|    Oct 21 Sun, 2018 3:13 am
FLASH NEWS

ജില്ലയില്‍ നബിദിനം ആഘോഷിച്ചു

Published : 25th December 2015 | Posted By: SMR

കോട്ടയം: ജില്ലയിലെ വിവിധ മഹല്ലുകളില്‍ നബിദിനം ആഘോഷിച്ചു. കഴിഞ്ഞ ഒരാഴ്ചയായി പള്ളികളും മദ്‌റസകളും കേന്ദ്രീകരിച്ച് മതപ്രഭാഷണങ്ങളും മദ്‌റസ വിദ്യാര്‍ഥികളുടെ കലാപരിപാടികളും നടന്നുവരികയായിരുന്നു.
താഴത്തങ്ങാടി: മുസ്‌ലിം ജമാഅത്തിന്റെ നേതൃത്വത്തില്‍ നബിദിന സന്ദേശ റാലിയും അവാര്‍ഡ് ദാനവും നടത്തി. സന്ദേശറാലിയുടെ സമാപന യോഗം താഴത്തങ്ങാടി മുസ്‌ലിം ജമാഅത്ത് ചീഫ് ഇമാം അല്‍ഹാഫീസ് കെ എ സിറാജുദ്ദിന്‍ ഹസനി ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ അസി. ഇമാം സിദ്ദീഖുല്‍ അക്ബര്‍ ഖാസിമി ഇസ്മായില്‍ മൗലവി, പി പി താജൂദ്ദീന്‍ മുസ്‌ലിയാര്‍, പി എം അലിയാര്‍ മൗലവി, നിസാര്‍ മൗലവി, അബ്ദുല്‍ റഷീദ് മൗലവി, ജമാഅത്ത് പ്രസിഡന്റ് അഡ്വ. എം പി നവാബ്,സെക്രട്ടറി സി എം യൂസഫ്,കമ്മറ്റിയംഗങ്ങളായ എം ഐ ഈസാക്കുട്ടി,എം എച്ച് ഷുഹൈബ്, കെ എം നവാസ് തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് റാഞ്ചിയില്‍ നടന്ന ദേശിയ സ്‌കൂള്‍ മീറ്റില്‍ വെള്ളി മെഡല്‍ കരസ്ഥമാക്കിയ ജമാഅത്ത് അംഗമായ അഷ്‌കര്‍ ഹാരിസിനെ അനുമോദിച്ച് അവാര്‍ഡ് നല്‍കി. റാലിയില്‍ വിവിധ മദ്‌റസകളിലെ വിദ്യാര്‍ഥികളും രക്ഷിതാക്കളും പങ്കെടുത്തു.
കുമ്മനം: സംയുക്ത നബിദിനറാലിയും പൊതുസമ്മേളനവും കുമ്മനത്ത് നടത്തി. നബിദിനറാലി റഹ്മത്തുല്‍ ഇസ്‌ലാം അബൂരത്തില്‍ നിന്ന് ജബ്ബാര്‍ മൗലവിയുടെ പ്രാര്‍ഥനയോടെ ആരംഭിച്ചു. വിവിധ മദ്‌റസാ വിദ്യാര്‍ഥികളും പൂര്‍വവിദ്യാര്‍ഥികളും രക്ഷിതാക്കളും പങ്കെടുത്തു കുളപ്പുരകടവില്‍ സമാപിച്ചു. സമാപന സമ്മേളനത്തില്‍ ഇമാം അന്‍സാരി മൗലവി അധ്യക്ഷതവഹിച്ചു. കുമ്മനം മുസ്‌ലിം ജമാഅത്ത് ഇമാം അബ്ദുല്ല റഷീദ് മന്നാനി ഉദ്ഘാടനം നടത്തി. അബ്ദുല്‍ അസീസ് മൗലവി, ജബ്ബാര്‍ മൗലവി, ഇബ്രാഹിംമൗലവി, അസ്ഹര്‍ മൗലവി, കെ എം എ സലിം, അബ്ദുല്‍ഖാദര്‍, സലാം കുട്ടി സംസാരിച്ചു. മദ്‌റസാ വിദ്യാര്‍ഥികളുടെ കലാമല്‍സരങ്ങള്‍ നടത്തി. ഏറ്റവും അധികം പോയിന്റുനേടിയ മന്‍ബ ഉല്‍ഹസനാത്ത് മദ്‌റസ വിദ്യാര്‍ഥി മെഹര്‍സാറക്ക് എവര്‍റോളിങ് ട്രോഫി നല്‍കി.
ഈരാറ്റുപേട്ട: ഈരാറ്റുപേട്ടയി ല്‍ ദക്ഷിണ കേരള ലജ്‌നത്തുല്‍ മുഅല്ലിമീന്‍ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നബിദിനാഘോഷം വിപുലമായ പരിപാടികളോടെ നടത്തി. ഈരാറ്റുപേട്ട മേഖലയിലെ 40ല്‍പ്പരം മദ്‌റസകളിലെ വിദ്യാര്‍ഥികള്‍ പങ്കെടുത്ത വര്‍ണാഭമായ നബിദിന ഘോഷയാത്രയില്‍ ആയിരക്കണക്കിനു വിദ്യാര്‍ഥികള്‍ പങ്കെടുത്തു.
മേഖലാ പ്രസിഡന്റ് കെ എച്ച് ഇസ്മായില്‍ മൗലവി, സെക്രട്ടറി നയാസ്ഖാന്‍ നജ്മി, വി പി സുബൈര്‍ മൗലവി, ടി എം ഇബ്രാഹിം കുട്ടി മൗലവി, ഷിഹാബുദ്ദീന്‍ മൗലവി, വി പി അബ്ദുല്‍ ഹമീദ് മൗലവി, വിവിധ മദ്‌റസാ ഉസ്താദുമാര്‍ നേതൃത്വം നല്‍കി. വൈകീട്ട് അഞ്ചിന് പുത്തന്‍പള്ളി ജങ്ഷനില്‍ നിന്നാരംഭിച്ച് നബിദിന ഘോഷ യാത്രയില്‍ വന്‍ജനാവലി പങ്കെടുത്തു. ഇമാമുമാര്‍, മഹല്ല് ഭാരവാഹികള്‍, മദ്‌റസാധ്യാപകര്‍ റാലിക്ക് നേതൃത്വം നല്‍കി. പൊതുസമ്മേളനം നഗരസഭാ ചെയര്‍മാന്‍ ടി എം റഷീദ് ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് കെ എച്ച് ഇസ്മായില്‍ മൗലവി അധ്യക്ഷതവഹിച്ചു. സെക്രട്ടറി നയാസ്ഖാന്‍ നജ്മി, അഷറഫ് മൗലവി നദ്‌വി, അബ്ദുല്‍ ഗഫൂര്‍ മൗലവി, വിപി സുബൈര്‍ മൗലവി, ടി എം ഇബ്രാഹിംകുട്ടി മൗലവി, മഹല്‍ ഭാരവാഹികളായ അബ്ദുല്‍ കരിം കണ്ടത്തില്‍, റാസി ചെറിയവല്ലം, അഡ്വ, ഷെഫീഖ്, വി പി അബ്ദുല്‍ ഹമീദ് മൗലവി സംസാരിച്ചു.
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി ദാറുസ്സലാം സ്‌കൂളിന്റെ നബിദിനാഘോഷം നടത്തി. മദ്‌റസാ വിദ്യാര്‍ഥികളുടെ കലാ സാഹിത്യ മല്‍സരങ്ങളും നബിദിനാഘോഷവും പൊതു സമ്മേളനത്തോടെയും സമാപിച്ചു. ജമാഅത്ത് മസ്ജിദുകളായ പാറത്തോട്, ഇടക്കുന്നം, മുക്കാലി, മണങ്ങല്ലൂര്‍, കൂവപ്പള്ളി, പട്ടിമറ്റം, പൂതക്കുഴി, പിച്ചകപ്പള്ളിമേട്, ഇടപ്പള്ളി, തോട്ടുമുഖം, ഒന്നാംമൈല്‍, ആനക്കല്ല്, പാറക്കടവ്, അഞ്ചിലപ്പ, ചിറക്കടവ് എന്നീ ജുമഅത്ത് പള്ളികളുടെ നേതൃത്വത്തിലായിരുന്നു നബിദിനത്തോട് അനുബന്ധിച്ച് വിവിധ പരിപാടികള്‍ നടത്തിയത്.
വൈക്കം: നബിദിനത്തോടനുബന്ധിച്ച് പള്ളികളില്‍ വിവിധ ആഘോഷ പരിപാടികള്‍ നടന്നു. മദ്‌റസാ കുട്ടികളുടെ കലാമല്‍സരങ്ങളും നബിദിനാഘോഷങ്ങളും നടന്നു. താലൂക്കിലെ മഹല്ലുകളിലും നബിദിന റാലി നടന്നു. വിവിധ മതനേതാക്കള്‍ ഘോഷയാത്രക്കും പ്രാര്‍ഥനകള്‍ക്കും നേതൃത്വം നല്‍കി. ചെമ്പ് മുസ്‌ലിം ജമാഅത്തിന്റെ നേതൃത്വത്തില്‍ നടത്തിയ നബിദിന റാലിയെ ചെമ്പ് സെന്റ് തോമസ് കത്തോലിക്കപള്ളി വികാരി ഫാ. വര്‍ഗീസ് മാമ്പിള്ളിയുടെ നേതൃത്വത്തില്‍ സ്വീകരിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss