|    Oct 20 Sat, 2018 5:54 am
FLASH NEWS

ജില്ലയില്‍ എഴുനൂറോളം പട്ടികജാതിക്കാര്‍ ഭൂരഹിതര്‍ ; വീടില്ലാത്തവരും കൂടുന്നു

Published : 6th September 2017 | Posted By: fsq

 

ഒലവക്കോട്: സംസ്ഥാനത്ത് ഭൂരഹിതരായ പട്ടികജാതിക്കാരുടെ എണ്ണം അനുദിനം വര്‍ദ്ദിക്കുമ്പോഴും പാലക്കാട് ജില്ലയില്‍ മാത്രം ഭൂരഹിതരായ പട്ടികജാതിക്കാര്‍ എഴുന്നൂറോളം പേരുള്ളതായി കണക്കുകള്‍ പറയുന്നു. വീടില്ലാത്തവരുടെയും എണ്ണം കൂടി വരികയാണ്.എന്നാല്‍ സംസ്ഥാനത്താകെ 20 16-2017 കാലയളവില്‍ 30,698 പട്ടികജാതിക്കാര്‍ക്കും സ്വന്തമായി ഭൂമിയില്ലെന്ന് കണ്ടെത്തിയിരിക്കുന്നത് ഏറെ പരിതാപകരമാണ്.ഇതില്‍ പട്ടികവര്‍ഗ്ഗത്തില്‍പ്പെട്ട 11594 പേര്‍ ഇപ്പോഴും ഭൂരഹിതരാണ്. എന്നാല്‍ 2009 -2010 കാലഘട്ടത്തില്‍ പട്ടികജാതി – പട്ടികവികസന വകുപ്പ് നടത്തിയ സര്‍വ്വേയില്‍ 25,154 പേര്‍ ഭൂരഹിതരും 16,599 പേര്‍ ഭവന രഹിതരുമാണ്. 2011 ലെ കണക്കുകളില്‍ 30,39,573 പട്ടികജാതിക്കാരാണ് സംസ്ഥാനത്തുള്ളതെന്നിരിക്കെ പട്ടികവര്‍ഗ്ഗക്കാരില്‍ ഏറ്റവും കൂടുതല്‍ ഭൂരഹിതര്‍ വയനാട് ജില്ലയിലാണ്. ഇവിടെ 8263 പേരുള്ളപ്പോള്‍ ഏറ്റവും കുറവ് തിരുവനന്തപുരത്താണ്. പാലക്കാട് ജില്ലയിലെ കണക്കുപ്രകാരം 695 പേരാണ് ഭൂരഹിതരായിട്ടുള്ളത്. നിലവിലെ വനാവകാശ നിയമ പ്രകാരം 158 പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് 758.62 ഏക്കര്‍ ഭൂമി പുതിയ സര്‍ക്കാര്‍ വിതരണം ചെയ്‌തെന്നാണറിയപ്പെടുന്നത്. എന്നാല്‍ അവശേഷിക്കുന്ന ഭൂമിയില്ലാത്ത എല്ലാ പട്ടികജാതി- പട്ടികവര്‍ഗ്ഗക്കാര്‍ക്കും സര്‍ക്കാര്‍ സഹായത്തോടെ വീടുവെക്കാന്‍ ഭൂമി കണ്ടെത്തി നല്‍കണമെന്ന് കഴിഞ്ഞ ദിവസം മന്ത്രി എ.കെ. ബാലന്‍ പറഞ്ഞിരുന്നു. കേന്ദ്രവനാവകാശം, സുപ്രിംകോടതിയുത്തരവ് എന്നിവയുടെ അടിസ്ഥാനത്തില്‍ സംസ്ഥാനത്താകെ 9000 പേര്‍ക്ക് ഇനി ഭൂമി നല്‍കുമ്പോള്‍ ബാക്കിയുള്ളവര്‍ക്ക് സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ സര്‍ക്കാര്‍ ഭൂമി വാങ്ങി നല്‍കാനാണ് പദ്ധതി. പ്ലസ്ടുവോ അതിനു മുകളിലോ യോഗ്യതയുള്ള 11,474 പട്ടിക വര്‍ഗ്ഗത്തില്‍പ്പെട്ടവര്‍ സംസ്ഥാനത്താകെ തൊഴില്‍ രഹിതരായുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. മെഡിക്കല്‍ എഞ്ചിനിയറിംഗ് ബിരുദധാരികള്‍ 354 ഉം നേഴ്‌സിംഗ് കഴിഞ്ഞവര്‍ 237 ഉം പി.ജി. കഴിഞ്ഞവര്‍ 482 ഉം  ഇപ്പോഴും തൊഴില്‍ രഹിതരാണ്. സംസ്ഥാനത്ത് ഭൂരഹിത കേരളം പദ്ധതി ഏറെ കൊട്ടിഘോഷിച്ച് നടപ്പിലാക്കുമ്പോഴും  ഭൂമിയോ അന്തിയുറങ്ങാനൊരു കുരയോ ഇല്ലാത്തവര്‍ നിരവധിയാണ്. എന്നാല്‍ പട്ടികജാതി – പട്ടികവര്‍ഗ്ഗ വികസനത്തിനായി കോടികള്‍ ചെലവിടുമ്പോള്‍ സംസ്ഥാനത്ത് അനുദിനം ഭൂരഹിതരുടെ എണ്ണത്തില്‍ വര്‍ദ്ധനയുണ്ടാവുന്നത് ആശങ്കാജനകമാണ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss