|    Nov 14 Wed, 2018 7:03 pm
FLASH NEWS

ജില്ലയില്‍ ഇ-ഹെല്‍ത്ത് പദ്ധതി നടപ്പാക്കും

Published : 19th July 2018 | Posted By: kasim kzm

മലപ്പുറം: ജില്ലയിലെ മുഴുവന്‍ ജനങ്ങളുടെയും ആരോഗ്യ വിവരങ്ങള്‍ വിരല്‍ തുമ്പില്‍ ലഭ്യമാവുന്ന ഇ-ഹെല്‍ത്ത് പദ്ധതിക്കു തുടക്കമാവുന്നു. സര്‍ക്കാര്‍ അലോപ്പതി ആരോഗ്യചികില്‍സാ കേന്ദ്രങ്ങളിലെ എല്ലാ പ്രവര്‍ത്തനങ്ങളും പരസ്പരം ബന്ധിപ്പിക്കുന്നതാണ് പദ്ധതി. മറ്റു ജില്ലകളില്‍ കൂടി പദ്ധതി വ്യാപിപ്പിക്കുന്നതോടെ കേരളത്തിലെ സര്‍ക്കാര്‍ അലോപ്പതി പൊതുജനാരോഗ്യ കേന്ദ്രങ്ങള്‍ പൂര്‍ണമായും ഒരു കേന്ദ്രീകൃത ശ്യംഖലയുടെ ഭാഗമായി മാറും. ഇതുവഴി ഇവിടെ ചികില്‍സ തേടിയെത്തുന്ന വ്യക്തികളുടെ പ്രാഥമിക വിവരങ്ങള്‍, രോഗം, നല്‍കുന്ന ചികില്‍സ, ആരോഗ്യം സംബന്ധിക്കുന്ന പൊതുവിവരങ്ങള്‍ എന്നിവ ഡിജിറ്റല്‍ രീതിയില്‍ ശേഖരിച്ച് സൂക്ഷിക്കാനാവും. അതോടൊപ്പം ആരോഗ്യ, സാമൂഹിക പ്രവര്‍ത്തകര്‍ തങ്ങളുടെ ദൈനംദിന പ്രവര്‍ത്തനത്തിന്റെ ഭാഗമായി ശേഖരിക്കുന്ന സാമൂഹിക, ആരോഗ്യ വിവരങ്ങള്‍ അവര്‍ക്കു ലഭ്യമാക്കുന്ന ടാബ്‌ലെറ്റ് കംപ്യൂട്ടറുകള്‍ ഉപയോഗിച്ചു അപ്‌ലോഡ് ചെയ്യും.
ഓരോ വ്യക്തിയുടേയും ആധാര്‍, തിരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ് മുതലായ ഏതെങ്കിലും ഒരു തിരിച്ചറിയല്‍ രേഖയുടെ നമ്പര്‍ മുഖേന ബന്ധിപ്പിച്ച് ഓരോ വ്യക്തിയുടെയും ആരോഗ്യസംബന്ധിയായ വിവരങ്ങളുടെ സമഗ്രത ഉറപ്പാക്കും. സാംക്രമിക രോഗങ്ങളുടെ ഉത്ഭവവും വ്യാപനവും യഥാവസരം കണ്ടെത്തുതിന് സമയബന്ധിതമായ നടപടി സ്വീകരിക്കുന്നതിനും ഇതു വഴിയൊരുക്കും. വ്യക്തികളുടെ ചികില്‍സാരേഖകള്‍ കേന്ദ്രീകൃത ഡാറ്റാബേസില്‍ ലഭ്യമാക്കുക വഴി അവര്‍ സംസ്ഥാനത്തെ ഏതു സര്‍ക്കാര്‍ അലോപ്പതി ആശുപത്രിയില്‍ ചികില്‍സ തേടിയാലും തടസ്സമില്ലാതെയുള്ള തുടര്‍ചികില്‍സ ഉറപ്പാക്കാന്‍ സാധിക്കും. കംപ്യൂട്ടര്‍ അധിഷ്ഠിതമായ മാനേജ്‌മെന്റ്് സംവിധാനം നിലവില്‍ വരുന്നതോടെ ഒപി വിഭാഗം, ലബോറട്ടറി, ഫാര്‍മസി, എക്‌സറേ, സ്‌കാനിങ്് എന്നിവിടങ്ങളില്‍ അനുഭവപ്പെടുന്ന തിരക്കും കാലതാമസവും ഒഴിവാക്കാനാവും.  കടലാസുരഹിത രീതി പൊതുജനാരോഗ്യ പ്രവര്‍ത്തകരുടെ ജോലിഭാരം ലഘൂകരിക്കുന്നതോടൊപ്പം ശാസ്ത്രീയമായ സേവനം നല്‍കുന്നതിനുകൂടി ഉപകരിക്കും.  ജനങ്ങള്‍ക്കു നിലവില്‍ ലഭ്യമായിക്കൊണ്ടിരിക്കുന്ന വിവിധങ്ങളായ ക്ഷേമ പരിരക്ഷകളുടെ കൃത്യത ഉറപ്പുവരുത്തുന്നതിനും അര്‍ഹരായവര്‍ തന്നെയാണു അതിന്റെ ഗുണഭോക്താക്കളെന്ന് ഉറപ്പുവരുത്തുന്നതിനും സാധിക്കും. മാത്രമല്ല, ആരോഗ്യവകുപ്പില്‍ നിന്നു ലഭിക്കേണ്ട വിവിധ സര്‍ട്ടിഫിക്കറ്റുകള്‍ സമയബന്ധിതമായി വിതരണം നടത്താനും സാധിക്കും. വ്യക്തികളുടെ ആരോഗ്യ സംബന്ധമായ വിവരങ്ങള്‍ എന്നതിലുപരി വിവിധ ആശുപത്രികളെ സംബന്ധിച്ചും ഓരോ സ്ഥലത്തും ലഭ്യമാവുന്ന സ്‌പെഷ്യാലിറ്റി സൗകര്യങ്ങള്‍, ഓണ്‍ലൈന്‍ ബുക്കിങ്, പേയ്‌മെന്റ് തുടങ്ങിയവ ലഭിക്കുന്ന വെബ് പോര്‍ട്ടല്‍ ഉടന്‍തന്നെ പൊതുജനങ്ങള്‍ക്ക് ലഭ്യമാവും. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അനുശാസിക്കുന്ന ഇലക്ട്രോണിക് മെഡിക്കല്‍ റെക്കോര്‍ഡ്‌സ് സ്റ്റാന്‍ഡാര്‍ഡുകള്‍ക്ക് അനുസൃതമായാണ് പദ്ധതി നടപ്പാക്കുന്നത്. മരുന്നുകള്‍, ഉപകരണങ്ങള്‍ എന്നിവയെല്ലാം അന്താരാഷ്ട്ര കോഡിങ് സിസ്റ്റത്തിലേയ്ക്ക് മാറ്റി സോഫ്റ്റ്‌വെയറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വൈദ്യശാസ്ത്ര ഗവേഷണം, ആശുപത്രികളുടെ ഗുണനിലവാരം മെച്ചപ്പെടുത്തല്‍, ആരോഗ്യ സംരക്ഷണ നയപരിപാടികളുടെ രൂപീകരണം, പകര്‍ച്ചവ്യാധി നിയന്ത്രണം തുടങ്ങിയ മേഖലകളില്‍ സമഗ്രമായ പുരോഗതിക്ക് ഈ പദ്ധതി സഹായകമാവും. പദ്ധതിയുടെ ഭാഗമായുള്ള വിവര ശേഖരണം ജില്ലയില്‍ ഉടന്‍ ആരംഭിക്കും. പ്രാദേശിക തലങ്ങളില്‍ ജനപ്രതിനിധികളുടെ സഹകരണത്തോടെ സാമൂഹിക, ആരോഗ്യ പ്രവര്‍ത്തകരാണ് വിവരണ ശേഖരണത്തിന് നേതൃത്വം നല്‍കുക. ഇ-ഹെല്‍ത്ത് പദ്ധതിയുടെ ഭാഗമായി ശേഖരിക്കുന്ന വിവരങ്ങള്‍ സുരക്ഷിതമാണെന്നും പൊതുജനങ്ങള്‍ പദ്ധതിയുമായി പൂര്‍ണമായി സഹകരിക്കണമെന്നും ജില്ലാ കലക്ടര്‍ അമിത് മീണ അഭ്യര്‍ത്ഥിച്ചു. ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം പദ്ധതിയുടെ അവലോകനം നടത്തി. ഡിഎംഒ ഡോ.കെ സക്കീന, ഇ ഹെല്‍ത്ത് സംസ്ഥാന നോഡല്‍ ഓഫിസര്‍ ഡോ.നിജു തുടങ്ങിയവര്‍ പങ്കെടുത്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss