര്‍ഷകര്‍ക്ക് ലഭിച്ചിട്ടില്ല.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക