|    Apr 23 Mon, 2018 8:58 pm
FLASH NEWS

ജില്ലയില്‍ നാലു പാലങ്ങള്‍ക്കും ഏഴ് റോഡുകള്‍ക്കും അനുമതി

Published : 9th July 2016 | Posted By: SMR

പത്തനംതിട്ട: കാര്‍ഷിക മേഖലയിലും പശ്ചാത്തല വികസന മേഖലയിലും ജില്ലയ്ക്ക് പുതിയ പ്രതീക്ഷകള്‍ നല്‍കി, എല്‍ഡിഎഫ് സര്‍ക്കാരിന്റെ ആദ്യബജറ്റ്. മാന്ദ്യവിരുദ്ധ പാക്കേജില്‍ ഉള്‍പ്പെടുത്തി ജില്ലയില്‍ നാല് പാലങ്ങള്‍ക്കും ഒരു ബൈപ്പാസിനും 7 റോഡുകള്‍ക്കും അനുമതി നല്‍കുന്ന ബജറ്റില്‍ ജില്ലയില്‍ റബര്‍ അധിഷ്ഠിത വ്യവസായ പാര്‍ക്ക് സ്ഥാപിക്കുമെന്ന പഴയ പ്രഖ്യാപനം ആവര്‍ത്തിച്ചു. പ്രഖ്യാപിച്ച മെഡിക്കല്‍ കോളജുകള്‍ വേണ്ടെന്ന് വയ്ക്കില്ലെന്ന് പറയുന്നുണ്ടെങ്കിലും, ആധ്യാപക ലഭ്യതയും സാമ്പത്തിക നിലയും കണക്കിലെടുത്ത് ഘട്ടം ഘട്ടമായി മാത്രമേ നടപ്പാക്കൂ എന്ന പരാമര്‍ശം പണി പൂര്‍ത്തിയാവുന്ന കോന്നി മെഡിക്കല്‍ കോളജിന്റെ പ്രവര്‍ത്തനം സംബന്ധിച്ച ആശങ്കകള്‍ ബാക്കിയാക്കുന്നു.
ജില്ലാ ആസ്ഥാനത്ത് ചട്ടമ്പിസ്വാമികളുടെ പേരില്‍ സാംസ്‌കാരിക സമുച്ചയം(40 കോടി), പത്തനംതിട്ടയില്‍ ബ്ലസണ്‍ ജോര്‍ജ് മള്‍ട്ടി പര്‍പസ് ഇന്‍ഡോര്‍ സ്‌റ്റേഡിയം, പത്തനംതിട്ടയിലും അടൂരിലും റാന്നിയിലും കോടതി സമുച്ചയങ്ങള്‍, പന്തളത്തും തിരുവല്ലയിലും റവന്യൂ ടവര്‍ എന്നിവയാണ് മറ്റ് പ്രധാന പ്രഖ്യാപനങ്ങള്‍. 37 കോടി രൂപയുടെ 17 ബൈപ്പാസുകള്‍ പ്രഖ്യാപിച്ചപ്പോള്‍ ജില്ലയില്‍ നിന്ന് പന്തളം ബൈപ്പാസ് ഇടംപിടിച്ചു.
15 കോടി രൂപയാണ് ഇതിനായി മാറ്റിവച്ചിരിക്കുന്നത്. അതേസമം, ജില്ല ഏറെ പ്രതീക്ഷ പുലര്‍ത്തിയ പുനലൂര്‍-മൂവാറ്റുപുഴ റോഡ് വികസനം സംബന്ധിച്ച് ബജറ്റ് യാതൊന്നും പറയുന്നില്ല. റോഡുകള്‍ ബിഎം ആന്റ് ബിസി നിലവാരത്തിലാക്കാനും തുക നീക്കിവച്ചിട്ടുണ്ട്. അടൂര്‍ മുന്‍സിപ്പല്‍ സ്റ്റേഡിയത്തിന്റെ വികസനത്തിന് 10 കോടി മാറ്റിവച്ചപ്പോള്‍, ജില്ലാ സ്‌റ്റേഡിയത്തിന്റെ കാര്യത്തില്‍ ബജറ്റ് മൗനംപാലിക്കുകയാണ്.
സമഗ്രകുടിവെള്ള പദ്ധതിയില്‍ തിരുവല്ല-ചങ്ങനാശ്ശേരി പദ്ധതി ഇടംനേടി. നെല്‍കൃഷിക്ക് സബ്‌സിഡി നല്‍കാനും നെല്ല് സംഭരണത്തിന് 385 കോടി രൂപ മാറ്റിവച്ചതും അപ്പര്‍ കുട്ടനാട് മേഖലയ്ക്ക് പ്രതീക്ഷയേകുമ്പോള്‍, റബ്ബറിന് കിലോഗ്രാമിന് 150 രൂപ ഉറപ്പുവരുത്തുമെന്ന പ്രഖ്യാപനം മലയോരമേഖലയ്ക്ക് ആശ്വാസമേകുന്നതാണ്. ടൂറിസം, സാംസ്‌കാരിക മേഖലകളിലെ പ്രഖ്യാപനങ്ങളിലും ജില്ലയ്ക്ക് പരിഗണന ലഭിച്ചു. പ്രത്യേക നിക്ഷേപ പദ്ധതിയില്‍ ഉള്‍പ്പെടുത്തി വികസിപ്പിക്കുന്ന പത്ത് പൈതൃക കേന്ദ്രങ്ങളില്‍ ഒന്ന് ആറന്മുളയാണ്. ഇലവുംതിട്ട മൂലൂര്‍ സ്മാരകത്തിന് 25 ലക്ഷം രൂപ അനുവദിച്ചപ്പോള്‍, പടയണി കലാകാരന്‍മാരുടെ പെന്‍ഷന്‍ 1500 രൂപയായി ഉയര്‍ത്തി. കടമ്മനിട്ടയിലെയും കിടങ്ങന്നൂരിലെയും ഓതറയിലെയും കലാകാരന്‍മാര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.
സംസ്ഥാനത്തിന്റെ റെയില്‍വേ വികസനത്തില്‍ ശബരി റെയില്‍പാതയ്ക്ക് മുന്‍ഗണന നല്‍കുമെന്നാണ് ബജറ്റ് പ്രഖ്യാപനം. ഇതിനു പുറമേ, ശബരിമല മാസ്റ്റര്‍പ്ലാന്‍ നടപ്പാക്കാന്‍ പ്രത്യേക നിക്ഷേപപദ്ധതിയില്‍പ്പെടുത്തി 150 കോടി രൂപ നീക്കിവച്ചു. സീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ്- 20 കോടി, ക്യൂകോംപ്ലക്‌സ്- 20 കോടി, ത്രിവേണിപാലം- 5 കോടി, നിലയ്ക്കല്‍ പാര്‍ക്ക്- 5 കോടി, ഇടത്താവളങ്ങളുടെ വികസനത്തിന് 100 കോടി എന്നിങ്ങനെയാണ് തുക വകയിരുത്തിയിരിക്കുന്നത്. ജില്ലാ, ജനറല്‍, താലൂക്ക് ആശുപത്രികളുടെ നവീകരണത്തിന് പ്രത്യേക ഊന്നല്‍ നല്‍കുമെന്ന പ്രഖ്യാപനം ജില്ലയിലെ ആരോഗ്യമേഖലയ്ക്ക് ഉണര്‍വ് നല്‍കും.
പുതിയ കെട്ടിടം, ലാന്റ് സ്‌കേപിങ്, മേജര്‍ ആശുപത്രി ഉപകരണങ്ങള്‍ എന്നിവയാണ് പദ്ധതിയില്‍ ഉള്‍പ്പെടുന്നത്. ഇതിനു പുറമേ, ജനറല്‍ ആശുപത്രികളില്‍ കാത്ത് ലാബും താലൂക്ക് ആശുപത്രികളില്‍ ഡയാലിസിസ് യൂണിറ്റുകളും ആരംഭിക്കുമെന്ന് ബജറ്റില്‍ പറയുന്നു. ഒരു മണ്ഡലത്തില്‍ ഒരു സര്‍ക്കാര്‍ സ്‌കൂളിനെ രാജ്യാന്തര നിലവാരത്തിലേക്ക് ഉയര്‍ത്തുമെന്ന പ്രഖ്യാപനത്തിന്റെ ആനുകൂല്യവും ജില്ലയ്ക്ക് ലഭിക്കും. പത്തനംതിട്ട കെവികെയുമായി സഹകരിച്ച് ചക്കയുടെ സംസ്‌കരണത്തിനും മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാണത്തിനും തുക നീക്കി വച്ചിട്ടുണ്ട്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss