|    Mar 30 Thu, 2017 6:34 am
FLASH NEWS

ജില്ലയില്‍ നായപിടിക്കാന്‍ സന്നദ്ധരായി വനിതകളും

Published : 2nd October 2016 | Posted By: SMR

തിരുവനന്തപുരം: ജില്ലാപഞ്ചായത്തിന്റെ നായപിടിത്ത പദ്ധതിക്ക് സന്നദ്ധമായി വനിതകളും രംഗത്ത്. അനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍ (എബിസി) പദ്ധതി അനുസരിച്ചുള്ള നായ പിടിത്തത്തിനാണ് സ്ത്രീകളെയും പരിഗണിക്കുന്നത്. നായപിടിത്തത്തിന് ട്രെയിനര്‍മാരെ നിയമിക്കാന്‍ ഇന്നലെ ജില്ലാ പഞ്ചായത്തില്‍ നടന്ന ആദ്യഘട്ട ഇന്റര്‍വ്യൂവിലാണ് സ്ത്രീകളും സന്നദ്ധരായെത്തിയത്.
എന്നാല്‍ ഇപ്പോള്‍ സ്ത്രീകളെ പരിഗണിക്കേണ്ടെന്നാണ് അധികൃതര്‍ തീരുമാനമെടുത്തത്. അതേസമയം രണ്ടാംഘട്ടം ഇവര്‍ക്കും പരിഗണന നല്‍കാനാണ് തീരുമാനമെന്ന് ജില്ലാ പഞ്ചായത്ത് സെക്രട്ടറി ചന്ദ്രശേഖരന്‍ പറഞ്ഞു. ഇന്നലെ നടന്ന ഇന്റര്‍വ്യൂവില്‍ 18 പേരെയാണ് നായപിടിത്തത്തിന് തിരഞ്ഞെടുത്തത്. എസ്എസ്എല്‍സി പാസാകാത്തവര്‍ തിരഞ്ഞെടുക്കപ്പെട്ടവില്‍ ആരുമില്ല. പന്ത്രണ്ടാം കഌസുവരെ വിദ്യാഭ്യാസ യോഗ്യതയുള്ളവരാണ് മിക്കവരും. 50 വയസാണ് പ്രായപരിധി നിശ്ചയിച്ചിരുന്നത്. ഇന്റര്‍വ്യൂവിന് എത്തിയവരില്‍ മിക്കവരും 30നും 40നുമിടയില്‍ പ്രായമുള്ളവരാണ്. രണ്ട് വനിതകള്‍ ഉള്‍പ്പെടെ അറുപതോളം പേരാണ് നായപിടുത്തത്തിന് ട്രെയിനര്‍മാരാകാനുള്ള ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാനെത്തിയത്. ആറ് മാസ്റ്റര്‍ ട്രെയിനര്‍മാരാണ് ജില്ലാ പഞ്ചായത്തിന് കീഴില്‍ നിലവിലുള്ളത്.
ഇവര്‍ ഓരോരുത്തരും പുതുതായി തിരഞ്ഞെടുത്ത 18 പേരില്‍ മൂന്നുപേര്‍ക്ക് വീതം പരിശീലനം നല്‍കും. എബിസിക്കുവേണ്ടി നായ പടിച്ചുകൊണ്ടാണ് പരിശീലനം നല്‍കുക. ഈ കാലയളവില്‍ ദിവസം 600 രൂപയാണ് നല്‍കുക. മാസ്റ്റര്‍ ട്രെയിനര്‍മാര്‍ക്ക് 750 രൂപയും നല്‍കും. രണ്ടുമാസമാണ് പരിശീലനം. രണ്ടാംഘട്ടത്തില്‍ പ്രവേശനം നേടുന്നവര്‍ക്ക് ആദ്യഘട്ട പ്രവേശനം നേടിയവര്‍ ഉള്‍പ്പെടെയുള്ളവര്‍ പരിശീനം നല്‍കും. അതിലായിരിക്കും രണ്ട് സ്ത്രീകളെയും പരിഗണിക്കുക. കായികക്ഷമത പരിഗണിച്ചാണ് ആദ്യഘട്ടത്തില്‍നിന്ന് സ്ത്രീകളെ ഒഴിവാക്കിയത്. ജില്ലയിലെ 73 പഞ്ചായത്തുകളിലാണ് എബിസി പദ്ധതി നടപ്പാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.
പേട്ടയിലെ മൃഗാശുപത്രി കൂടാതെ പിഎംജി ജില്ലാ വെറ്ററിനറി സെന്റര്‍, നെയ്യാറ്റിന്‍കര മൃഗാശുപത്രി, പാറശാല, നെടുമങ്ങാട്, ആറ്റിങ്ങല്‍ പോളി ക്ലിനിക്കുകള്‍, വര്‍ക്കല ചെമ്മരുതി മൃഗാശുപത്രി എന്നിവിടങ്ങളിലാണ് നായകളുടെ വന്ധ്യംകരണം നടത്തുക. ഇവിടങ്ങളില്‍ ആവശ്യത്തിന് ഡോക്ടര്‍മാരെ നിയോഗിച്ചിട്ടുണ്ട്.
ശസ്ത്രക്രിയ നടത്തുന്ന നായകളെ രണ്ടുദിവസം നിരീക്ഷിച്ചശേഷം പിടികൂടുന്ന സ്ഥലത്ത് തന്നെ കൊണ്ടുവിടുകയാണ് പദ്ധതി. നായപിടിത്തത്തിനായി രണ്ട് വാഹനങ്ങളാണ് ജില്ലാ പഞ്ചായത്തില്‍ ഇപ്പോഴുള്ളത്. ആവശ്യത്തിനനുസരിച്ച് കൂടുതല്‍ വാഹനങ്ങള്‍ അനുവദിക്കുമെന്നും സെക്രട്ടറി വ്യക്തമാക്കി.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day