|    Sep 21 Fri, 2018 8:13 pm

ജില്ലയിലെ ഹരിതകേരളം പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്തു

Published : 26th January 2017 | Posted By: fsq

 

കോട്ടയം: ഹരിത കേരളാ മിഷന്‍ വൈസ് ചെയര്‍പേഴ്‌സണ്‍ ഡോ. ടി എന്‍ സീമ ജില്ലയിലെ ഹരിത കേരളം പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്തു. മിഷന്റെ വിജയത്തിനു തുടര്‍ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി നടപ്പാക്കണമെന്ന് ജില്ലാതല ഉദ്യോഗസ്ഥരുടെ യോഗത്തില്‍ അവര്‍ നിര്‍ദേശിച്ചു. വകുപ്പുകളുടെ ഏകോപിച്ചുള്ള പ്രവര്‍ത്തനം ഇതിന് അത്യന്താപേക്ഷിതമാണ്. മിഷന്റെ പ്രധാന ദൗത്യങ്ങളായ ജലസംരക്ഷണം, കാര്‍ഷിക മുന്നേറ്റം, മാലിന്യ സംസ്‌കരണം എന്നിവയില്‍ ഏറ്റവും വലിയ പ്രതിസന്ധി ശരിയായ മാലിന്യ സംസ്‌കരണം നടപ്പാക്കുക എന്നതാണ്. ജൈവ മാലിന്യങ്ങളെ പൂര്‍ണമായും ഉറവിടങ്ങളില്‍ തന്നെ മൂല്യവര്‍ധിത ഉല്‍പന്നങ്ങളാക്കാനും പ്ലാസ്റ്റിക്, ഇവേസ്റ്റ് തുടങ്ങിയവ റീസൈക്കിള്‍ ചെയ്യാന്‍ പ്രത്യേക യൂനിറ്റുകള്‍ക്കുള്ള സാധ്യതയുമാണ് അന്വേഷിക്കേണ്ടതെന്ന് വൈസ് ചെയര്‍പേഴ്‌സണ്‍ നിര്‍ദേശിച്ചു. നടപ്പാക്കുന്ന പ്രോജക്ടുകളില്‍ നോക്കിനടപ്പിനുള്ള സാധ്യത കൂടി ഉള്‍പ്പെടുത്താത്തതാണ് പല പദ്ധതികളും പാതി വഴിയില്‍ ഉപേക്ഷിക്കപ്പെട്ടു പോകാന്‍ കാരണം. ഇത്തരം പ്രവര്‍ത്തനങ്ങളോടൊപ്പം ശുചിത്വ മിഷനും കുടുംബശ്രീയുമായി സഹകരിച്ച് പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുന്നതിനുള്ള ബോധവല്‍ക്കരണവും പകരം ഉപയോഗിക്കാവുന്ന വസ്തുക്കളുടെ ഉല്‍പ്പാദനവും പ്രചരണവും ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കം കുറിക്കാനും വൈസ് ചെയര്‍പേഴ്‌സണ്‍ നിര്‍ദേശിച്ചു. 13ാം പഞ്ചവല്‍സര പദ്ധതിയുടെയും 2017-18 വാര്‍ഷിക പദ്ധതിയുടെയും പ്ലാനുകള്‍ തയ്യാറാക്കുമ്പോള്‍ ഹരിത കേരളാ മിഷന്റെ ലക്ഷ്യങ്ങള്‍ക്കു മുന്‍തൂക്കം കൊടുക്കണം അവര്‍ പറഞ്ഞു. ഇതുവരെ ജില്ലയില്‍ കണ്ടെത്തിയിട്ടുള്ള 1047 ജലസ്രോതസ്സുകളുടെ ശുചീകരണവും തുടര്‍ പ്രവര്‍ത്തനങ്ങളും നടന്നു വരുന്നതായി കലക്ടര്‍ അറിയിച്ചു. 1138 മഴക്കുഴികളുടെ നിര്‍മാണവും പൂര്‍ത്തിയായിട്ടുണ്ട്. പുതുതായി 530 മഴക്കുഴികളുടെ കൂടി നിര്‍മാണം ആരംഭിച്ചിട്ടുണ്ട്. 26 ഗ്രാമപ്പഞ്ചായത്തുകളില്‍ ഒരു മാതൃകാ കിണര്‍ റീചാര്‍ജിങ് യൂനിറ്റു വീതം തുടങ്ങാനുള്ള പ്രവര്‍ത്തനങ്ങള്‍ക്കും ജില്ലയില്‍ തുടക്കാമായതായി കലക്ടര്‍ അറിയിച്ചു. വ്യക്തികളോ ഗ്രൂപ്പുകളോ പ്ലാസ്റ്റിക് മാലിന്യം റീസൈക്കിള്‍ ചെയ്യുന്ന പ്രോജക്ടുകളുമായി മുന്നോട്ടു വന്നാല്‍ ലോണും സബ്‌സിഡിയും ഉള്‍പ്പെടെയുള്ള സഹായം നല്‍കാമെന്ന് ജില്ലാ വ്യവസായ കേന്ദ്രം അറിയിച്ചു. പഞ്ചായത്ത് പരിധിയില്‍ സ്ഥലം കണ്ടെത്തി നല്‍കാനായാല്‍ ഇതിനായി പുതിയ ഇന്‍ഡസ്ട്രിയല്‍ യൂനിറ്റുകള്‍ തുടങ്ങാനാവുമെന്നും ജില്ലാ വ്യവസായ കേന്ദ്രം മാനേജര്‍ അറിയിച്ചിട്ടുണ്ട്. ഇത്തരം പ്രോജക്ടുകളില്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് ഒറ്റയ്‌ക്കോ ഗ്രൂപ്പായി നിക്ഷേപിക്കാനോ ചെറിയ കമ്പനി രൂപീകരിക്കാനോ ഉള്ള സാധ്യത റിപോര്‍ട്ട് ചെയ്യാന്‍ കലക്ടര്‍ സി എ ലത നിര്‍ദേശിച്ചു. പദ്ധതി പ്ലാന്‍ ഫണ്ട് ഉപയോഗിച്ച് നടപ്പാക്കുന്നതില്‍ മാര്‍ഗരേഖയുമായി ബന്ധപ്പെട്ട തടസ്സങ്ങള്‍ പ്ലാനിങ് ഓഫിസര്‍ അറിയിച്ചു. ഓരോ വകുപ്പും നടത്തി വരുന്ന തുടര്‍പ്രവര്‍ത്തനങ്ങള്‍ യോഗത്തില്‍ വിശദീകരിച്ചു. കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ ഒരു വാര്‍ഡില്‍ 50 സെന്റു വീതം സ്ഥലത്ത് പച്ചക്കറികൃഷി നടപ്പാക്കിയിട്ടുണ്ട്. എല്ലാ വാര്‍ഡിലും 50 സെന്റ് സ്ഥലം ലഭ്യമായിട്ടില്ലെങ്കിലും മറ്റ് വാര്‍ഡുകളില്‍ കൂടുതല്‍ സ്ഥലം കണ്ടെത്തി സിഡിഎസുകള്‍ക്ക് ടാര്‍ഗറ്റ് നേടാന്‍ കഴിഞ്ഞതായി കുടുംബശ്രീ അസി. കോഓര്‍ഡിനേറ്റര്‍ അറിയിച്ചു. കൃഷി വകുപ്പിന്റെ കീഴില്‍ 180 ഹെക്ടര്‍ തരിശുനിലത്ത് പദ്ധതിയുടെ ഭാഗമായി നെല്‍കൃഷി ചെയ്തിട്ടുണ്ട്. 486 ഹെക്ടര്‍ സ്ഥലത്തും പുതുതായി നെല്‍കൃഷി ആരംഭിച്ചിട്ടുണ്ട്. ഗ്രാമവികസന വകുപ്പിന്റെ നേതൃത്വത്തില്‍ നേരങ്ങാടി എന്ന പേരില്‍ ജൈവ പച്ചക്കറി വിപണന കേന്ദ്രത്തിന്റെ നിര്‍മാണം പാമ്പാടി ബ്ലോക്കില്‍ ആരംഭിച്ചിട്ടുണ്ട്. തൊഴിലുറപ്പു തൊഴിലാളികളെ ഉള്‍പ്പെടുത്തി മറ്റിടങ്ങളിലേയ്ക്കും ഇത് വ്യാപിപ്പിക്കാനും കാര്‍ഷിക മുന്നേറ്റത്തിന്റെ ഭാഗമായി എത്തുന്ന ഉല്‍പന്നങ്ങള്‍ വിറ്റഴിക്കാനും കഴിയുമെന്ന് എഡിസി (ജനറല്‍) അറിയിച്ചു. ഫിഷറീസ് വകുപ്പ് കുളങ്ങള്‍ കണ്ടെത്തി മല്‍സ്യകൃഷി പ്രോല്‍സാഹിപ്പിക്കുന്ന പദ്ധതികള്‍ക്ക് രൂപം കൊടുത്തിട്ടുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss