|    May 25 Thu, 2017 7:02 am
FLASH NEWS

ജില്ലയില്‍ അനര്‍ഹരായ 25,000 ഓളം ബിപിഎല്‍ കാര്‍ഡുടമകള്‍

Published : 12th July 2016 | Posted By: SMR

ടിപി ജലാല്‍

മഞ്ചേരി: മലപ്പുറം ജില്ലയില്‍ 25,000 ഓളം ബിപിഎല്‍ കാര്‍ഡുകള്‍ അര്‍ഹതയില്ലാത്തവര്‍ ഉപയോഗിക്കുന്നതായി പരാതി. നിത്യവൃത്തിക്ക് പണം കണ്ടെത്താന്‍ പെടാപാടുപെടുന്ന പാവപ്പെട്ടവര്‍ക്ക് ലഭിക്കേണ്ട അനുകൂല്യങ്ങളാണ് ഇത്തരത്തില്‍ ഉദ്യോഗസ്ഥരടങ്ങുന്ന കുടുംബങ്ങള്‍ 1995 മുതല്‍ ദുരുപയോഗം ചെയ്യുന്നത്. ഇതില്‍ കെഎസ്ആര്‍ടിസി, പോലിസ്, അധ്യാപകര്‍, ബാങ്കുദ്യോഗസ്ഥര്‍, കലക്ടറേറ്റ് ജീവനക്കാര്‍, ആദായനികുതി അടയ്ക്കുന്നവര്‍, ഒരേക്കറില്‍ കൂടുതല്‍ സ്ഥലമുള്ളവര്‍, ലക്ഷ്വറി കാറുടമകള്‍ എന്നിവരും ഉള്‍പെടുമെന്നതാണ് വിവരം. ബിപിഎല്‍ കാര്‍ഡിന് പുറമെ എഎവൈ(അന്ത്യോദയ അന്നയോജന) കാര്‍ഡുകളും ദുരുപയോഗം ചെയ്തുവരുന്നുണ്ട്. ജില്ലയിലെ ഒരു അധ്യാപക കുടുംബം എഎവൈ കാര്‍ഡുപയോഗിച്ചത് നാട്ടുകാര്‍ പരാതിപ്പെട്ടെങ്കിലും കാര്‍ഡ് മാറുന്നതുവരെയുള്ള അനൂകൂല്യം കൊടുക്കാന്‍ അധികൃതര്‍ തീരുമാനിച്ചത് വിവാദമായിരുന്നു. ഇത്തരം പരാതികളില്‍ അധികൃതര്‍ക്ക് വിശദീകരണം നല്‍കാന്‍പോലും ബിപിഎല്‍ കാര്‍ഡുടമകള്‍ വരുന്നത് ലക്ഷങ്ങള്‍ വില വരുന്ന കാറിലാണെന്നതാണ് ഏറെ രസകരം.
ബിപിഎല്‍ കാര്‍ഡുടമകള്‍ക്ക് 22 കിലോ അരി ഒരു രൂപയ്ക്കും എഎവൈ കാര്‍ഡിന് 35 കിലോ സൗജന്യമായുമാണ് നല്‍കിയിരുന്നത്. ഇപ്പോള്‍ ബിപിഎലിനും അരി സൗജന്യമാണ്. ഇങ്ങനെ ലഭിക്കുന്ന അരി കിലോ 13മുതല്‍ 20 രൂപയ്ക്ക് വരെ വില്‍പന നടത്തുന്നവരുണ്ട്. ജില്ലയില്‍ കഴിഞ്ഞ രണ്ടു വര്‍ഷത്തിനുള്ളില്‍ ആയിരത്തോളം ബിപിഎല്‍ കാര്‍ഡുകള്‍ എപിഎല്‍ ആക്കിയെങ്കിലും ഗുരുതരമായ പരാതികളില്‍ ഇതുവരെ നടപടിയെടുത്തിട്ടില്ല. ഈ ഫയലുകള്‍ ഇപ്പോഴും കെട്ടിക്കിടക്കുന്നുണ്ട്. പ്രധാനമായും രാഷ്ട്രീയപാര്‍ട്ടികളാണ് അനര്‍ഹര്‍ക്ക് ബിപിഎല്‍ കാര്‍ഡ് തയ്യാറാക്കിക്കൊടുക്കുന്നതെന്ന് ആരോപണമുണ്ട്. ഒരു വീട്ടില്‍ അഞ്ചിലധികം വോട്ടുകളുണ്ടെങ്കില്‍ ഇത്തരക്കാരുടെ എപിഎല്‍ കാര്‍ഡ് ബിപിഎല്‍ ആക്കി നല്‍കാനാണ് മുന്നിട്ടിറങ്ങുന്നത്. 1995ലെ നഗരപാലിക ബില്‍ പാസാക്കിയതോടെയാണ് ബിപിഎല്‍ കാര്‍ഡുകള്‍ വര്‍ധിച്ചത്. ഈ മാസം 14ന് അനര്‍ഹരായ ബിപിഎല്‍ കാര്‍ഡുകള്‍ അതാത് താലൂക്ക് സപ്ലൈ ഓഫിസുകളില്‍ സമര്‍പ്പിക്കണമെന്ന് അറിയിപ്പുണ്ടെങ്കിലും മിക്കയാളുകളും സമര്‍പ്പിക്കാന്‍ സാധ്യത കുറവാണ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day