|    Apr 26 Thu, 2018 3:17 pm
FLASH NEWS

ജില്ലയില്‍ അക്രമം; ആറുപേര്‍ക്ക് പരിക്ക്‌

Published : 14th October 2016 | Posted By: Abbasali tf

കോട്ടയം: ബിജെപി ഹര്‍ത്താലില്‍ കോട്ടയത്തും കാഞ്ഞിരപ്പള്ളിയിലും പാലായിലും അക്രമം. രണ്ടു പോലിസുകാരുള്‍പ്പെടെ ആറുപേര്‍ക്ക് പരിക്കേറ്റു. പാലായിലാണ് പോലിസുകാര്‍ക്കു നേരെ കൈയേറ്റം ഉണ്ടായത്. കാഞ്ഞിരപ്പള്ളിയില്‍ രണ്ടു ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു. കെഎസ്ആര്‍ടിസിയും സ്വകാര്യ ബസ്സുകളും നിരത്തിലിറങ്ങാതിരുന്നതിനെ തുടര്‍ന്ന്് ജനജീവിതം സ്്തംഭിച്ചു. ഇരുചക്ര വാഹനങ്ങളിലാണ്് ജനങ്ങള്‍ അത്യാവശ്യ യാത്ര നടത്തിയത്. കോട്ടയം നഗരത്തിലെത്തിയ ഓട്ടോകളും ഹര്‍ത്താല്‍ അനുകൂലികള്‍ തടഞ്ഞു. നഗരങ്ങളില്‍ കടകമ്പോളങ്ങള്‍ അടഞ്ഞുകിടന്നു. കോട്ടയം, പാലാ, കാഞ്ഞിരപ്പള്ളി, പൊന്‍കുന്നം, പെരുവ തുടങ്ങിയ സ്ഥലങ്ങളിലാണ് ബിജെപി പ്രവര്‍ത്തകര്‍ അക്രമം കാട്ടിയത്. കോട്ടയം നഗരത്തില്‍ രാവിലെ ബിജെപി പ്രവര്‍ത്തകര്‍ പ്രകടനം നടത്തുന്നതിനിടെ നടത്തിയ അക്രമങ്ങളുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ പത്രഫോട്ടോഗ്രാഫര്‍മാര്‍ക്കും മര്‍ദ്ദനമേറ്റു. പഴയപച്ചക്കറി മാര്‍ക്കറ്റില്‍ അടഞ്ഞു കിടന്ന കട തല്ലിത്തകര്‍ക്കുന്നത് പകര്‍ത്തുന്നതിനിടെ മലയാള മനോരമ ചീഫ് ഫോട്ടോഗ്രാഫര്‍ ആര്‍ എസ് ഗോപന് അടിയേറ്റു. മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രം പതിച്ച ഫഌക്‌സ് ബോര്‍ഡുകള്‍ നശിപ്പിക്കുന്നത് പകര്‍ത്തുന്നതിനിടെ ദേശാഭിമാനിക്കു വേണ്ടി ചിത്രമെടുക്കുന്ന വിഷ്ണുപ്രതാപിനെ കൈയേറ്റം ചെയ്തു. കാമറ പിടിച്ചുവാങ്ങി നശിപ്പിക്കുമെന്നായപ്പോള്‍ വിഷ്ണു പോലിസ് സഹായത്തോടെ രക്ഷപ്പെട്ടു. ദൃശ്യമാധ്യമങ്ങളുടെ ഫേട്ടോഗ്രാഫര്‍ക്ക് നേരേയും ഭീഷണി മുഴക്കി. കോട്ടയം നഗരത്തിലെ വിവിധ ഇടങ്ങളില്‍ സ്ഥാപിച്ച സിപിഎം-സിഐടിയു കൊടിമരങ്ങള്‍ ബിജെപിക്കാര്‍ തകര്‍ത്തു. ഇതിനിടെ ബിജെപി ജില്ലാ കമ്മിറ്റി ഓഫിസിനു നേരെ സിപിഎമ്മിന്റെ കല്ലേറുണ്ടായി. തുടര്‍ന്ന് വൈകീട്ട് ബിജെപി പ്രവര്‍ത്തകരുടെ വന്‍സംഘം ബിജെപി ജില്ലാ കമ്മിറ്റി ഓഫീസ് പരിസരത്തുനിന്ന് സിപിഎം ജില്ലാ കമ്മിറ്റി ഓഫിസ് ലക്ഷ്യമാക്കി നീങ്ങിയെങ്കിലും പോലിസിന്റെ സന്നാഹം ഇവരെ പിന്തുടര്‍ന്നതിനാല്‍ അക്രമമുണ്ടായില്ല. എന്നാല്‍ നഗരത്തില്‍ വെല്ലുവിളിച്ചുള്ള മുദ്രാവാക്യങ്ങള്‍ മുഴക്കിയാണ് ഇവര്‍ പിന്തിരിഞ്ഞത്. പാലാ: പാലായില്‍ ഓഫിസുകളില്‍ ഹാജര്‍ നില കുറഞ്ഞു. പാലാ ആശുപത്രി ജങ്ഷനില്‍ സിപിഎം കൊടിമരം തകര്‍ക്കുന്നത് തടഞ്ഞപ്പോഴാണ് പോലിസിനെ കല്ലെറിഞ്ഞത്. രണ്ട് പോലിസുകാര്‍ക്കു പരിക്കേറ്റു. കാഞ്ഞിരപ്പള്ളി: ജനറല്‍ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന ബന്ധുവിനെ സന്ദര്‍ശിക്കാനായി ബൈക്കില്‍ സഞ്ചരിച്ച ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ  ബിജെപി, ആര്‍എസ്എസ് പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചു. ചെറുവള്ളി തെക്കേത്ത്കവല സ്വദേശികളായി മുന്നോനി എന്‍ സൂരജ് (22), പടിഞ്ഞാറേകുറ്റ് വിനോദ് (31) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ചിറക്കടവ് തെക്കേത്തുകവലയില്‍ പ്രകടനം വരുന്നത് കണ്ട് ബൈക്ക് വഴിയരികില്‍ ഒതുക്കിനിര്‍ത്തിയ ഇവരെ പ്രകടനത്തില്‍ എത്തിയവര്‍ മര്‍ദ്ദിക്കുകയായിരുന്നു. ഹര്‍ത്താല്‍ ദിനത്തിലാണോ വാഹനം ഓടിക്കുന്നതെന്നു ചോദിച്ചായിരുന്നു മര്‍ദ്ദനം. കുറുവടികൊണ്ട് തലയ്ക്കും കൈക്കും പുറത്തും അടികൊണ്ട് പരിക്കേറ്റ ഇവര്‍ കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊന്‍കുന്നം പോലിസ് അറിയിച്ചു. കടുത്തുരുത്തി: ബിജെപി ഹര്‍ത്താലില്‍ പെരുവയില്‍ നേരിയ വാക്കേറ്റം. ഉച്ചയ്ക്ക് 12ഓടെ പെരുവ ജങ്ഷനിലാണ് സംഭവം. രാവിലത്തെ പ്രകടനത്തിനു ശേഷം ജങ്ഷനില്‍ നില്‍ക്കുകയായിരുന്ന ബിജെപി പ്രവര്‍ത്തകരുടെ ഇടയിലൂടെ ബൈക്കുമായെത്തിയ ഡിവൈഎഫ്‌ഐ പ്രവര്‍ത്തനെ തടയുകയും ഇവര്‍ തമ്മില്‍ വാക്കേറ്റമുണ്ടാവുകയും ചെയ്തു. തുടര്‍ന്ന് സംഘടിച്ചെത്തിയ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പെരുവ ജങ്ഷനില്‍ സ്ഥാപിച്ച ബിജെപിയുടെ രണ്ടു കൊടിമരവും ഫഌക്‌സ് ബോര്‍ഡും നശിപ്പിച്ചു. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ എത്തിയപ്പോഴേക്കും ബിജെപി പ്രവര്‍ത്തകര്‍ പോയിരുന്നു. അതിനാല്‍ സംഘര്‍ഷം ഒഴിവായി. കടുത്തുരുത്തി സിഐയുടെ നേത്യത്വത്തില്‍ വന്‍ പോലിസ് സംഘം സ്ഥലത്തെത്തി സ്ഥിതിഗതികള്‍ നിയന്ത്രിച്ചു. പൊന്‍കുന്നം: പൊന്‍കുന്നം ടൗണില്‍ ബിജെപി നടത്തിയ പ്രകടനം അക്രമം അഴിച്ചുവിട്ടു. സിപിഎമ്മിന്റെ കൊടിമരവും ബോര്‍ഡുകളും പ്രവര്‍ത്തകര്‍ നശിപ്പിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും ടൗണില്‍ പ്രകടനം നടത്തി. പ്രകടനക്കാര്‍ ബിജെപിയുടെ കൊടിമരവും ബോര്‍ഡുകളും തകര്‍ത്തു. രണ്ടു പ്രകടനങ്ങളും ടൗണില്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിക്കുകയും ഗതാഗതം തടസ്സപ്പെടുത്തുകയും ചെയ്തു. ഈരാറ്റുപേട്ട: ഈരാറ്റുപേട്ട മേഖലയില്‍ ബിജെപി പ്രവര്‍ത്തകര്‍ കട കമ്പോളങ്ങള്‍ അടപ്പിച്ചു. അനിഷ്ഠ സംഭവങ്ങളൊന്നും റിപോര്‍ട്ട് ചെയ്തിട്ടില്ല. ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരിയില്‍ കെഎസ്ആര്‍ടിസിയും സ്വകാര്യ ബസ്സുകളും സര്‍വീസ് നടത്തിയില്ല. സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഹാജര്‍ നില കുറവായിരുന്നു.കച്ചവടസ്ഥാപനങ്ങളും അടങ്ങുകിടന്നു. ഇരുചക്രവാഹനങ്ങള്‍ ഒഴികെ മറ്റു വാഹനങ്ങള്‍ നിരത്തിലിറങ്ങിയില്ല. എങ്ങും അനിഷ്ട സംഭവങ്ങളും ഉണ്ടായില്ല. രാവിലെമുതല്‍ തന്നെ നഗരത്തില്‍ പോലിസ് ശക്തമായി നിലയുറപ്പിച്ചിരുന്നു. 11ഓടെ ബിജെപി നേതാക്കളുടെ നേതൃത്വത്തില്‍ നഗരത്തില്‍ പ്രകടനവും നടന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss