|    Oct 18 Wed, 2017 9:34 am
FLASH NEWS

ജില്ലയില്‍ ചെറുകിട വ്യവസായ മേഖല കടുത്ത പ്രതിസന്ധിയിലെന്ന്

Published : 6th August 2017 | Posted By: fsq

 

കാസര്‍കോട്: ജില്ലയില്‍ ചെറുകിട വ്യവസായ മേഖല കടുത്ത പ്രതിസന്ധിയിലാണെന്നും ഇതിന് പരിഹാരമായി വ്യവസായ സോണ്‍ ആരംഭിക്കണമെന്ന് കേരള ചെറുകിട വ്യവസായ അസോസിയേഷന്‍ സോഷ്യല്‍ സെക്യുരിറ്റി ഫണ്ട് ചെയര്‍മാന്‍ കെജെ ഇമ്മാനുവല്‍  വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. മടിക്കൈ പഞ്ചായത്തിലെ അമ്പലത്തറയില്‍ 500 ഏക്കറോളം സ്ഥലം സര്‍വേ നടത്തി വ്യവസായ വകുപ്പ് ഡയറക്ടര്‍ക്ക് സമര്‍പ്പിച്ചിരുന്നു. ഇവിടെ വ്യവസായ മേഖലയായി പ്രഖ്യാപിച്ച് വ്യവസായികള്‍ക്ക് പതിച്ച് നല്‍കണം. ചടഞ്ചാല്‍ ഐ ഡി പിയില്‍ പൂട്ടിപ്പോയ വ്യവസായങ്ങള്‍ വ്യവസായ വകുപ്പ് ഏറ്റെടുത്ത് പുതിയ സംരംഭങ്ങള്‍ക്ക് നല്‍കണം. വിദ്യാനഗര്‍ സിഡ്‌കോ വ്യവസായ പാര്‍ക്കില്‍ പട്ടയം ലഭിക്കാത്ത വ്യവസായികള്‍ക്ക് ധനകാര്യ സ്ഥാപനങ്ങളില്‍ നിന്ന് വായ്പ അനുവദിക്കുന്നില്ല. കാഞ്ഞങ്ങാട് ചെറുകിട വ്യവസായ യൂനിറ്റില്‍ മുഴുവന്‍ യൂനിറ്റുകളും പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും പട്ടയം ലഭിക്കാത്തതിനാല്‍ ബാങ്കുകള്‍ വായ്പകള്‍ നല്‍കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ വ്യവസായ കേന്ദ്രത്തില്‍ മാനേജരടക്കമുള്ള തസ്തികകള്‍ ഒഴിഞ്ഞ് കിടക്കുന്നതിനാല്‍ ചെറുകിട വ്യവസായികള്‍ക്ക് മാര്‍ഗനിര്‍ദ്ദേശങ്ങളടക്കമുള്ള സഹായങ്ങള്‍ നല്‍കാന്‍ കഴിയുന്നില്ല.പുതിയ സംരംഭകര്‍ പഞ്ചായത്ത് ലൈസന്‍സുകള്‍ക്ക് ചെന്നാല്‍ ഏതെല്ലാം സര്‍ട്ടിഫിക്കറ്റുകള്‍ വേണമെന്ന് പറയാത്തതിനാല്‍ ഫയര്‍, ടൗണ്‍ പ്ലാന്‍ തുടങ്ങി സര്‍ട്ടിഫിക്കറ്റുകള്‍ വീണ്ടും ആവശ്യപ്പെടുന്നു. സിംഗിള്‍ വിന്‍ഡോ ക്ലിയറന്‍സ് ബോര്‍ഡ് സജീവമല്ലാത്തതിനാലാണ് ചെറുകിട സംരംഭകര്‍ ബുദ്ധിമുട്ടുന്നത്. പി എംഇജിപി വായ്പയെടുത്ത് കടന്ന് വരുന്ന നവ സംരംഭകരെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ബാങ്കുകളും സഹായിക്കാന്‍ മുന്നോട്ട് വരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. വൈദ്യുതി പ്രതിസന്ധിയും വോള്‍ട്ടേജ് ക്ഷാമവും ഈ മേഖലയെ തകര്‍ക്കുകയാണ്. വ്യവസായ എസ്‌റ്റേറ്റുകള്‍ക്ക് പോലും പ്രത്യേകപവര്‍ഗ്രിഡ് ഇല്ലാത്തതിനാല്‍ പ്രവര്‍ത്തനത്തെ ബാധിക്കുന്നുണ്ട്. മൈലാട്ടി ഡീസല്‍ പ്ലാന്റ് നിലച്ചതിന് ശേഷം വൈദ്യുതി ഉല്‍പ്പാദനമേഖലയില്‍ പുതിയ വൈദ്യതി പദ്ധതികളൊന്നും പ്രഖ്യാപിക്കാത്തതിനാല്‍ ചെറുകിട വ്യവസായികളെ ബുദ്ധിമുട്ടുകയാണ്. കേന്ദ്ര സര്‍ക്കാറിന്റെ സ്റ്റാര്‍ട്ട് അപ് പദ്ധതി ഫലപ്രദമായി നടപ്പിലാക്കാന്‍ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ചെറുകിട വ്യവസായ അസോസിയേഷന്‍ ജില്ലാ കൗണ്‍സില്‍ യോഗം ഒമ്പതിന് രാവിലെ പത്തിന് വിദ്യാനഗര്‍ സിഡ്‌കോ എസ്‌റ്റേറ്റിലെ കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.സംസ്ഥാന ജനറല്‍ സെക്രട്ടറി എ നിസാറുദ്ദീന്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ എംപി അബ്ദുല്‍ റഷീദ് മുഖ്യ പ്രഭാഷണം നടത്തും. വാര്‍ത്താ സമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് കെടി സുഭാഷ് നാരായണന്‍, പിവി രവീന്ദ്രന്‍, കെ മുഹമ്മദലി റെഡ്‌വുഡ്, എ പ്രസന്നചന്ദ്രന്‍, സി ബിന്ദു സംബന്ധിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക