|    Apr 27 Thu, 2017 6:16 pm
FLASH NEWS

ജില്ലയില്‍ കോട്പ നടപടികള്‍ ശക്തമാക്കുന്നു

Published : 17th November 2016 | Posted By: SMR

കല്‍പ്പറ്റ: പൊതുജനാരോഗ്യം മുന്‍നിര്‍ത്തി പുകയില നിയന്ത്രണ നിയമം 2003 കോട്പ നടപടികള്‍ ശക്തമാക്കാന്‍ ജില്ലാ ഭരണകൂടം തയ്യാറെടുക്കുന്നു. മാസത്തിലെ അവസാന ശനിയാഴ്ചകളില്‍ നടക്കുന്ന ജില്ലാ വികസന സമിതിയുടെ യോഗത്തില്‍ പ്രതിമാസ വിലയിരുത്തലിലൂടെയായിരിക്കും കര്‍ശന നിയമപാലനം ഉറപ്പുവരുത്തുക. നടപടികള്‍ കൃത്യമായി അവലോകനം ചെയ്യുകയും പ്രതിമാസ റിപോര്‍ട്ടുകള്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുകയും ചെയ്യുമെന്നു ജില്ലാ കലക്ടര്‍ ഡോ. ബി എസ് തിരുമേനി പറഞ്ഞു. കോട്പ നിയമം കൃത്യമായി പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ വരും ദിവസങ്ങളില്‍ പ്രധാനമായി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള പൊതുസ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് മിന്നല്‍പ്പരിശോധന നടത്തുമെന്നും ഇതിനായി പൊതുജനങ്ങളുടെ സഹകരണമുണ്ടാവണമെന്നും അവലോകന നടപടികള്‍ കുറ്റമറ്റതും കാര്യക്ഷമവുമാക്കാന്‍ റിപോര്‍ട്ടുകള്‍ സമയബന്ധിതമായി സമര്‍പ്പിക്കണമെന്നും കലക്ടര്‍ ആവശ്യപ്പെട്ടു. കോട്പയുടെ സെക്ഷന്‍ 4 പ്രകാരം പൊതു കാര്യാലയങ്ങള്‍, ഹോട്ടലുകള്‍, ഭക്ഷണശാലകള്‍, പൊതു യാത്രാ സംവിധാനങ്ങള്‍ എന്നിവിടങ്ങളിലുള്‍പ്പെടെ പൊതുസ്ഥലങ്ങളിലെ പുകവലി നിരോധിച്ചിരിക്കുകയാണ്. സെക്ഷന്‍ 5 പ്രകാരം എല്ലാ രൂപത്തിലുമുള്ള പുകയില പരസ്യങ്ങള്‍, പ്രചാരണങ്ങള്‍, സ്‌പോണ്‍സര്‍ഷിപ്പുകള്‍ എന്നിവ നിരോധിച്ചു. സെക്ഷന്‍ 6 അനുസരിച്ച് പ്രായപൂര്‍ത്തിയാവാത്തവര്‍ പുകയില ഉല്‍പന്നങ്ങള്‍ വില്‍ക്കുന്നതും വാങ്ങുന്നതും ശിക്ഷാര്‍ഹമാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നൂറടി പരിധിയില്‍ (9.14 മീറ്റര്‍) പുകയില ഉല്‍പന്നങ്ങളുടെ വില്‍പനയും നിയമം നിരോധിച്ചിട്ടുണ്ട്. സെക്ഷന്‍ 7 പ്രകാരം നിയമ പ്രകാരമുള്ള 85 ശതമാനം സചിത്ര മുന്നറിയിപ്പില്ലാതെ പുകയില ഉല്‍പന്നങ്ങള്‍ വില്‍ക്കാന്‍ പാടില്ല. 60 ശതമാനം നിര്‍ദിഷ്ട ചിത്രവും 25 ശതമാനം ഇംഗ്ലീഷ്, ഹിന്ദി, പ്രാദേശിക ഭാഷാലിപികളിലുള്ള മുന്നറിയിപ്പുമടങ്ങുന്ന സചിത്ര മുന്നറിയിപ്പ് ലേബല്‍ പായ്ക്കറ്റിന്റെ മുന്‍വശത്തും പിന്‍വശത്തും പതിച്ചിരിക്കണം.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day