|    May 26 Fri, 2017 6:46 pm
FLASH NEWS

ജില്ലയില്‍ നിന്നു പ്രതീക്ഷിക്കുന്നത് നൂറു ശതമാനം വിജയം: മുഖ്യമന്ത്രി

Published : 6th March 2016 | Posted By: SMR

പത്തനംതിട്ട: നിയമസഭാ തിരഞ്ഞെടുപ്പില്‍ ജില്ലയില്‍ നിന്നു പ്രതീക്ഷിക്കുന്നത് നൂറു ശതമാനം വിജയമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ജില്ലയിലെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കമിട്ടുകൊണ്ട് നടത്തിയ യുഡിഎഫ് പ്രവര്‍ത്തകയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തിരഞ്ഞെടുപ്പില്‍ വിശ്രമരഹിതമായ പ്രവര്‍ത്തനം നടത്തിയെങ്കില്‍ മാത്രമേ വന്‍ വിജയം നേടാന്‍ കഴിയൂവെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു.
കേരളം വിചാരിച്ചാല്‍ ഏതു വികസന പദ്ധതികളുമേറ്റെടുക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസമുണ്ടാക്കിയതാണ് തന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ വലിയ നേട്ടം. കൊച്ചി മെട്രോ, സ്മാര്‍ട്ട് സിറ്റി, കണ്ണൂര്‍ വിമാനത്താവളം, വിഴിഞ്ഞം തുറമുഖം, തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ തുടങ്ങിയ പദ്ധതികള്‍ ഇതിനുദാഹരണങ്ങളാണ്. 25 വര്‍ഷമായി ഇട്ടിഴിച്ച വിഴിഞ്ഞം പദ്ധതി ആയിരം ദിവസം കൊണ്ടു പൂര്‍ത്തിയാവാന്‍ പോവുന്നു.
കേരളം ദീര്‍ഘകാലമായി കാത്തിരുന്ന പദ്ധതികള്‍ സര്‍ക്കാര്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കി. വികസന പദ്ധതികളെയെല്ലാം തകര്‍ക്കാനാണ് പ്രതിപക്ഷം ശ്രമിച്ചത്. ഒന്നും നടത്തിക്കാതിരിക്കുകയെന്നതായിരുന്നു അവരുടെ നിലപാട്. അതിനു വേണ്ടിയാണ് തൊട്ടതിനും പിടിച്ചതിനുമെല്ലാം അഴിമതി ആരോപിച്ചത്. വിഴിഞ്ഞം പദ്ധതിയില്‍ ആറായിരം കോടിയുടെ അഴിമതിയാണ് ഉന്നയിച്ചത്. 7500 കോടിയുടെ പദ്ധതിയില്‍ 85 ശതമാനവും അഴിമതിയാണെന്നു പറഞ്ഞാല്‍ ആരെങ്കിലും വിശ്വസിക്കുമോ. സര്‍ക്കാര്‍ പിന്‍മാറുമെന്നു കരുതിയാണ് വലിയ തുകയുടെ അഴിമതി ആരോപണങ്ങള്‍ ഉന്നയിച്ചത്. സുതാര്യമായും ചര്‍ച്ചകള്‍ നടത്തിയുമാണ് തീരുമാനങ്ങളുമെടുത്തത്. തെറ്റുകള്‍ തിരുത്താനും തയ്യാറായിരുന്നു.
പക്ഷെ, തങ്ങള്‍ ഒന്നും നടത്തിക്കത്തില്ല എന്നു പ്രതിപക്ഷം വാശിപിടിച്ചപ്പോള്‍ നടത്തിയിരിക്കും എന്ന നിലപാടിലായിരുന്നു സര്‍ക്കാര്‍. വിഴിഞ്ഞം അഴിമതിയെന്നു പറഞ്ഞു സമരം നടത്തിയ പിണറായി അധികാരത്തിലെത്തിയാല്‍ പദ്ധതി മുന്നോട്ടു കൊണ്ടുപോവുമെന്നാണ് പറയുന്നത്.
അഞ്ചുകൊല്ലം മുമ്പ് രണ്ട് എംഎല്‍എമാരുടെ പിന്തുണയോടെ ഭരണം തുടങ്ങിയപ്പോള്‍ കാലാവധി തികയ്ക്കുമോ എന്നായിരുന്നു ചര്‍ച്ച. അഞ്ചു കൊല്ലം കഴിഞ്ഞപ്പോള്‍ ഭരണത്തുടര്‍ച്ച ഉണ്ടാവുമോ ഇല്ലയോ എന്നാണ് ചര്‍ച്ച. തീരുമാനങ്ങളെടുക്കുന്നതില്‍ ചെറിയ ഭൂരിപക്ഷം സര്‍ക്കാരിന് പ്രശ്‌നമേ ആയിരുന്നില്ല. വികസനവും കരുതലുമെന്നതായിരുന്നു ജനങ്ങള്‍ക്കു നല്‍കിയ വാഗ്ദാനം. അക്ഷരാര്‍ഥത്തില്‍ നടപ്പാക്കാനായി. കേരളം ഇന്നുവരെ കണ്ടിട്ടില്ലാത്ത വികസനമാണ് അഞ്ചുവര്‍ഷം കൊണ്ടുണ്ടായതെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. സാമൂഹിക നീതി എല്ലാ വിഭാഗങ്ങള്‍ക്കും ലഭ്യമാക്കി.
അഞ്ചു വര്‍ഷം കൊണ്ട് 245 പാലങ്ങള്‍ പണിതു. നൂനപക്ഷ വിഭാഗങ്ങള്‍ക്കു കോളജുകള്‍ അനുവദിച്ചു. മാനസിക വൈകല്ല്യമുള്ളവര്‍ക്കായി പ്രവര്‍ത്തിക്കുന്ന 33സ്‌കൂളുകള്‍ എയ്ഡഡ് ആക്കി. സമാനതകളില്ലാത്ത നേട്ടങ്ങളുണ്ടാക്കുകയും സമാനതകളില്ലാത്ത ആക്ഷേപം കേള്‍ക്കുകയും ചെയ്ത സര്‍ക്കാരാണിത്. അക്രമ രാഷ്ട്രീയവും നിഷേധ നിലപാടുമാണ് ഇടതുപക്ഷത്തിന്റേത്.
നിയമസഭയില്‍ അഴിമതിയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ സന്നദ്ധമായപ്പോള്‍ ബഹളമുണ്ടാക്കി ഒളിച്ചോടുകയാണ് ചെയ്തത്. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യേണ്ട നിയമസഭ നടത്തിക്കൊണ്ടുപോവാന്‍ അവര്‍ അനുവദിച്ചില്ല. ജനങ്ങളില്‍ വിദ്വേഷമുണ്ടാക്കിയാണ് ബിജെപി പ്രവര്‍ത്തിക്കുന്നത്. പ്രധാനമന്ത്രിയുടെ വാക്കും പ്രവര്‍ത്തിയും രണ്ടാണ്. വിദേശത്തുള്ള കള്ളപ്പണം കൊണ്ടുവരുമെന്ന് പറഞ്ഞിട്ട് ഒരു രൂപ പോലും കൊണ്ടുവന്നില്ല.
എല്ലാവരും ബാങ്ക് അക്കൗണ്ട് തുടങ്ങണമെന്നു പറഞ്ഞപ്പോള്‍ പിടിച്ചെടുക്കുന്ന കള്ളപ്പണം ഒരോരുത്തരുടെയും അക്കൗണ്ടില്‍ നിക്ഷേപിക്കുമെന്നാണ് കരുതിയത്. അക്കൗണ്ടുകളെല്ലാം വെറുതേയായെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ വിക്ടര്‍ ടി തോമസ് അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ പന്തളം സുധാകരന്‍, ഡിസിസി പ്രസിഡന്റ് പി മോഹന്‍രാജ്, ജനതാദള്‍ ജനറല്‍ സെക്രട്ടറി ഡോ. വര്‍ഗീസ് ജോര്‍ജ്, ആന്റോ ആന്റണി എംപി, മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് കെ ഇ അബ്ദുര്‍റഹ്മാന്‍ സംസാരിച്ചു.
മന്ത്രി അടൂര്‍ പ്രകാശ്, കെ ശിവദാസന്‍നായര്‍ എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാ ദേവി, വൈസ് പ്രസിഡന്റ് ജോര്‍ജ് മാമ്മന്‍ കൊണ്ടൂര്‍, നഗരസഭാ അധ്യക്ഷ രജനി പ്രദീപ്, കേരളകോണ്‍ഗ്രസ് എം സംസ്ഥാന ജനറല്‍ സെക്രട്ടറി ജോസഫ് എം പുതുശേരി, നേതാക്കളായ മാലേത്തു സരളാദേവി, പഴകുളം മധു, തോപ്പില്‍ ഗോപകുമാര്‍, ബാബു ജോര്‍ജ്, ഹരിദാസ് ഇടത്തിട്ട, തൈക്കൂട്ടത്തില്‍ സക്കീര്‍, ജോയ് എണ്ണക്കാട് പങ്കെടുത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day