|    Aug 21 Mon, 2017 12:16 pm

ജില്ലയില്‍ ആറു മാസത്തിനിടെ വാഹനാപകടങ്ങള്‍ വര്‍ധിച്ചതായി കണക്കുകള്‍

Published : 7th August 2017 | Posted By: fsq

 

ഒലവക്കോട്: ജില്ലയില്‍ കഴിഞ്ഞ ആറു മാസത്തിനുള്ളില്‍ നടന്ന 1254 വാഹനാപകടങ്ങളില്‍ 212 പേര്‍ മരിക്കുകയും 1352 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള മാസങ്ങളിലാണ്  ഇത്രയധികം അപകടങ്ങള്‍  ഉണ്ടായത്. അമിത വേഗതയും അശ്രദ്ധയും മദ്യപിച്ച്  വാഹനമോടിക്കുന്നതും മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് വാഹനം ഓടിക്കുന്നതുമാണ് അപകടങ്ങള്‍ പെരുകാന്‍ കാരണമെന്ന് ട്രാഫിക്ക് പോലിസ് ഉദ്യോഗസ്ഥര്‍ പറയുന്നു. ഇരുചക്രവാഹനങ്ങ ള്‍ അപകടത്തില്‍പ്പെട്ടാണ് കൂടുതല്‍ പേര്‍ക്ക്് പരിക്കേല്‍ക്കുന്നതും മരിക്കുന്നതും. ഇങ്ങനെ അപകടം സംഭവിക്കുന്നത് ഏറെയും യുവാക്കള്‍ക്കാണ്. അപകടത്തില്‍പ്പെടുന്നവര്‍ ഏറെയും ഹെല്‍മെറ്റ് ഉപയോഗിക്കാത്തതിനാല്‍ തലയ്ക്ക് ഗുരുതരമായി പരിക്കേല്‍ക്കുന്നതിനാലാണ് മരണം സംഭവിക്കുന്നത്. അപകടങ്ങള്‍ അധികവും രാത്രിയിലാണ് സംഭവിക്കുന്നത്. രാത്രി കാലങ്ങളില്‍ റോഡുകളില്‍ തിരക്ക് കുറവായതിനാല്‍ മിക്ക വാഹനങ്ങളും അമിത വേഗത്തിലാണ് യാത്ര. ഇതില്‍ അപകടത്തില്‍പെടുന്നതില്‍ ഭൂരിഭാഗം പേരും മദ്യപിച്ചാണ് വാഹനം ഓടിക്കുന്നതും. റോഡ് നിര്‍മാണത്തിലെ അപാകതയും സുരക്ഷാ ക്രമീകരണങ്ങളുടെ വീഴ്ചയും പല മേഖലയിലും അപകടങ്ങള്‍ക്കിടയാക്കുന്നുണ്ട്. ഔദ്യോഗിക കണക്ക് പ്രകാരം 2010 മുതല്‍ 2017 വരെയുള്ള വര്‍ഷങ്ങളില്‍ ജില്ലയില്‍ 17108 വാഹനാപകടങ്ങളാണ് ഉണ്ടായത്. ഇതില്‍ 2770 പേര്‍ മരിക്കുകയും 19299 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഓരോ വര്‍ഷം കഴിയുംതോറും ഇരട്ടിയിലധികം മരണങ്ങളും അപകടങ്ങളുമാണ് റിപോര്‍ട്ട് ചെയ്യപ്പെടുന്നത്. ഏറ്റവുമധികം അപകടങ്ങള്‍ നടന്നിട്ടുള്ളത് ദേശീയ പാതയിലാണ്.  വലിയ അപകടങ്ങളും മരണങ്ങളും മാത്രമാണ് ഔദ്യോഗിക രേഖകളില്‍ ഉണ്ടാവുക. ചെറിയ അപകടങ്ങളൊന്നും കണക്കുകളില്‍ പെടാറില്ല. അതും  കൂടി ചേര്‍ക്കുമ്പോള്‍ വാഹനാപകടങ്ങളുടെ എണ്ണം പതിന്‍മടങ്ങ് വര്‍ധിക്കും. റോഡ് നിര്‍മാണത്തിലെ അശാസ്ത്രീയതയാണ് അപകടങ്ങള്‍ വര്‍ധിക്കാന്‍ കാരണമെന്നാണ് റോഡ് സുരക്ഷാ കമ്മീഷന്‍ വിലയിരുത്തുന്നത്. ഒട്ടുമിക്ക സ്ഥലങ്ങളിലും കൊടും വളവുകളിലും അപകട മേഖലകളിലും മുന്നറിയിപ്പ് ബോര്‍ഡുകള്‍ പോലും സ്ഥാപിച്ചിട്ടില്ല. രാത്രി കാലങ്ങളില്‍ തെരുവു വിളക്കുകള്‍ പ്രകാശിക്കാത്തതും അപകടങ്ങള്‍ക്ക് കാരണമാവുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക