|    Jul 24 Mon, 2017 12:14 pm
FLASH NEWS

ജില്ലയില്‍ എക്‌സൈസ് കമ്മീഷണറുടെ മിന്നല്‍ പരിശോധന

Published : 19th May 2017 | Posted By: fsq

 

പയ്യന്നൂര്‍: വ്യാജമദ്യത്തിനും മയക്കുമരുന്നിനുമെതിരേ നടപടി ശക്തമാക്കുന്നതിന്റെ ഭാഗമായി എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിങ് ജില്ലയിലെ എക്‌സൈസ് ഓഫിസുകളിലും അതിര്‍ത്തി ചെക്‌പോസ്റ്റുകളിലും മിന്നല്‍പ്പരിശോധന നടത്തി. പയ്യന്നൂര്‍ എക്‌സൈസ് റേഞ്ച് ഓഫിസ്, കേരള-കര്‍ണാടക അതിര്‍ത്തി പങ്കിടുന്ന കിളിയന്തറ ചെക്‌പോസ്റ്റ്, മാഹി ചെക്‌പോസ്റ്റ് തുടങ്ങിയ കേന്ദ്രങ്ങളിലായിരുന്നു പരിശോധന. പയ്യന്നൂരില്‍ രാവിലെ 9.30ഓടെയാണ് എക്‌സൈസ് കമ്മീഷണര്‍ എത്തിയത്. ഉച്ചയ്ക്ക് 12ഓടെ കിളിയന്തറ ചെക്‌പോസ്റ്റും പരിശോധിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. സംസ്ഥാനത്ത് എല്ലാ ജില്ലകളിലും എക്‌സൈസ് ടവര്‍ സ്ഥാപിക്കുമെന്ന് കണ്ണൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ ഋഷിരാജ് സിങ് പറഞ്ഞു. നിലവില്‍ വയനാട്, തൃശൂര്‍, പാലക്കാട് ജില്ലകളിലാണ് എക്‌സൈസ് ടവറുള്ളത്. കൊല്ലത്ത് ടവറിന്റെ നടപടി പുരോഗമിക്കുന്നു. ഡെപ്യൂട്ടി കമാന്‍ഡന്റ് ഓഫിസ്, നര്‍കോട്ടിക് സെല്‍, സിഐ ഓഫിസ് തുടങ്ങിയ അഞ്ചോളം കാര്യാലയങ്ങള്‍ ഉള്‍ക്കൊള്ളുന്നതാവും ടവര്‍. ഇരിട്ടിയില്‍ എക്‌സൈസ് സര്‍ക്കിള്‍ ഓഫിസ് സ്ഥാപിക്കും. സംസ്ഥാനത്ത് അഞ്ചു സ്‌കാനിങ് മെഷീനുകളാണ്  ഉള്ളത്. കൂടുതല്‍ മെഷീനുകള്‍ ആവശ്യമാണെങ്കിലും വാങ്ങാനുള്ള ഭീമമായ ചെലവാണ് തടസം സൃഷ്ടിക്കുന്നത്. 10 വര്‍ഷം പഴക്കമുള്ള വാഹനങ്ങള്‍ ഒഴിവാക്കാന്‍ വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. 138 വനിത ജീവനക്കാര്‍ക്ക് നിയമനം നല്‍കി പരിശീലനം നല്‍കിവരികയാണ്. 150 ഓളം പ്രിവന്റീവ് ഓഫിസര്‍മാര്‍ക്കും നിയമനം നല്‍കി. നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള നടപടികള്‍ ശക്തമാക്കുമ്പോഴും ലഹരിക്കായി പുതുവഴികള്‍ തേടുന്ന പ്രവണത കൂടുകയാണ്. കണ്ണൂര്‍ ജില്ലയില്‍ കഴിഞ്ഞ വര്‍ഷം 1600 കേസുകളാണ് ആകെ റിപോര്‍ട്ട് ചെയ്തത്. എന്നാല്‍ ഈ വര്‍ഷം  നാലുമാസത്തിനുള്ളില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം 570 ആയി. കഴിഞ്ഞ ജൂണ്‍ ഒന്നുമുതല്‍ ഏപ്രില്‍ വരെ  സംസ്ഥാനത്ത് 1,37,000 റെയ്ഡുകളാണ് എക്‌സൈസ് വകുപ്പ് നടത്തിയത്. 25500 അബ്കാരി കേസെടുത്തതില്‍ 23,490 പേരെ ജയിലിലടച്ചു. 3908 ലഹരിയുപയോഗ കേസുകളില്‍ 4332 പേരെ ജയിലിലടച്ചു. 300 ടണ്‍ ലഹരിവസ്തുക്കള്‍ നശിപ്പിച്ചു. 1 കോടി രൂപയാണ് പിഴ ഇനത്തില്‍ ലഭിച്ചത്. ചാരായം 4000 ലിറ്ററും ഇന്ത്യന്‍ നിര്‍മിത വിദേശമദ്യം 38,000 ലിറ്ററും അരിഷ്ടം 20,000 ലിറ്ററും വാഷ് 1,82,000 ലിറ്ററും ബിയര്‍ 6000 ലിറ്ററും കഞ്ചാവ് 865 കിലോയും കഞ്ചാവുചെടി 2299 കിലോയും പിടിച്ചെടുത്തു. 1553 വാഹനങ്ങള്‍ പിടികൂടിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡെപ്യൂട്ടി കമ്മീഷണര്‍ വി വി സുരേന്ദ്രന്‍, അസിസ്റ്റന്റ് കമ്മീഷണര്‍ ചന്ദ്രപാലന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക