|    Nov 21 Wed, 2018 9:49 am
FLASH NEWS

ജില്ലയില്‍ ഇരുന്നൂറിലേറെ വീടുകള്‍ തകര്‍ന്നു; 633 പേര്‍ ദുരിതാശ്വാസ ക്യാംപുകളില്‍

Published : 11th August 2018 | Posted By: kasim kzm

കണ്ണൂര്‍: ഉരുള്‍പൊട്ടലും മലവെള്ളവും ദുരിതം വിതച്ച മലയോര മേഖലയില്‍ 198 കുടുംബങ്ങളിലായി 633 പേരെ ദുരിതാശ്വാസ ക്യാംപുകളിലേക്ക് മാറ്റി. ജില്ലയില്‍ ആകെ 205 വീടുകള്‍ക്ക് നാശം സംഭവിച്ചു. ഇതില്‍ 21 വീടുകള്‍ പൂര്‍ണമായും 184 എണ്ണം ഭാഗികമായും തകര്‍ന്നു. ഇരിട്ടി താലൂക്കില്‍ 18 വീടുകള്‍ പൂര്‍ണമായും തകര്‍ന്നപ്പോള്‍ 64 വീടുകള്‍ക്ക് ഭാഗിക നാശമുണ്ടായി. തളിപ്പറമ്പ് താലൂക്കില്‍ 3 വീടുകള്‍ പൂര്‍ണമായും 120 വീടുകള്‍ ഭാഗികമായും തകര്‍ന്നു. ഇരിട്ടി, തളിപ്പറമ്പ് താലൂക്കുകളില്‍ മുന്നൂറോളം വീടുകള്‍ ഇപ്പോഴും വെള്ളംകയറിയ നിലയിലാണ് .
അയ്യംകുന്ന്, നുച്യാട്, വയത്തൂര്‍, ചാവശ്ശേരി, കോളാരി, വിളമന, കേളകം, ആറളം, ഇരിക്കൂര്‍, കൊട്ടിയൂര്‍, എരിവേശ്ശി, ചെങ്ങളായി, ഉളിക്കല്‍ വില്ലേജുകളിലാണ് നാശനഷ്ടങ്ങള്‍ ഏറെയും. എരിവേശ്ശി, ഉളിക്കല്‍, കേളകം, അയ്യങ്കുന്ന് വില്ലേജുകളിലുണ്ടായ മണ്ണിടിച്ചിലില്‍ 5266840 രൂപയുടെ കൃഷി നശിച്ചു. തളിപ്പറമ്പ് താലൂക്കിലെ ക്യാംപുകള്‍ ഉച്ചയോടെ പിരിച്ചുവിട്ടു. ഇരിട്ടി താലൂക്കിലെ അയ്യംകുന്ന് വില്ലേജിലെ കച്ചേരിക്കടവ് സെന്റ് ജോര്‍ജ് എല്‍പി സ്—കൂള്‍ (37 പേര്‍), കൊട്ടിയൂര്‍ വില്ലേജ് അമ്പായത്തോട് സെന്റ് ജോര്‍ജ് യുപി സ്—കൂള്‍ (207 പേര്‍), മാങ്ങോട് നിര്‍മല എല്‍പി സ്—കൂള്‍ (122 പേര്‍), വയത്തൂര്‍ വില്ലേജിലെ വിവിധ വീടുകളിലായി അറബിക്കുളം (18 പേര്‍), കോളിത്തട്ട് (40 പേര്‍), പീടികക്കുന്ന് (34 പേര്‍), അയ്യംകുന്ന് മുണ്ടയാംപറമ്പ് ദേവസ്വം എല്‍പി സ്—കൂള്‍ (46), ആറളം ഫാം അങ്കണവാടി (110), കൊട്ടിയൂര്‍ വില്ലേജിലെ ചുങ്കക്കുന്ന്് ഗവ. യുപി സ്—കൂള്‍ (19) എന്നിവിടങ്ങളിലാണു ക്യാപുകള്‍ ഉള്ളത്. ഇരിട്ടി വള്ളിത്തോട് പിഎച്ച്‌സി കെട്ടിടത്തിലേക്ക്— മണ്ണിടിഞ്ഞു വീണതിനെ തുടര്‍ന്ന് പ്രവര്‍ത്തനം സമീപത്തെ കെട്ടിടത്തിലേക്കു മാറ്റി.
കോളിത്തട്ട് മാട്ടറയില്‍ മലയിടിച്ചിലിനെ തുടര്‍ന്ന് വലിയ പാറക്കെട്ടുകള്‍ താഴേക്ക് പതിക്കാന്‍ സാധ്യതയുള്ളതിനാല്‍ താഴ്ഭാഗത്തെ വീടുകളിലുള്ളവരോട് മാറിത്താമസിക്കാന്‍ തഹസില്‍ദാര്‍ കെ കെ ദിവാകരന്‍ നിര്‍ദേശം നല്‍കി. 80 സൈനികര്‍ ഈ മേഖലയില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സജീവമാണ്. ദുരിതാശ്വാസ ക്യാംപുകളില്‍ ഇരിട്ടി താലൂക്ക് ആശുപത്രി സൂപ്രണ്ടിന്റെ നേതൃത്വത്തില്‍ മെഡിക്കല്‍ സംഘം സന്ദര്‍ശിച്ച് മരുന്നുകള്‍ വിതരണം ചെയ്തു.
ജില്ലയിലെ കുടിവെള്ള പദ്ധതികളുടെ പ്രധാന സ്രോതസ്സായ വളപട്ടണം പുഴ മലയോര മേഖലയിലെ ഉരുള്‍പൊട്ടലും മലവെള്ളവും കാരണം കലങ്ങിയതിനാല്‍ പമ്പിങ് നിര്‍ത്തിവച്ചിരിക്കുകയാണ്. ഇതിനാല്‍ കണ്ണൂര്‍, പെരളശ്ശേരി, കൊളച്ചേരി ശുദ്ധജലവിതരണ പദ്ധതികള്‍ വഴിയുള്ള ജലവിതരണം മുടങ്ങി.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss