|    Aug 22 Wed, 2018 9:59 am
FLASH NEWS

ജില്ലയില്‍ നിര്‍മാണമേഖല പ്രതിസന്ധിയിലേക്ക്

Published : 4th January 2018 | Posted By: kasim kzm

മാനന്തവാടി: ജില്ലയില്‍ കരിങ്കല്‍ ഉല്‍പന്നങ്ങളുടെ ലഭ്യതക്കുറവ് രൂക്ഷമാവുകയും താമരശ്ശേരി ചുരം വഴി ടിപ്പറുകള്‍ക്കുള്‍പ്പെടെ നിയന്ത്രണമേര്‍പ്പെടുത്തുകയും ചെയ്തതോടെ നിര്‍മാണ മേഖല വന്‍ പ്രതിസന്ധിയിലേക്ക്. സാധാരണക്കാരെയാണ് പ്രതിസന്ധി ഏറെ ബാധിച്ചിരിക്കുന്നത്.
നിലവിലുള്ള കരിങ്കല്‍ ക്വാറികളില്‍ ഉല്‍പന്നങ്ങള്‍ക്കു യാതൊരു മാനദണ്ഡവുമില്ലാതെ വില കുത്തനെ വര്‍ധിപ്പിച്ചിരിക്കുകയാണ്. ഇതോടെ ആദിവാസി വീടുകള്‍ കാരറെടുത്ത പട്ടികവര്‍ഗ സൊസൈറ്റികളുള്‍പ്പെടെ നിര്‍മാണം നിര്‍ത്തിവച്ചു. മാസങ്ങള്‍ക്കു മുമ്പ് 2,400 രൂപയ്ക്ക് ക്വാറികളില്‍ നിന്നു ലഭിച്ചിരുന്ന ബോളറിന് ആറു മാസത്തിനിടെ വര്‍ധിപ്പിച്ചത് 850 രൂപയാണ്. നിലവില്‍ വെള്ളമുണ്ട പഞ്ചായത്തിലുള്ള രണ്ടു ക്വാറികളില്‍ നിന്നു ബില്ല് സഹിതം 3,250 രൂപയ്ക്കും ബില്ല് ഇല്ലാതെ 3,000 രൂപയ്ക്കുമാണ് ബോളര്‍ നല്‍കിവരുന്നത്.
ഒരുദിവസം മുഴുവന്‍ കാത്തിരുന്നാല്‍ ഒരു ട്രിപ്പ് മാത്രമേ ഓടാന്‍ കഴിയൂവെന്ന കാരണം പറഞ്ഞ് 3,000 രൂപ വാടക വാങ്ങിയാണ് ടിപ്പറുടമകള്‍ 6,000 രൂപയ്ക്ക് കല്ല് നല്‍കിവരുന്നത്. അര ഇഞ്ച് മെറ്റലിന് മുക്കം ഭാഗങ്ങളില്‍ അടിക്ക് 24 രൂപ ഈടാക്കുമ്പോള്‍ പന്തിപ്പൊയിലില്‍ 38ഉം കോറോത്ത് 41ഉം രൂപയാണ് വില.
മുക്കം ഭാഗങ്ങളില്‍ നിന്നു മൊത്തമായി ഇറക്കിവച്ച് ചില്ലറ വില്‍പന നടത്തുന്ന കേന്ദ്രങ്ങളിലും അടിക്ക് 50 രൂപയോളം വില ഈടാക്കുന്നുണ്ട്. 50 രൂപയ്ക്ക് കോഴിക്കോട് ജില്ലയില്‍ ലഭിക്കുന്ന എം സാന്റിന് 70 രൂപ പ്രകാരമാണ് ജില്ലയില്‍ വില്‍പന നടത്തുന്നത്. യാതൊരു നിയന്ത്രണങ്ങളും വിലയുടെ കാര്യത്തില്‍ കൊണ്ടുവരാന്‍ ജില്ലാ ഭരണകൂടത്തിനു കഴിയുന്നില്ല.
വന്‍കിട നിര്‍മാതാക്കള്‍ റിസോര്‍ട്ടുകളും വാണിജ്യ സമുച്ചയങ്ങളും വ്യാപാര സ്ഥാപനങ്ങളും പണിതുയര്‍ത്താന്‍ കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ നിന്നും കുറഞ്ഞ വിലയ്ക്ക് ഉയര്‍ന്ന അളവില്‍ കരിങ്കല്‍ ഉല്‍പന്നങ്ങള്‍ നേരിട്ടിറക്കുമ്പോള്‍ ജിഎസ്ടിയുടെയും ചുരം റോഡ് ഗതാഗത തടസ്സത്തിന്റെയും പേരുപറഞ്ഞ് സാധരണക്കാരൈ ക്വാറി ഉടമകളും വാഹന ഉടമകളും ചൂഷണം ചെയ്യുകയാണ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss