|    Feb 24 Sat, 2018 9:46 pm
FLASH NEWS

ജില്ലയില്‍ ആദ്യദിനം 1,98,282 കുട്ടികള്‍ക്ക് തുള്ളിമരുന്ന് നല്‍കി

Published : 30th January 2017 | Posted By: fsq

 

കൊച്ചി: പള്‍സ് പോളിയോ ഇമ്മ്യൂനൈസേഷന്‍ പരിപാടിയുടെ ആദ്യ ദിനത്തില്‍ ജില്ലയില്‍ പ്രത്യേകം തയ്യാറാക്കിയ 1806 പള്‍സ് പോളിയോ ബൂത്തുകളിലൂടെയും,  73 മൊബൈല്‍ ബൂത്തുകളിലൂടെയും, ബസ് സ്റ്റാന്റുകളിലും, റെയില്‍വേ സ്റ്റേഷനുകളിലുമായി ഒരുക്കിയ  54 ട്രാന്‍സിറ്റ് ബൂത്തുകള്‍ വഴിയുമായി കുട്ടികള്‍ക്ക് തുള്ളിമരുന്ന് നല്‍കി. ഇതില്‍ 5023 ഇതര സംസ്ഥാന കുട്ടികളാണ്. 5 വയസ്സിനു താഴെയുള്ള 2,22,397  കുട്ടികള്‍ക്ക് തുള്ളിമരുന്ന് നല്‍കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്.  ഇന്നലെ ബൂത്തുകളിലെത്തി തുള്ളിമരുന്ന് നല്‍കാന്‍ സാധിക്കാത്തവര്‍ക്ക് ഇന്ന്  വീടുകളിലെത്തി ആരോഗ്യപ്രവര്‍ത്തകര്‍ തുള്ളിമരുന്ന് നല്‍കുന്നതാണ്. പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ പരിപാടിയുടെ  ജില്ലാതല  ഉദ്ഘാടനം എറണാകുളം  ആശുപത്രിയില്‍  ഹൈബി ഈഡന്‍ എംഎല്‍എ നിര്‍വഹിച്ചു.. യോഗത്തില്‍ കൊച്ചി മേയര്‍ സൗമിനി ജെയിന്‍ അധ്യക്ഷത വഹിച്ചു. മറ്റു രാജ്യങ്ങളില്‍ നിന്നും സംസ്ഥാനങ്ങളില്‍ നിന്നും വളരെയധികം ആളുകള്‍ വന്നു പോകുന്ന എറണാകുളം പോലെയുള്ള സ്ഥലത്ത് പള്‍സ് പോളിയോ പരിപാടി വിജയിപ്പിക്കുവാന്‍ എല്ലാവരും ആത്മാര്‍ഥമായി സഹകരിക്കണമെന്ന് മേയര്‍ ആവശ്യപ്പെട്ടു.  എറണാകുളം സബ് കലക്ടര്‍ ഡോ. ആദില അബ്ദുല്ല  മുഖ്യാതിഥിയായി പങ്കെടുത്തു. സര്‍ക്കാര്‍ ആരോഗ്യകേന്ദ്രങ്ങളില്‍ കുറ്റമറ്റ രീതിയിലാണ് വാക്‌സിനേഷനും അനുബന്ധ സേവനങ്ങളും നടക്കുന്നത്. അത് എല്ലാവരും പ്രയോജനപ്പെടുത്തണമെന്ന് സബ് കലക്ടര്‍ അഭ്യര്‍ഥിച്ചു. ജില്ലാ മെഡിക്കല്‍ ഓഫിസര്‍ (ആരോഗ്യം) ഡോ. എന്‍ കെ കുട്ടപ്പന്‍, കൊച്ചി നഗരസഭ സ്ഥിരം സമിതി അധ്യക്ഷരായ അഡ്വ. വി കെ മിനിമോള്‍, കെ വി പി കൃഷ്ണകുമാര്‍, സംസ്ഥാന ആരോഗ്യ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. ജി നന്ദിനി, ഐഎംഎ ജില്ലാ പ്രസിഡന്റ് ഡോ. നാരായണന്‍, ഐഎപി ജില്ലാ പ്രസിഡന്റ് ഡോ. കെ സി ജോര്‍ജ്, റോട്ടറി ഡിസ്ട്രിക്റ്റ് ഗവര്‍ണര്‍ ഡോ. എ പ്രകാശ് ചന്ദ്രന്‍, ജില്ലാ ആര്‍സിഎച്ച് ഓഫിസര്‍ ഡോ. കെ ആര്‍ വിദ്യ, സംസ്ഥാന ഒബ്‌സര്‍വര്‍ ചന്ദ്രലത സംസാരിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss