|    May 28 Sun, 2017 8:37 pm
FLASH NEWS

ജില്ലയില്‍ കെഎസ്ആര്‍ടിസി ജീവനക്കാരുടെ മിന്നല്‍ പണിമുടക്ക്

Published : 6th October 2016 | Posted By: Abbasali tf

കോട്ടയം: ജില്ലയില്‍ കെഎസ്ആര്‍ടിസി ജീവനക്കാരുടെ മിന്നല്‍ പണിമുടക്കിനെ തുടര്‍ന്ന് യാത്രക്കാര്‍ ദുരിതത്തിലായി. ചുരുക്കം ബസ്സുകള്‍ മാത്രമാണ് ഇന്നലെ സര്‍വീസ് നടത്തിയത്. പണിമുടക്കിനെ തുടര്‍ന്ന് ദീര്‍ഘദൂര യാത്രക്കാര്‍ വെട്ടിലായി. കെഎസ്ആര്‍ടിസി ബസ്സുകള്‍ മാത്രം സര്‍വീസ് നടത്തുന്ന മേഖലയിലെ യാത്രക്കാരും ബുദ്ധിമുട്ടി. പ്രധാനമായും കെഎസ്ആര്‍ടിസിയെ മാത്രം ആശ്രയിക്കുന്ന ഉദ്യോഗസ്ഥരും വിദ്യാര്‍ഥികളുമാണ് പെരുവഴിയിലായത്. കോട്ടയത്തും ചങ്ങനാശ്ശേരിയിലും നിന്ന് സര്‍വീസ് നിലച്ചതോടെ ആലപ്പുഴ, കാവാലം റൂട്ടിലെ യാത്രക്കാര്‍ ഏറെ ബുദ്ധിമുട്ടി. കാവാലം ഭാഗത്തേക്ക് സ്വകാര്യ ബസ്സുകള്‍ ഇല്ലാത്തതിനാല്‍ പ്രദേശവാസികളുടെ ഏക ആശ്രയം കെഎസ്ആര്‍ടിസിയാണ്. അതിനാല്‍ തന്നെ ഇന്നലെ പ്രദേശത്തുള്ള ജോലിക്കാര്‍ക്ക് ഓഫിസിലും വിദ്യാര്‍ഥികള്‍ക്ക് സ്‌കൂളിലും എത്താനായില്ല. ആലപ്പുഴയ്ക്കും ചങ്ങനാശേരിക്കുമിടയിലുള്ള നിരവധി പ്രദേശത്തെ സമരം പൂര്‍ണമായും ബാധിച്ചു. കോട്ടയം വഴി ബാംഗ്ലൂരിലേക്കുള്ള സര്‍വീസ് റദ്ദു ചെയ്തതായി അധികൃതര്‍ അറിയിച്ചു. സീറ്റ് ബുക്ക് ചെയ്തവരുടെ പണം തിരികെ നല്‍കി. ഇന്നലെ പുലര്‍ച്ചെ 4.30 മുതലാണ് ജില്ലയില്‍ സംയുക്ത ട്രേഡ് യൂനിയന്റെ നേതൃത്വത്തില്‍ പണിമുടക്ക് ആരംഭിച്ചത്.  കോട്ടയം ഡിപ്പോയില്‍ നിന്നും അഞ്ചു ദീര്‍ഘദൂര സര്‍വീസുകള്‍ മാത്രമേ പോയിട്ടുള്ളൂവെന്ന് കെഎസ്ആര്‍ടിസി അധികൃതര്‍ അറിയിച്ചു. അതേ സമയം ചങ്ങനാശ്ശേരിയില്‍ നിന്ന് നാമമാത്രമായ സര്‍വീസുകള്‍ മാത്രമായിരുന്നു നടന്നത്. ഒരു ദിവസം ശരാശരി 107 സര്‍വീസുകള്‍ കോട്ടയം ഡിപ്പോയില്‍ നിന്നു പോവുന്നത്. ജീവനക്കാരുടെ മിന്നല്‍ പണിമുടക്കിനെ തുടര്‍ന്ന് ബസ് സ്റ്റാന്‍ഡിലെത്തിയ യാത്രക്കാര്‍ ഏറെ ബുദ്ധിമുട്ടിലായി. കഴിഞ്ഞ മാസത്തെ ശമ്പളം ലഭിക്കാത്തതിനെ തുടര്‍ന്ന് ഐഎന്‍ടിയുസി, ബിഎംഎസ് യൂനിയന്‍ ജീവനക്കാര്‍ ഇന്നലെ കോട്ടയത്തു പ്രതിഷേധം നടത്തിയിരുന്നു. ഈരാറ്റുപേട്ടയില്‍ നിന്ന്് തിരുവനന്തപുരത്തേക്ക് ഇന്നു രണ്ടു സര്‍വീസുകള്‍ മാത്രമേ നടത്തിയുള്ളൂ. പൊന്‍കുന്നത്തെ 40 ഷെഡ്യൂളുകളില്‍ ഏഴു സര്‍വീസ് മാത്രമേ ഓടിയുള്ളൂ. പാലായിലും സര്‍വീസുകള്‍ മുടങ്ങി. ശമ്പളം ലഭിക്കാത്തതിനെ തുടര്‍ന്ന് ജീവനക്കാര്‍ നടത്തിയ സമരത്തിനെതിരേ യാത്രക്കാരും പ്രതിഷേധിച്ചു. രാവിലെ മുതല്‍ വിവിധ ആവശ്യങ്ങള്‍ക്കായി വീട്ടില്‍ നിന്ന് ഇറങ്ങുന്നവരെ ദ്രോഹിക്കുന്ന രീതിയാണിതെന്നു യാത്രക്കാര്‍ പറയുന്നു. കെഎസ്ആര്‍ടിസി ഇല്ലാതായതോടെ എല്ലാവരും സ്വകാര്യ ബസ്സിനെ ആശ്രയിച്ചതും യാത്രാ ദുരിതം വര്‍ധിപ്പിച്ചു. ഇന്നലെ പല ബസ്സുകള്‍ സ്റ്റോപ്പുകളില്‍ നിര്‍ത്താതെ പോവുന്ന അവസ്ഥയായിരുന്നു. യാത്രക്കാരുടെ എണ്ണം വര്‍ധിച്ചത് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കും വിനയായി. പലരെയും കയറ്റാതെ ബസ്സുകള്‍ പോവുകയായിരുന്നെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു. രാവിലെയും വൈകുന്നേരവുമായിരുന്നു ഏറ്റവും കൂടുതല്‍ തിരക്ക് അനുഭവപ്പെട്ടത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day