|    Dec 12 Wed, 2018 5:13 pm
FLASH NEWS

ജില്ലയില്‍ നിപാ വൈറസ് ബാധയില്ലെന്ന് ആരോഗ്യവകുപ്പ്

Published : 23rd May 2018 | Posted By: kasim kzm

കല്‍പ്പറ്റ:  ജില്ലയില്‍ ഇതുവരെ നിപാ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടില്ലെന്ന് ആരോഗ്യവകുപ്പ്. നിപാ വൈറസ് രോഗബാധ ലക്ഷണങ്ങളുള്ള ഒരുവയസ്സുകാരി കോഴിക്കോട് മിംസ് ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ ചികില്‍സയിലാണ്. കുട്ടിയുടെ രക്തസാംപിള്‍ മണിപ്പാല്‍ വൈറോളജി ലാബിലേക്ക് അയച്ചിരിക്കുകയാണ്. ഫലം പുറത്തുവന്നാല്‍ മാത്രമേ യഥാര്‍ഥ കാരണം വ്യക്തമാവുകയുള്ളൂ.
ജില്ലയില്‍ മറ്റൊരിടത്തും രോഗലക്ഷണങ്ങളോടെ ആരുംതന്നെ ചികില്‍സ തേടിയിട്ടില്ലെന്നും ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ടവര്‍ വ്യക്തമാക്കി. കോട്ടത്തറ പ്രാഥമികാരോഗ്യ കേന്ദ്ര പരിധിയിലുള്ള ഒരുവയസ്സുകാരിയാണ് ചികില്‍സയില്‍ കഴിയുന്നത്. പരിശോധനാ ഫലം ഇന്നു പുറത്തുവരും. ഇതിനിടെ, പടിഞ്ഞാറത്തറയിലെ കുട്ടിക്ക് രോഗബാധയാണെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ അടിസ്ഥാനരഹിതമായ സന്ദേശങ്ങള്‍ പ്രചരിച്ചിരുന്നു.
ഇത്തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ നിപാ വൈറസിനെ സംബന്ധിച്ച് വ്യാജ പ്രചാരണം നടത്തുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്നു ജില്ലാ കലക്ടര്‍ എസ് സുഹാസ് അറിയിച്ചു. കലക്ടറേറ്റില്‍ ചേര്‍ന്ന ഇന്റന്‍സിഫൈഡ് ഡയേറിയ കണ്‍ട്രോള്‍ ഫോര്‍ട്ട്‌നൈറ്റ് ഇന്റര്‍സെക്ടറല്‍ മീറ്റിങില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.
ശുചിത്വം പാലിക്കുകയാണ് വൈറസിനെ പ്രതിരോധിക്കാന്‍ ഏറ്റവും നല്ല മാര്‍ഗം. അതിന് ആരോഗ്യവകുപ്പ് വ്യാപക ബോധവല്‍ക്കരണ പ്രവര്‍ത്തനം നടത്തണം. മൃഗസംരക്ഷണ വകുപ്പുമായി സഹകരിച്ച് ജില്ലയിലെ ഫാമുകളില്‍ പരിശോധന നടത്തണമെന്നും കലക്ടര്‍ നിര്‍ദേശിച്ചു. ജില്ലയില്‍ സ്ഥിതിഗതികള്‍ നേരിടുന്നതിന് റാപിഡ് റെസ്‌പോണ്‍സ് സംഘത്തെ നിയോഗിച്ചതായി ജില്ല മെഡിക്കല്‍ ഓഫിസര്‍ നൂന മര്‍ജ യോഗത്തില്‍ അറിയിച്ചു. റീപ്രൊഡക്ടീവ് ചൈല്‍ഡ് ഹെല്‍ത്ത്, നാഷനല്‍ റൂറല്‍ ഹെല്‍ത്ത് മിഷന്‍, രോഗപ്രതിരോധ പ്രവര്‍ത്തനം, നാഷനല്‍ അര്‍ബന്‍ ഹെല്‍ത്ത് മിഷന്‍ എന്നിവയ്ക്ക് അനുവദിച്ചതില്‍ 94 ശതമാനവും (14 കോടി) ചെലവഴിച്ചു കഴിഞ്ഞു. നവജാത ശിശുക്കളുടെയും അമ്മമാരുടെയും ശുശ്രൂഷയ്ക്കുള്ള ജനനി ശിശു സുരക്ഷ കാര്യക്രം പദ്ധതിയുടെ ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ക്ക് 1.39 കോടി കൈമാറി. പ്രസവാനന്തര ശുശ്രൂഷയ്ക്കായി ഗ്രാമപ്രദേശങ്ങളില്‍ 700 രൂപയും നഗരപ്രദേശങ്ങളില്‍ 600 രൂപയും വീടുകളിലെ പ്രസവത്തിന് 500 രൂപയും ധനസഹായം നല്‍കി.
ഈ വിഭാഗത്തില്‍ 13.5 ലക്ഷം രൂപ വിതരണം ചെയ്തു. 107 ജീവനക്കാരുടെ പരിശീലനത്തിന് 1,30,926 ചെലവഴിച്ചു. ആശുപത്രികളുടെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്കായി ബജറ്റില്‍ വകയിരുത്തിയ 1.21 കോടി രൂപയും അനുവദിച്ചു. സാന്ത്വന ചികില്‍സയ്ക്ക് 14,56,031 രൂപയും ആരോഗ്യബോധവല്‍ക്കരണ പ്രവര്‍ത്തനത്തിന് 9.38 ലക്ഷവും രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് 9.11 ലക്ഷവും മാര്‍ച്ച് വരെ ദേശീയ ആരോഗ്യമിഷന്‍ ചെലവഴിച്ചതായും ഡിഎംഒ അറിയിച്ചു.
ആര്‍സിഎച്ച് ഓഫിസര്‍ ഡോ. പി ദിനേശ്, കല്‍പ്പറ്റ ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ. അശ്വതി മാധവന്‍, ജില്ലാ പ്ലാനിങ് ഓഫിസര്‍ ഏലിയാമ്മാ നൈനാന്‍ സംബന്ധിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss