|    Oct 24 Wed, 2018 11:13 am
FLASH NEWS

ജില്ലയില്‍ നബിദിനം വിപുലമായി ആഘോഷിച്ചു

Published : 2nd December 2017 | Posted By: kasim kzm

കോട്ടയം: സമത്വത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശമുയര്‍ത്തി ജില്ലയില്‍ വിവിധ ജമാഅത്തുകളുടെ ആഭിമുഖ്യത്തില്‍ അന്ത്യപ്രവാചകനായ മുഹമ്മദ് നബിയുടെ ജന്‍മദിനം വിപുലമായി ആഘോഷിച്ചു.
താഴത്തങ്ങാടി, തിരുവാതുക്കല്‍, പനമ്പാലം ജമാഅത്തുകളുടെയും നീലിമംഗലം മുസ്‌ലിം ജമാഅത്ത്, ഇഹ്‌യാഉല്‍ ഇസ്‌ലാം മദ്‌റസ, മുണ്ടകം ദാറുസ്സലാം മദ്‌റസ, കുമാരനല്ലൂര്‍ ഇര്‍ഷാദുല്‍ മുസ്‌ലിമീന്‍ മദ്‌റസ, മടക്കുംമുകള്‍ ഹിദായത്തുല്‍ ഇസ്‌ലാം മദ്‌റസ തുടങ്ങിയവയുടെ നേതൃത്വത്തില്‍ സംയുക്ത നബിദിന റാലിയും നടത്തി.
ഈരാറ്റുപേട്ട: ദക്ഷിണ കേരള ലജ്‌നത്തുല്‍ മുഅല്ലിമീന്‍ ഈരാറ്റുപേട്ട മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മേഖലയിലെ 22 മദ്‌റസകളിലെ വിദ്യാഥികളെ പങ്കെടുപ്പിച്ച് നബിദിന റാലി നടത്തി. പിഎംസി ജങ്ഷനില്‍ നിന്നാരംഭിച്ച റാലി ചേന്നാട് കവല, സെന്‍ട്രല്‍ ജങ്ഷന്‍, കടുവാമൂഴി ചുറ്റി ഹയാത്തുദ്ദീന്‍ ഗ്രൗണ്ടില്‍ സമാപിച്ചു.
കെ എച്ച് ഇസ്മായില്‍ മൗലവി, നെയാസ് ഖാന്‍ നജ്മി, വി പി സുബൈര്‍ മൗലവി, ടി എം ഇബ്രാഹിം കുട്ടിമൗലവി, വി പി അബ്ദുല്‍ ഹമീദ് മൗലവി, ഹാഫിസ് ഇസ്മായില്‍ മൗലവി സംസാരിച്ചു. വൈകീട്ട് കടുവാമുഴിയില്‍നിന്നാരംഭിച്ച ബഹുജന നബിദിനറാലി ടൗണ്‍ ചുറ്റി സെന്‍ട്രല്‍ ജങ്ഷനില്‍ സമാപിച്ചു. തുടര്‍ന്ന് പൊതുസമ്മളനം അബൂ ഷമ്മാസ് അലി മൗലവി ഉദ്ഘാടനം ചെയ്തു. വി പി സുബൈര്‍ മൗലവി അധ്യക്ഷത വഹിച്ചു. കെ എച്ച് ഇസ്മായില്‍ മൗലവി, നിയാസ് ഖാന്‍ നജ്മി എന്നിവര്‍ സംസാരിച്ചു.
കാഞ്ഞിരപ്പള്ളി: നബിദിനത്തോടനുബന്ധിച്ച് കാഞ്ഞിരപ്പള്ളിയിലെ വിവിധ പള്ളികളും മദ്‌റസകളും കേന്ദ്രീകരിച്ച് ആഘോഷ പരിപാടികള്‍ നടന്നു. നബിദിന സന്ദേശജാഥകള്‍, കുട്ടികളുടെ വിവിധ കലാപരിപാടികള്‍, പ്രവാചകന്റെ അപദാനങ്ങള്‍ വാഴ്ത്തുന്ന ആലാപനം തുടങ്ങിയ പരിപാടികളാണ് പ്രധാനമായും സംഘടിപ്പിച്ചിരുന്നത്.
കാഞ്ഞിരപ്പള്ളി ദാറുല്‍ സലാം അറബിക് സ്‌കൂള്‍, ആനക്കല്ല് ജുമാ മസ്ജിദ്, പാറക്കടവ് മസ്ജിദ് മുബാറക്ക്, ഇടപ്പള്ളി നൂറല്‍ മസ്ജിദ്, പിച്ചകപ്പള്ളിമേട് ജുമാമസ്ജിദ് തുടങ്ങിയ ജമാഅത്തുകളുടെയും മദ്രസകളുടെയും ആഭിമുഖ്യത്തില്‍ നബിദിന ഘോഷയാത്രയും നടത്തി. സ്‌നേഹത്തിന്റെയും ശാന്തിയുടെയും ദൂതനായി കടന്നുവന്ന മുഹമ്മദ് നബിയുടെ സന്ദേശങ്ങള്‍ ജീവിതത്തില്‍ പരമാവധി പകര്‍ത്താനുള്ള പ്രതിജ്ഞയെടുത്താണ് വിശ്വാസികള്‍ നബിദിനത്തെ എതിരേറ്റത്.
പട്ടിമറ്റം: പട്ടിമറ്റം അമാന്‍ മസ്ജിദിന്റെ നേതൃത്വത്തില്‍ അമാന്‍ നഗറില്‍ നബിദിന റാലി നടത്തി. നിരവധി വിദ്യാര്‍ഥികള്‍ റാലിയില്‍ അണിനിരന്നു. തുടര്‍ന്ന് വിദ്യാര്‍ഥികളുടെ കലാപരിപാടികള്‍ നടന്നു. വിജയികളായവര്‍ക്ക് സമ്മാനം വിതരണം ചെയ്തു.
പൂതക്കുഴി ജുമാ മസ്ജിദ് ഇമാം സാദിഖ് മൗലവി നബിദിന സന്ദേശം നല്‍കി.
മദ്‌റസാ അധ്യാപകന്‍ സുനീര്‍ മൗലവി അധ്യക്ഷത വഹിച്ചു. ഇമാം ഷെഫീഖ് മൗലവി, ജമാഅത്ത് പ്രസിഡന്റ് ഷാമോന്‍, സെക്രട്ടറി താജുദ്ദീന്‍, കമ്മിറ്റിയംഗങ്ങളായ നിയാസ്, റഊഫ്, നസീര്‍ഖാന്‍, കെ എ നിസാം നേതൃത്വം നല്‍കി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss