|    Sep 24 Mon, 2018 10:56 am

ജില്ലയില്‍ ഡെങ്കിപ്പനിക്ക് പിന്നാലെ എച്ച്1 എന്‍1 പടരുന്നു

Published : 26th May 2017 | Posted By: fsq

 

തൊടുപുഴ: ജില്ലയില്‍ എച്ച്1 എന്‍1 പനി വ്യാപിക്കുന്ന സാഹചര്യത്തില്‍ ഇക്കാര്യത്തില്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്. നാല് എച്ച്1 എന്‍1  കേസുകളാണ് ഇതുവരെ ജില്ലയില്‍ റിപ്പോര്‍ട്ടു ചെയ്തതെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. ടി ആര്‍ രേഖ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. മാങ്കുളം, കാഞ്ചിയാര്‍, കുമാരമംഗലം, കുമളി എന്നിവിടങ്ങളിലാണ് എച്ച് വണ്‍ എന്‍ വണ്‍ പനി റിപോര്‍ട്ട് ചെയ്തത്. മാങ്കുളത്ത് പനി ബാധിച്ച 57 വയസുകാരനാണ് മരിച്ചത്. ഇടുക്കിയില്‍ എച്ച്1 എന്‍1 പനി കൂടാതെ മറ്റ് പകര്‍ച്ചവ്യാധികളും റിപോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് ഡിഎംഒ പറഞ്ഞു. ജില്ലയിലാകെ 111 ഡെങ്കിപ്പനി റിപോര്‍ട്ടു ചെയ്‌തെങ്കിലും എട്ട് കേസുകളാണ് സ്ഥിരീകരിച്ചത്. എലിപ്പനി-മൂന്ന്, ഹെപ്പറ്റൈറ്റിസ് ബി-18, ഹെപ്പറ്റൈറ്റിസ് എ-18, ടൈഫോയ്ഡ്-നാല് എന്നിങ്ങനെയാണ് ആരോഗ്യവകുപ്പിന്റെ കണക്ക്. ഇതിനു പുറമെ  വൈറല്‍പനി ബാധിച്ച് 28,711 പേരും അടുത്ത നാളുകളില്‍ ചികില്‍സ തേടി. ശ്വാസകോശത്തെ ബാധിക്കുന്ന വൈറസ് രോഗമാണ് എച്ച്1 എന്‍1. ജലദോഷപനി പോലെ തുമ്മലിലൂടെയും ചുമയിലൂടെയും ഇതു പടരുന്നു. ജലദോഷപനി, ചുമ, തൊണ്ടവേദന, ശ്വാസംമുട്ട്, എന്നീ ലക്ഷണങ്ങളുള്ള രോഗികള്‍ നിശ്ചിത സമയത്തിനുള്ളില്‍ പനി കുറയുന്നില്ലെങ്കില്‍ ഡോക്ടറുടെ സേവനം ഉറപ്പാക്കണം. ഗര്‍ഭിണികള്‍ ഈ രോഗ ലക്ഷണങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണം. പ്രമേഹം, ഹൃദ്രോഹം, ബിപി, കരള്‍, വൃക്കരോഗം എന്നീ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളവര്‍ കൂടുതല്‍ ശ്രദ്ധാലുക്കളാകണം. രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാല ഉപയോഗിച്ച് വായും മൂക്കും മറയ്ക്കുക, കൈകള്‍ സോപ്പ് ഉപയോഗിച്ച് കൂടെക്കൂടെ കഴുകുക. എച്ച്1 എന്‍1  പനിക്കെതിരേയുള്ള പ്രതിരോധ മരുന്നുകള്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ ലഭ്യമാണെന്നും ഡിഎംഒ പറഞ്ഞു. അതേസമയം, എച്ച്1 എന്‍1 പനിയെന്ന മുന്‍ വിധിയോടെ മരുന്നുകള്‍  നല്‍കാനാവില്ലെന്ന് തൊടുപുഴ താലൂക്കാശുപത്രി മെഡിക്കല്‍ ഓഫിസര്‍ ഡോ. സിജോ കുഞ്ഞച്ചന്‍ പറഞ്ഞു. രോഗിയായെത്തുന്ന ആളുടെ വിവരണത്തില്‍ നിന്നും തുടര്‍ന്നുള്ള ലാബ് പരിശോധനക്കു ശേഷമാണ് എച്ച്1 എന്‍1  പനിയെന്നു ഡോക്ടര്‍മാര്‍  സ്ഥിരീകരിക്കുന്നത്. തുടര്‍ന്ന് നിലവിലുള്ള എബിസി ഗൈഡ് ലൈന്‍ പ്രകാരമുള്ള മാര്‍ഗരേഖകള്‍ പ്രകാരം ചികില്‍സ ഡോക്ടര്‍മാര്‍ നല്‍കുന്നതുമാണ്. സംശയമുള്ള കേസുകളില്‍ മണിപ്പാലിലും തിരുവനന്തപുരത്തുമുള്ള ലാബുകളിലുമാണ് വിദഗ്ധ പരിശോധന നടത്തുന്നത്.ജില്ലയില്‍ ഡെങ്കിപ്പനിയും പടരാനിടയുണ്ടെന്ന് ജില്ലാ ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കി. ഡെങ്കിപ്പനി പരത്തുന്നത് ഈഡിസ് കൊതുകുകളായതിനാല്‍ ഇവയുടെ ഉറവിട നശീകരണമാണ് പ്രധാനം. കൊതുകു മുട്ടയിട്ടു വളരാനുള്ള സാഹചര്യം ഒഴിവാക്കുക. മലിന ജലം കെട്ടി നില്‍ക്കാനുള്ള സാധ്യതകള്‍ പൂര്‍ണമായും നിര്‍മാര്‍ജനം ചെയ്യണം. ജല സംഭരണ പാത്രങ്ങളും ടാങ്കുകളും ആഴ്ചയില്‍ ഒരിക്കല്‍ കഴുകി വൃത്തിയാക്കുക. പനിയും അനുബന്ധ രോഗങ്ങളും ശ്രദ്ധയില്‍പെട്ടാ ല്‍ അടുത്തുള്ള ആശുപത്രിയില്‍ പോകുകയും ആരോഗ്യപ്രവര്‍ത്തകരെ വിവരമറിയിക്കുകയും ചെയ്യുക.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss