|    Oct 16 Tue, 2018 2:57 am
FLASH NEWS

ജില്ലയില്‍ ആധാറുമായി ബന്ധിപ്പിച്ചത് 85 ശതമാനത്തോളം റേഷന്‍ കാര്‍ഡുകള്‍

Published : 26th September 2017 | Posted By: fsq

 

തൃശൂര്‍: ജില്ലയില്‍ 85 ശതമാനത്തോളം റേഷന്‍ കാര്‍ഡുകള്‍ ആധാറുമായി ബന്ധിപ്പിച്ചതായി ജില്ലാ സപ്ലൈ ഓഫീസ് അറിയിച്ചു. 95 ശതമാനമെങ്കിലും റേഷന്‍ കാര്‍ഡുകള്‍ ആധാറുമായി ബന്ധിപ്പിക്കണമെന്നും അത് എത്രയും വേഗത്തിലാക്കണമെന്നുമാണ് സര്‍ക്കാര്‍ നിര്‍ദ്ദേശമെന്നും അറിയിച്ചു.അവസാന തീയതി സംബന്ധിച്ച് അറിയിപ്പൊന്നുമില്ല. എന്നാല്‍ ആധാറുമായി ബന്ധിപ്പിക്കാത്ത റേഷന്‍ കാര്‍ഡുടമകള്‍ക്ക് നവംബര്‍ മുതല്‍ റേഷന്‍ സബ്‌സിഡി ലഭിക്കില്ലെന്നു കേന്ദ്രം വ്യക്തമാക്കിയതുകൊണ്ടാണ് എത്രയും വേഗം എന്നു സംസ്ഥാനസര്‍ക്കാരിന്റെ നിര്‍ദേശം. റേഷന്‍ കടയില്‍നിന്നു സബ്‌സിഡി നിരക്കില്‍ ഭക്ഷ്യധാന്യം ലഭിക്കുന്നതിനും ഭക്ഷ്യ സബ്‌സിഡി പണമായി ലഭിക്കുന്നതിനുമാണ് ആധാര്‍ നിര്‍ബന്ധമാക്കിയിരിക്കുന്നത്. അസം, മേഘാലയ, ജമ്മു കശ്മീര്‍ എന്നിവയൊഴികെ രാജ്യത്തുടനീളമാണ് ആധാര്‍ നിര്‍ബന്ധമാക്കിയിരിക്കുന്നത്. പുതിയ റേഷന്‍ കാര്‍ഡിനുള്ള അപേക്ഷ സ്വീകരിച്ച ഘട്ടത്തില്‍തന്നെ മിക്കവാറും ഉപഭോക്താക്കള്‍ ആധാര്‍ നമ്പറുകള്‍ രേഖപ്പെടുത്തിയിരുന്നു. കുട്ടികള്‍, പ്രവാസികള്‍ തുടങ്ങിയവരുടെ കാര്യത്തില്‍ ആധാര്‍ കാര്‍ഡില്ലാത്തവരാണെങ്കില്‍ അവരെ ഒഴിവാക്കാമെന്നും നിര്‍ദേശമുണ്ട്. തുടര്‍ന്നും റേഷന്‍കടകള്‍ വഴിയാണ് ആധാര്‍ ബന്ധിപ്പിക്കല്‍ നടത്തുക. ഇത്തരം കാര്യങ്ങള്‍ സംബന്ധിച്ച കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗത്തില്‍ താലൂക്ക് സപ്ലൈ ഓഫിസര്‍മാര്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. എന്നാല്‍ ചില റേഷന്‍ കട ഉടമകള്‍ ആധാര്‍ ബന്ധിപ്പിക്കുന്നത് സംബന്ധിച്ച് പ്രത്യേക നിര്‍ദ്ദേശമൊന്നും ലഭിച്ചിട്ടില്ലെന്നും പറഞ്ഞു. ജില്ലയില്‍ ഏഴു ലക്ഷത്തിലേറെ റേഷന്‍ കാര്‍ഡുകളാണുള്ളത്. തൃശൂര്‍ താലൂക്കില്‍ മാത്രം 2.14 ലക്ഷമുണ്ട്. തൃശൂര്‍ താലൂക്കില്‍ 80 ശതമാനം റേഷന്‍ കാര്‍ഡുകളും ആധാറുമായി ബന്ധിപ്പിച്ചു കഴിഞ്ഞു. തൃശൂര്‍ കോര്‍പ്പറേഷനടക്കമുള്ള ചില നഗരങ്ങളിലെ ഉപഭോക്താക്കളുടെ സംശയങ്ങള്‍ കാരണം ഇവിടങ്ങളിലെ ആധാര്‍ ബന്ധിപ്പിക്കല്‍ വൈകുന്നുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss