|    Oct 19 Fri, 2018 10:50 am
FLASH NEWS

ജില്ലയില്‍ കാന്‍സര്‍ രോഗികളുടെ എണ്ണത്തില്‍ അജാനൂര്‍ മുമ്പില്‍

Published : 5th February 2018 | Posted By: kasim kzm

കാഞ്ഞങ്ങാട്: തദ്ദേശ സ്വയംഭരണ വകുപ്പും ആരോഗ്യ വകുപ്പും കാന്‍സര്‍ പ്രതിരോധത്തിന് വിവിധ പദ്ധതികള്‍ ആവിഷ്‌ക്കരിക്കുമ്പോഴും ജില്ലയില്‍ കാന്‍സര്‍ രോഗികളുടെ എണ്ണം വര്‍ധിക്കുന്നു. കഴിഞ്ഞ രണ്ട് വര്‍ഷമായി ജില്ലാ പഞ്ചായത്തിന്റെയും ആരോഗ്യ വകുപ്പിന്റെയും നേതൃത്വത്തില്‍ കാന്‍സര്‍ പരിശോധനക്ക് പഞ്ചായത്തുകള്‍ തോറും ക്യാംപ് നടത്തി വരുന്നുണ്ട്. എന്നാല്‍ ഓരോ വര്‍ഷവും രോഗ ബാധിതരുടെ എണ്ണം കൂടിവരികയാണ്. ജില്ലയില്‍ ഏറ്റവും കൂടുതല്‍ പേര്‍ കാന്‍സര്‍ പിടിപെട്ട് മരിക്കുന്നത് അജാനൂര്‍ പഞ്ചായത്തിലാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇതിനകം 38 പേരാണ് കാന്‍സര്‍ രോഗം ബാധിച്ച് മരണപ്പെട്ടതെന്ന് മലബാര്‍ കാന്‍സര്‍ സെന്ററിന്റെ ഔദ്യോഗിക വിവരശേഖരണം വെളിപ്പെടുത്തുന്നു.രണ്ടാം സ്ഥാനത്ത് കിനാനൂര്‍-കരിന്തളം പഞ്ചായത്താണ്. ഇതിനകം 36 പേരാണ് കിനാനൂര്‍-കരിന്തളത്ത് രോഗം ബാധിച്ച് മരിച്ചത്. മൂന്നാംസ്ഥാനത്ത് നില്‍ക്കുന്ന നീലേശ്വരം നഗരസഭയില്‍ 29 പേരും മരണപ്പെട്ടു. മറ്റു പഞ്ചായത്തുകളില്‍ മരണപ്പെട്ടവരുടെ കണക്ക്: ചെമനാട്-27, കാഞ്ഞങ്ങാട് നഗരസഭ-25, ചെങ്കള-23, മഞ്ചേശ്വരം-23, കോടോം-ബേളൂര്‍-22, ബളാല്‍-21, കുമ്പള-19, പുല്ലൂര്‍-പെരിയ-18, തൃക്കരിപ്പൂര്‍-17, ചെറുവത്തൂര്‍-17, മീഞ്ച-16, മംഗല്‍പാടി-15, കള്ളാര്‍-15, കാറഡുക്ക-14, ബേഡഡുക്ക-14, വോര്‍ക്കാടി-13, മുളിയാര്‍-13, ബദിയടുക്ക-12, കയ്യൂര്‍-ചീമേനി-12, വലിയപറമ്പ-12, മടിക്കൈ-11, പനത്തടി-11, പിലിക്കോട്-11, വെസ്റ്റ്എളേരി-10, മൊഗ്രാല്‍ പുത്തൂര്‍-10, കുമ്പഡാജെ-9, പടന്ന-8, ഉദുമ-8, ബെള്ളൂര്‍-8, കാസര്‍കോട് നഗരസഭ-7, ദേലമ്പാടി-7, പുത്തിഗെ-5.ഓരോ വര്‍ഷവും ജില്ലയില്‍ നിന്നും ശരാശരി 700 ഓളം രോഗികളാണ് തലശേരിയിലെ മലബാര്‍ കാന്‍സര്‍ സെന്ററിലേക്ക് ചികില്‍സ തേടി എത്തുന്നത്. ഇതിനു പുറമെ തിരുവനന്തപുരം ആര്‍സിസിയിലെത്തുന്നവരുടെ എണ്ണം വേറെയും വരും. അതേസമയം സാമ്പത്തിക നിലയനുസരിച്ച് മംഗളൂര്‍, മണിപ്പാല്‍, ബംഗളൂരു, മുംബൈ, ചെന്നൈ തുടങ്ങിയ വന്‍കിട നഗരങ്ങളിലെ മെഡിക്കല്‍ കോളജില്‍ വിദഗ്ധ ചികില്‍സ തേടുന്നവരും നിരവധിയുണ്ട്. മലബാര്‍ കാന്‍സര്‍ സെന്റര്‍ നടത്തിയ പഠനത്തില്‍ 783 പുരുഷന്മാരുള്‍പ്പെടെ 1506 കാന്‍സര്‍ രോഗികള്‍ ജില്ലയില്‍ ഉള്ളതായി ഔദ്യോഗികമായി കണ്ടെത്തിയിട്ടുണ്ട്.ഓരോ വര്‍ഷവും കാന്‍സര്‍ രോഗികളുടെ എണ്ണത്തില്‍ വരുന്ന വര്‍ധനവ് ഭീതിപ്പെടുത്തുന്നതാണ്. കാന്‍സര്‍ രോഗം പിടിപെട്ട് ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണവും കൂടി വരുന്നുണ്ട്. അതേസമയം കാന്‍സര്‍ ചികില്‍സാ രംഗത്ത് പല നൂതന മാര്‍ഗങ്ങളും ഉപയോഗിക്കുന്നത് ആശാവഹമാണ്. പ്രാരംഭദശയില്‍ തന്നെ രോഗം കണ്ടുപിടിക്കപ്പെട്ടാല്‍ ഭേദമാക്കാന്‍ കഴിയുന്നുണ്ട്. സര്‍ക്കാരിന്റെ ഇത്തവണത്തെ ബജറ്റില്‍ മലബാര്‍ കാന്‍സര്‍ സെന്ററിനെ ആര്‍സിസി മോഡലില്‍ ഉയര്‍ത്താന്‍ വന്‍ പദ്ധതികളാണ്  ഉള്‍പ്പെടുത്തിയിട്ടുള്ളത്.  പ്രാരംഭ ഘട്ടത്തില്‍ 282 കോടി രൂപയാണ് നീക്കിവച്ചിട്ടുള്ളത്. കാ ന്‍സര്‍ സെന്റര്‍ പോസ്റ്റ്ഗ്രാജ്വേറ്റ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഓങ്കോളജിക്കല്‍ സയന്‍സ് ആന്റ് റിസര്‍ച്ച് സെന്ററാക്കി മാറ്റാനാണ് തുക വകയിരുത്തിയത്. ഇതോടൊപ്പം രക്തബാങ്കിന്റെ വിപുലീകരണത്തിനും ന്യൂക്ലിയര്‍ മെഡിസിന്‍ വിഭാഗം വിപുലീകരിക്കുന്നതിനും തുക മാറ്റിവച്ചിട്ടുണ്ട്. കാന്‍സര്‍ ശസ്ത്രക്രിയക്ക് ആധുനിക സൗകര്യങ്ങളും ബ്രാക്കി തെറാപ്പി യൂനിറ്റ് എന്നിവക്കും തുക നീക്കിവച്ചതും കാന്‍സര്‍ രോഗികള്‍ക്ക് ആശ്വാസം പകരുന്നതാണ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss