|    Feb 20 Mon, 2017 5:09 pm
FLASH NEWS

ജില്ലയില്‍ ജലക്ഷാമം രൂക്ഷമാവും; തടയണ നിര്‍മാണം ഉടന്‍ തുടങ്ങാന്‍ നിര്‍ദേശം

Published : 21st October 2016 | Posted By: SMR

ടിപി ജലാല്‍

മഞ്ചേരി: ജില്ലയില്‍ ഇത്തവണ വേനല്‍ കനത്തതാവുമെന്ന് റിപോര്‍ട്ട്. ഇതു മൂലം സംസ്ഥാന ജല അതോറിറ്റിയുടെ കര്‍ശന നിര്‍ദേശം വന്നു. എല്ലാ വര്‍ഷത്തേയും പോലെ താല്‍ക്കാലിക തടയണ കെട്ടാന്‍ കാത്തിരിക്കേണ്ടതില്ലെന്നും ഡിസംബറിന് മുമ്പായി നിര്‍മാണം ആരംഭിക്കണമെന്നുമാണ് നിര്‍ദേശം.  13ന് ജല അതോറിറ്റി എംഡിയും മന്ത്രിയും യോഗം ചേര്‍ന്ന ശേഷമാണ് കഴിഞ്ഞ ദിവസം അതാത് ഡിവിഷന്‍ ഓഫിസുകളിലേക്ക് കത്ത്  വന്നത്.  മലപ്പുറം ഡിവിഷനിലെ പാണ്ടിക്കാട് ഒറവംപുറം, തൂവ്വൂര്‍,വടപുറം, മമ്പാട്, പടിഞ്ഞാറ്റുമുറി, കൂട്ടിലങ്ങാടി, മക്കരപ്പറമ്പ് എന്നിവിടങ്ങളിലും  എടപ്പാള്‍ ഡിവിഷനിലെ തൃക്കണാപുരം ഭവാനിപ്പുഴ, കോട്ടക്കല്‍ കടലുണ്ടിപ്പുഴ എന്നിവിടങ്ങളിലുമാണ് ഇത്തവണ താല്‍ക്കാലിക തടയണ നിര്‍മിക്കുക. ഇതിനായി എല്ലാ സെക്ഷന്‍ ഓഫിസുകളും എസ്റ്റിമേറ്റ് തയ്യാറാക്കി അയച്ചു കഴിഞ്ഞതായി അധികൃതര്‍ പറഞ്ഞു. ചമ്രവട്ടം, ചാമക്കയം, നമ്രാണി, കട്ടുപ്പാറ, ആനക്കയം എന്നിവിടങ്ങളിലാണ് സ്ഥിരം തടയണകള്‍ സ്ഥാപിച്ചിട്ടുള്ളത്. ഇവിടെ ഇപ്പോള്‍ തന്നെ വെള്ളം കുറഞ്ഞിട്ടുണ്ട്. ഇതോടെ മഴക്കാലത്ത് തുറന്നു  വെച്ചിരിക്കുന്ന ഷട്ടറുകള്‍ അടച്ചിടണമെന്നും അധികൃതര്‍ നിര്‍ദ്ദേശിച്ചു. ചമ്രവട്ടം, കവണക്കല്ല് റെഗുലേറ്റര്‍ കം ബ്രിഡ്ജുകളാണ് ജില്ലക്ക് ഏക ആശ്വാസമുള്ളത്. ചമ്രവട്ടത്തെ സ്ഥിരം തടയണയില്‍ നിന്നാണ്  എടപ്പാള്‍ ഡിവിഷനിലെ മുക്കാല്‍ ഭാഗത്തേക്കും വെള്ളം വിതരണം ചെയ്യുന്നത്.  അരീക്കോട് വരെ കവണക്കല്ലിന്റെ ഉപയോഗം ലഭിക്കുന്നതിനാല്‍ അരീക്കോട്, മഞ്ചേരി സെക്ഷനുകള്‍ക്ക് മറ്റുള്ള സെക്ഷനുകളെ അപേക്ഷിച്ച് കാര്യമായ പ്രതിസന്ധിയുണ്ടാവാറില്ല. എന്നാല്‍ മഞ്ചേരി സെക്ഷനില്‍ 35 വര്‍ഷം പഴക്കമുള്ള എസി പൈപ് ഇപ്പോഴും വിതരണത്തിന് ഉപയോഗിക്കുന്നതിനാല്‍ വെള്ളം പാഴായിപ്പോവുന്നത് പതിവാണ്.  കഴിഞ്ഞ തവണ പലയിടങ്ങളിലും വെള്ളമില്ലാത്തതിനാല്‍ പമ്പിംങ് നിര്‍ത്തിയിരുന്നു. ഇത്തവണ കൂടുതലാവുമെന്നാണ് അറിവ്. ജല അതോറിറ്റിയുടെ മിക്ക കിണറുകളും ജല നിരപ്പിനേക്കാള്‍ കൂടുതല്‍ ഉയരത്തിലായിരിക്കുകയാണ്. ഇത് മൂലം മഴ ലഭിക്കാതായാല്‍ വെള്ളം പമ്പു ചെയ്യാനാവാത്ത സ്ഥിതിയിലാവും.   മമ്പാട് പുതുതായി നിര്‍മാണം പൂര്‍ത്തിയാക്കിയ ഓടായിക്കല്‍ റഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ സമീപത്തെ കിണര്‍ ജലനിരപ്പിലേക്കാള്‍ മീറ്ററുകള്‍ ഉയരത്തിലാണിരിക്കുന്നത്. കനത്ത മണലെടുപ്പു മുലമാണ് പുഴ താഴ്ന്നിരിക്കുന്നത്. ഇത്തവണ ഇനിയും ഇടമഴ ലഭിച്ചില്ലെങ്കില്‍ ചാലിയാര്‍ ഭാഗത്തെ ജനങ്ങളും ഇത്തവണ കുടവെള്ളത്തിനായി നെട്ടോട്ടമോടും.  നിലവില്‍  രണ്ടു ഡിവിഷനുകളിലും 90-110 ദശലക്ഷം ലിറ്റര്‍ വെള്ളമാണ് സ്റ്റോര്‍ ചെയ്ത് വിതരണം നടത്തിക്കൊണ്ടിരിക്കുന്നത്. എന്നാല്‍ ഇടമഴ ലഭിക്കാത്തപക്ഷം വെള്ളത്തില്‍ കാര്യമായ കുറവുണ്ടാകുമെന്ന് മലപ്പുറം ഡിവിഷനല്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ വി പ്രസാദ് പറഞ്ഞു. 62 പഞ്ചായത്തുകള്‍ക്കും 7മുനിസിപ്പാലിറ്റികളിലുമാണ് മലപ്പുറം ഡിവിഷന്‍ വെള്ളം വിതരണം ചെയ്യുന്നത്. കഴിഞ്ഞ തവണ 25ശതമാനം വെള്ളം കുറവായിരുന്നു. ഇത്തവണ  50 ശതമാനമാവാന്‍ സാധ്യതയുണ്ടെന്നും എക്‌സിക്യൂ ട്ടീവ് എന്‍ജിനീയര്‍ പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 30 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക