|    Apr 27 Fri, 2018 4:26 am
FLASH NEWS

ജില്ലയില്‍ ക്ഷയരോഗികളുടെ എണ്ണം കുറയുന്നു

Published : 22nd March 2016 | Posted By: SMR

കാസര്‍കോട്: ജില്ലയില്‍ ക്ഷയരോഗികളുടെ എണ്ണം കുറഞ്ഞുവരുന്നതായി ആരോഗ്യ വകുപ്പ് അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. നിലവില്‍ 776 ക്ഷയരോഗികള്‍ ജില്ലയിലുള്ളത്. ബേക്കല്‍, കീഴൂര്‍, മഞ്ചേശ്വരം എന്നീ തീരദേശമേഖലയിലാണ് ഏറ്റവുമധികം ക്ഷയരോഗികളുള്ളത്.
മരുന്ന് കഴിക്കുന്ന കാലയളവില്‍ മദ്യപിക്കുകയോ പുകവലിക്കുകയോ ചെയ്യുമ്പോള്‍ രോഗിയ്ക്ക് ഛര്‍ദ്ദിക്കാനുള്ള പ്രവണത തോന്നും. ഇതേത്തുടര്‍ന്ന് മരുന്ന് കഴിക്കുന്നത് ഒഴിവാക്കുന്നതാണ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമാകുന്നത്. എന്നാല്‍ ഓരോ വര്‍ഷവും ജില്ലയില്‍ ക്ഷയരോഗികളുടെ എണ്ണം കുറഞ്ഞുവരുന്നതായി അധികൃതര്‍ അവകാശപ്പെട്ടു. രോഗം കണ്ടെത്താനായി ഒരു ലക്ഷം പേര്‍ക്ക് ഒന്ന് എന്ന കണക്കിന് പ്രത്യേകം പരിശീലനം ലഭിച്ച ലാബ് ടെക്‌നീഷ്യന്മാരുടെ നേതൃത്വത്തില്‍ 16 അംഗീകൃത കഫ പരിശോധന കേന്ദ്രങ്ങള്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ആദ്യഘട്ടം മരുന്നേല്‍ക്കാത്ത ക്ഷയരോഗികളെ കണ്ടെത്തുന്നതിന് ആധുനിക ജീന്‍ എക്‌സ്‌പേര്‍ട്ട് മെഷീന്‍ ജില്ലാ ടിബി സെന്ററില്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. സ്വകാര്യസ്ഥാപനങ്ങളില്‍ ആയിരക്കണക്കിന് രൂപ ചെലവുള്ള ഈ പരിശോധന തികച്ചും സൗജന്യമായിട്ടാണ് ഇവിടെ ചെയ്യുന്നത്.
ജില്ലയിലെ ആശുപത്രികള്‍, അങ്കണവാടികള്‍, കുടുംബക്ഷേമ കേന്ദ്രങ്ങള്‍, സാമൂഹിക ആരോഗ്യകേന്ദ്രങ്ങള്‍, ഐഎംഎയുടെ നേതൃത്വത്തിലുള്ള സ്വകാര്യ ആശുപത്രികള്‍ എന്നിവ പുതുക്കിയ ക്ഷയരോഗ പദ്ധതിയിലെ ചികില്‍സാകേന്ദ്രങ്ങളാണ്. ഇതിനുവേണ്ടി ഇവര്‍ക്കെല്ലാം പ്രത്യേക പരിശീലനം നല്‍കിയിട്ടുണ്ട്.
2000 ഏപ്രിലിലാണ് ജില്ലയില്‍ പുതുക്കിയ ക്ഷയരോഗ നിയന്ത്രണ പദ്ധതി ആരംഭിച്ചത്. 2015 വരെ 13,332 രോഗികളെ ചികിത്സിക്കാനും അതില്‍ 85 മുതല്‍ 90 ശതമാനം വരെ രോഗികളെ സുഖപ്പെടുത്താനും ഇതിലൂടെ സാധിച്ചു. ക്ഷയരോഗം ചുമ വഴി പകരുന്നില്ല എന്ന് ഉറപ്പുവരുത്തുകയാണ് പദ്ധതിയുടെ മുഖ്യലക്ഷ്യം. ഒരുമിക്കാം ക്ഷയരോഗം തുടച്ചുനീക്കാം എന്നതാണ് ഈ വര്‍ഷത്തെ ക്ഷയരോഗ ദിന സന്ദേശം. ചികില്‍സയെടുക്കാത്ത ഒരു ക്ഷയരോഗിയില്‍ നിന്നും ഒരു വര്‍ഷം 10-15 പേര്‍ക്ക് ഈ രോഗം പകരാം. ആ പത്തുപേരില്‍ ഒരാള്‍ എന്നെങ്കിലും ക്ഷയരോഗിയാകും. എച്ച്‌ഐവി അണുബാധിതരില്‍ 10ല്‍ ആറുപേര്‍ക്കും രോഗം വരാം. ജീവിതശൈലി രോഗങ്ങള്‍ കൂടിവരുന്ന ആധുനിക കാലത്ത് ചുമ ചികില്‍സിക്കേണ്ട രോഗലക്ഷണമായി അധികംപേരും കാണുന്നില്ല. സ്വയംചികില്‍സിച്ച് രോഗം ഗുരുതരമാകുമ്പോഴാണ് പലരും ചികിത്സ തേടി പോകുന്നത്. മാത്രമല്ല രോഗത്തിന് ശമനം വരുമ്പോള്‍ പലരും ചികില്‍സ മുടക്കുന്നു. പിന്നീട് അവര്‍ മരുന്നേല്‍ക്കാത്ത ക്ഷയരോഗികളായി മാറും. ഇത്തരത്തില്‍ 111 രോഗികള്‍ ചികില്‍സതേടുകയും 43 പേരെ സുഖപ്പെടുത്തുകയും 27 പേരുടെ ചികില്‍സ തുടരുകയും ചെയ്യുന്നുണ്ട്. ഇത്തരം രോഗികള്‍ക്ക് ജില്ലാ പഞ്ചായത്തിന്റെ സഹായത്തോടെ പോഷകാഹാര പദ്ധതി നടപ്പിലാക്കുന്നുണ്ട്. കൂടാതെ കാഞ്ഞങ്ങാട് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍, കാസര്‍കോട് ഹെല്‍ത്ത് ലൈന്‍ എന്നിവര്‍ ക്ഷയരോഗികള്‍ക്ക് പോഷകാഹാരം വിതരണം ചെയ്യുന്നുണ്ട്.
വായുവില്‍ കൂടി പകരുന്ന രോഗമായതിനാല്‍ ഒരാള്‍ക്കും ക്ഷയരോഗബാധയില്‍ നിന്ന് ഒഴിഞ്ഞുമാറി നില്‍ക്കാനാവില്ല. ക്ഷയരോഗികളെ പൂര്‍ണമായും ചികില്‍സിച്ചു സുഖപ്പെടുത്തുക മാത്രമാണ് രോഗനിയന്ത്രണത്തിനുള്ള ഫലപ്രദമായ മാര്‍ഗം. വിട്ടുമാറാത്ത ചുമയുള്ളവരെ കണ്ടാല്‍ അടുത്തുള്ള ആരോഗ്യകേന്ദ്രത്തിലേയ്ക്ക് കഫ പരിശോധനയ്ക്കായി അയക്കുകയും രോഗമുണ്ടെന്നു കണ്ടെത്തുന്നവരെ ഡോട്‌സ് ചികില്‍സ നല്‍കി സുഖപ്പെടുത്തുകയും ചികിത്സ മുടക്കുന്നവരെ ചികില്‍സയിലേയ്ക്ക് തിരികെ കൊണ്ടുവരാനും ഓരോ വ്യക്തിയും പരിശ്രമിക്കണമെന്ന് ജില്ലാ ടിബി ഓഫിസര്‍ ഡോ. കെ രവിപ്രസാദ് പറഞ്ഞു. ഡെപ്യൂട്ടി ഡിഎംഒ ഡോ. എം സി വിമല്‍രാജ്, ട്രീറ്റ്‌മെന്റ് ഓര്‍ഗനൈസര്‍ പി വി രാജേന്ദ്രന്‍, സി സുകുമാരന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss