|    Nov 18 Sat, 2017 11:54 am

ജില്ലയിലെ സഹകരണ സ്ഥാപനങ്ങളില്‍ ഇല്ലാതായത് 2,000 കോടിയുടെ ഇടപാട്

Published : 21st November 2016 | Posted By: SMR

പൊന്നാനി: അസാധുവായ നോട്ടുകള്‍ മാറ്റി നല്‍കാനും ഇടപാടിനും വിലക്ക് വന്നതോടെ ജില്ലയിലെ സഹകരണ സ്ഥാപനങ്ങളില്‍ ഇതുവരെ ഇല്ലാതായത് 2,000 കോടി രൂപയുടെ ഇടപാടുകള്‍. ദിനംപ്രതി ശരാശരി 400 കോടി രൂപയുടെ ഇടപാടാണ് സഹകരണ സ്ഥാപനങ്ങളില്‍ നടക്കുക. ജില്ലാ സഹകരണ ബാങ്ക്, പ്രാഥമിക സഹകരണ ബാങ്ക് എന്നിവിടങ്ങളില്‍ ദിവസം 100 കോടി രൂപയുടെയും ഇടപാടും ബാക്കി വിവിധ സഹകരണ ക്രെഡിറ്റ് സൊസൈറ്റികളിലൂടെയുമാണ് നടക്കുന്നത്. കഴിഞ്ഞ എട്ടിന് രാത്രിയാണ് നോട്ടുകള്‍ അസാധുവാക്കിയത്. ഒന്‍പതിന് അവധിയായിരുന്നു. പത്തിന് ഉച്ചയ്ക്ക് ജില്ലാ ബാങ്കുകള്‍ക്ക് ലഭിച്ച സഹകരണ രജിസ്ട്രാറുടെ നിര്‍ദേശമനുസരിച്ച് ജില്ലാ സഹകരണ ബാങ്കിനും പ്രാഥമിക സഹകരണ വായ്പ്പാ സംഘങ്ങള്‍ക്കും അക്കൗണ്ടുള്ളവരുടെ അസാധുവായ നോട്ടുകള്‍ കൈകാര്യം ചെയ്യാന്‍ അനുമതി നല്‍കി. തൊട്ടുപിന്നാലെ 4,000 രൂപ വീതം പണം പിന്‍വലിക്കുന്നതിനും ഉത്തരവായി. സംസ്ഥാനത്തിന്റെ അഭ്യര്‍ത്ഥനയനുസരിച്ച് ആര്‍ബിഐ കേരള മേഖലാ ഓഫിസാണ് അനുമതി നല്‍കിയത്. എന്നാല്‍, ആവശ്യമായ പുതിയ നോട്ടുകള്‍ മുഴുവന്‍ കിട്ടാതായതോടെ ബാങ്കുകളിലെത്തിയ ഇടപാടുകാര്‍ ബുദ്ധിമുട്ടിലായി. എല്ലാ സ്ഥാപനങ്ങള്‍ക്കുമായി മൊത്തം 6 കോടി രൂപയുടെ നോട്ടുകളാണ് എസ്ബിഐ നല്‍കിയത്. അക്കൗണ്ടുള്ളവര്‍ക്ക് നല്‍കാന്‍ വേണ്ട നോട്ടുകള്‍ അനുവദിക്കാന്‍ അഭ്യര്‍ഥിച്ചെങ്കിലും 20 ലക്ഷം രൂപയാണ് ലഭിച്ചത്. അതിനിടെ ആര്‍ബിഐ മുംബൈ ഓഫിസില്‍ നിന്നുള്ള ഉത്തരവനുസരിച്ച് 14 മുതലാണ് ഇടപാടുകള്‍ നിര്‍ത്തിവച്ചത്. 13 വരെ സ്വീകരിച്ചവയില്‍ 130 കോടി രൂപയുടെ നോട്ടുകള്‍ ദേശസാല്‍കൃത ബാങ്കുകളില്‍ അടച്ചിരുന്നു. ജില്ലയിലെ വിവിധ സഹകരണ ബാങ്കുകളിലായി 50 കോടി രൂപയുടെ നോട്ടുകള്‍ കൂടി ബാക്കിയുണ്ട്. ജില്ലാ ബാങ്കിന്റെ നാല്‍പതോളം ശാഖകളും പ്രാഥമിക സഹകരണ ബാങ്കുകള്‍, അര്‍ബന്‍ ബാങ്കുകള്‍, സര്‍വീസ് ക്രെഡിറ്റ് സൊസൈറ്റികള്‍ എന്നിവയുള്‍പ്പെടെ മറ്റു 500 സ്ഥാപനങ്ങളുമാണ് ജില്ലയിലുള്ളത്. ഇതില്‍ സംസ്ഥാന സഹകരണ ബാങ്കുകള്‍ക്കും അര്‍ബന്‍ ബാങ്കുകള്‍ക്കും ഇടപാടിന് തടസ്സമില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക