|    Nov 19 Sun, 2017 4:56 am
FLASH NEWS

ജില്ലയിലെ പാരിസ്ഥിതിക ദുര്‍ബല പ്രദേശങ്ങളില്‍ പാറകള്‍ അടര്‍ന്നു വീഴുന്നു

Published : 9th August 2017 | Posted By: fsq

 

അടിമാലി: പാരിസ്ഥിതിക ദുര്‍ബ്ബല പ്രദേശങ്ങളിലടക്കം പാറ അടര്‍ന്നു വീഴുന്ന സംഭവങ്ങള്‍ ഹൈറേഞ്ചില്‍ വര്‍ധിക്കുന്നു. മൂന്നാറിലും പള്ളിവാസലിലും മലഞ്ചെരിവുകളില്‍ നിന്ന പാറക്കഷണങ്ങള്‍ അടര്‍ന്നു വീഴുന്നത് തുടര്‍ക്കഥയായിരിക്കുകയാണ്. പള്ളിവാസലിലെ പ്ലം ജൂഡി റിസോര്‍ട്ടിനു സമീപം കഴിഞ്ഞ ദിവസം പാറ അടര്‍ന്നു വീണിരുന്നു. അഞ്ചു മാസം മുമ്പ് ഇതേ സ്ഥലത്ത് വലിയ പാറകള്‍ ഉരുണ്ടു വന്ന് സ്വകാര്യ റിസോര്‍ട്ടിനു മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന ആഡംബര കാറുകള്‍ തകര്‍ന്നിരുന്നു. പള്ളിവാസലിലെ റിസോര്‍ട്ടു മേഖലകളില്‍ പാറ അടര്‍ന്നു വീണുണ്ടായ അപകടത്തെ തുടര്‍ന്നു ദേവികുളം സബ് കലക്ടര്‍ ഇതു സംബന്ധിച്ചു പഠനം നടത്താന്‍ മൈനിങ് ആന്റ് ജിയോളജി വകുപ്പധികൃതരുടെ സേവനം തേടിയിരുന്നു. ഇവര്‍ നടത്തിയ പഠനങ്ങളില്‍ മേഖലയില്‍ പാറ അടര്‍ന്നു വീഴാനുള്ള സാധ്യത ഏറെയാണെന്നു കണ്ടെത്തിയ റിപോര്‍ട്ട് ജില്ലാ കലക്ടര്‍ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥര്‍ക്കു സമര്‍പ്പിച്ചിരുന്നു. കാലപ്പഴക്കം മൂലം ശിലകള്‍ വിഘടിച്ചു അപകടമുണ്ടാകുന്നതിനുള്ള സാധ്യത മഴക്കാലത്തു കുടുതലാണെന്നു മൈനിങ് ആന്‍ഡ് ജിയോളജി അധികൃതര്‍ വ്യക്തമാക്കിയിരുന്നു. അനധികൃത നിര്‍മാണങ്ങളുടെ ഭാഗമായി കൂറ്റന്‍ യന്ത്രങ്ങള്‍ ഉപയോഗിച്ചുള്ള ഖനനം പാറകള്‍ക്ക് ചലനം സംഭവിക്കുന്നതിന് കാരണമായി. പൊക്ലിനും ജെസിബിയും ഹിറ്റാച്ചിയും കംപ്രസറും അടക്കമുള്ളവ ഇക്കാര്യത്തില്‍ വില്ലന്‍മാരാണ്.കഴിഞ്ഞ സെപ്തംബറില്‍ ഇടുക്കി ഡാമില്‍ കൂറ്റന്‍ പാറ അടര്‍ന്നു വീണിരുന്നു. കുറവന്‍ മലയിലെ 500 അടി ഉയരത്തില്‍ നിന്നാണ് പാറ വീണത്. അണക്കെട്ടിന്റെ കെട്ടിലിടിച്ച പാറ ചിന്നിച്ചതറി ഗോവണിയും അടിത്തട്ടിലെ കൈവരികളും തകര്‍ത്തിരുന്നു. മുമ്പും പാറകള്‍ വീണിട്ടുണ്ടെങ്കിലും ഡാമില്‍ പതിക്കുന്നത് ആദ്യമാണ്. ഏതാനും ദിവസങ്ങള്‍ക്കിടയില്‍ രാജാക്കാട്, വെള്ളത്തൂവല്‍, പള്ളിവാസല്‍ എന്നീ പഞ്ചായത്തുകളില്‍ പാറ അടര്‍ന്നുവീണ സംഭവങ്ങളുണ്ടായതാണ് ആശങ്ക വര്‍ധിപ്പിക്കുന്നത്. അടിമാലി കുമളി ദേശീയപാതയിലും പൊന്‍മുടി ഡാമിനടുത്തും കഴിഞ്ഞ ദിവസം പാറ അടര്‍ന്നു വീണെങ്കിലും ദുരന്തങ്ങള്‍ വഴി മാറുകയായിരുന്നു. പൊന്‍മുടി ഡാമിനടുത്തു പാര്‍ക്കു ചെയ്തിരുന്ന സ്‌കൂള്‍ ബസ്സിനു മുകളില്‍ രാത്രിയാണു പാറ അടര്‍ന്നുവീണത്. ദേശീയപാതയായ പനകുട്ടിയില്‍ വാഹനങ്ങളില്ലാത്ത സമയത്താണു പാറ അടര്‍ന്നു വീണത്. അടിമാലി കൊരങ്ങാട്ടിയിലും മാമലക്കണ്ടത്തും ചിത്തിരപുരത്തും പന്നിയാറിലും പാറക്കഷണങ്ങള്‍ നിലം പതിച്ചിരുന്നു.പാറകളുടെ പാളികള്‍ക്കിടയില്‍ വെള്ളം കെട്ടി ദ്രവിച്ചാണു പാറകള്‍ അടര്‍ന്നു വീണിട്ടുള്ളത്. കൊച്ചിധനുഷ്‌ക്കോടി, അടിമാലി കുമളി തുടങ്ങിയ ദേശീയപാതകളിലെ വിവിധ ഭാഗങ്ങളില്‍ അടര്‍ന്നു വീഴാന്‍ സാധ്യതയുള്ള നിരവധി പാറകളുണ്ട്. പള്ളിവാസലില്‍ അപകട സാധ്യതയുണ്ടാകുമെന്ന് അധികൃതര്‍ റിപ്പോര്‍ട്ടു ചെയ്ത മേഖലയില്‍ ചൊവ്വാഴ്ച രാത്രിയോടെ പാറ അടര്‍ന്നുവീണതായി പ്രദേശവാസികള്‍ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക