|    Oct 17 Wed, 2018 9:43 pm
FLASH NEWS

ജില്ലയില്‍ ഒരു മാസത്തിനിടെ കുട്ടികള്‍ ഉള്‍പ്പെടെ മുങ്ങിമരിച്ചത് പത്തോളം പേര്‍

Published : 13th September 2017 | Posted By: fsq

 

കാസര്‍കോട്: കഴിഞ്ഞ ഒരു മാസത്തിനിടയില്‍ പിഞ്ചു കുഞ്ഞുങ്ങളടക്കം പുഴയിലും കടലിലുമായി മരിച്ചത് പത്തോളം പേര്‍. കാലവര്‍ഷം ശക്തമല്ലാതിരുന്നിട്ടും വെള്ളത്തിലുണ്ടാകുന്ന അപകടം മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഏറെ വര്‍ധിച്ചിട്ടുണ്ട്. അപകടമുണ്ടായാല്‍ രക്ഷാപ്രവര്‍ത്തനത്തിനുണ്ടാകുന്ന കാലതാമസമാണ് മരണ സംഖ്യകൂടാന്‍ ഇടയാക്കുന്നത്. പുഴയില്‍ ഒഴുക്കില്‍പെട്ടവരെ രക്ഷിക്കാനുള്ള സംവിധാനം ഫയര്‍ഫോഴ്‌സിനും തീരദേശ പോലിസിനും പരിമിതമാണ്. ഇന്നലെ കുറ്റിക്കോലില്‍ മാതാവിനൊപ്പം തുണി അലക്കാന്‍ പോയ പ്ലസ്ടു വിദ്യാര്‍ഥിനി സിനി കുളത്തില്‍ മുങ്ങി മരിച്ചതാണ് ഏറ്റവും അവസാനത്തെ അപകടം. തിങ്കളാഴ്ച ആരിക്കാടി കടവത്തെ മൊയ്തീന്‍ കുഞ്ഞി-ഖദീജ ദമ്പതികളുടെ മകന്‍ മുനാസ് (22) സുഹൃത്തുക്കള്‍ക്കൊപ്പം മല്‍സ്യബന്ധനത്തിന് തോണിയില്‍ പോവുമ്പോള്‍ തോണി മറിഞ്ഞ് മരണപ്പെട്ടിരുന്നു. തോണി മറിഞ്ഞതോടെ സുഹൃത്തുക്കള്‍ നീന്തിരക്ഷപ്പെട്ടെങ്കിലും മുനാസ് ഒഴുക്കില്‍പെടുകയായിരുന്നു. കഴിഞ്ഞ ഒമ്പതിന് വൈകിട്ടോടെ തൃക്കരിപ്പൂരില്‍ സുഹൃത്തുക്കള്‍ക്കൊപ്പം കടല്‍ കാണാന്‍ പോയ ജഫ്‌സീര്‍ എന്ന പോളി വിദ്യാര്‍ഥി തിരയില്‍പെട്ട് മരിച്ചത്. മംഗളൂരു എസ്ഡിഎം കോളജിലെ ഒന്നാം വര്‍ഷ എല്‍എല്‍ബി വിദ്യാര്‍ഥി ചെട്ടുംകുഴി മൈത്രി കോളനിയിലെ സുനില്‍കുമാര്‍ ഏഴിനാണ് കുളത്തില്‍ മുങ്ങിമരിച്ചത്. രണ്ടു കൂട്ടുകാര്‍ക്കൊപ്പം ഉദയഗിരി നെല്‍ക്കള കോളനിയിലെ 20 അടിയോളം താഴ്ചയുള്ള കുളത്തില്‍ കുളിക്കാനെത്തിയപ്പോഴാണ് മുങ്ങിമരിച്ചത്. നീന്തല്‍ വശമില്ലാത്ത സുനില്‍ കുമാര്‍ കുളത്തില്‍ മുങ്ങിത്താഴുകയായിരുന്നു. ഈ മാസം രണ്ടിനാണ് ചേരൂരിലെ കബീര്‍-രുക്‌സാന ദമ്പതികളുടെ മകന്‍ ഷൈബാനെ കളിക്കുന്നതിനിടെ വീടിന് സമീപത്തെ പുഴയില്‍ കാണാതായത്. നാട്ടുകാരുടെ സഹായത്തോടെ പോലിസും ഫയര്‍ഫോഴ്‌സും നടത്തിയ തിരച്ചിലിനൊടുവില്‍ പിറ്റേന്ന് വൈകിട്ടോടെ കുട്ടിയുടെ മൃതദേഹം തളങ്കര ഹാര്‍ബറിനടുത്ത് കണ്ടെത്തുകയായിരുന്നു. ഇതിന് തൊട്ടുമുമ്പത്തെ ദിവസമാണ് മൊഗ്രാല്‍ നാങ്കി കടപ്പുറത്ത് ക്രിക്കറ്റ് കളിക്കുന്നതിനിടെ കൊപ്പളത്തെ മൊയ്തീന്റെ മകന്‍ ഖലീലി(20)നെ കടലില്‍ കാണാതായത്. നാലുദിവസത്തിന് ശേഷം അഞ്ചിന് വൈകിട്ടാണ് ബേക്കല്‍ കടലില്‍ മല്‍സ്യത്തൊഴിലാളികളും കോസ്റ്റല്‍ പോലിസും മൃതദേഹം കണ്ടെടുത്തത്. അന്ന് ഉച്ചയോടെ തന്നെ കര്‍ണാടക പുത്തൂര്‍ സ്വദേശിയും അണങ്കൂരില്‍ താമസക്കാരനുമായ അലി (25) എന്ന യുവാവ് പുഴയില്‍ മല്‍സ്യബന്ധനത്തിനിടെ ആരിക്കാടി പുഴയില്‍ മുങ്ങിമരിച്ചിരുന്നു. ഓണാഘോഷത്തിനായി കുന്നുംകൈയിലെത്തിയ തൃക്കരിപ്പൂര്‍ മെട്ടമ്മലിലെ കൗശികി(മൂന്ന്)നെ വീടിന് സമീപത്തെ വാട്ടര്‍ ടാങ്കില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. കഴിഞ്ഞ മാസം ആറിനാണ് ജില്ലയെ നടുക്കിയ പാണത്തൂര്‍ ബാപ്പുങ്കയത്തെ സനഫാത്തിമ ഒഴുക്കില്‍പെട്ട് മരിച്ച സംഭവമുണ്ടായത്. അങ്കണവാടിയില്‍ പോയി വീട്ടില്‍ തിരിച്ചെത്തിയ കുട്ടി സമീപത്തെ ഒവുചാലില്‍ ഒഴുക്കില്‍പെടുകയായിരുന്നു. തുടര്‍ന്ന് മൂന്ന് ദിവസത്തോളം നടത്തിയ തിരച്ചലിനിടെ പാണത്തൂര്‍ പുഴയില്‍ നിന്നാണ്് മൃതദേഹം കണ്ടെത്തിയത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss