|    Jan 18 Wed, 2017 11:38 am
FLASH NEWS

ജില്ലയിലെ പച്ചത്തേങ്ങ സംഭരണ ജീവനക്കാരെ പിരിച്ചുവിട്ടു

Published : 6th October 2016 | Posted By: Abbasali tf

മഞ്ചേരി: ജില്ലയിലെ പച്ചത്തേങ്ങ സംഭരണ ജീവനക്കാരെ കൃഷിവകുപ്പ് പിരിച്ചുവിട്ടു. കൃഷിഭവനുകളില്‍ ദിവക്കൂലിക്ക് ജോലി ചെയ്തിരുന്നവരെയാണ് പിരിച്ചുവിട്ടതായി കൃഷി വകുപ്പ് ഡയറക്ടര്‍ അറിയിച്ചത്. കഴിഞ്ഞ ദിവസമാണ് ഇത് സംബന്ധിച്ച് അതത് കൃഷി ഓഫിസര്‍മാര്‍ക്ക് കത്ത് ലഭിച്ചത്. ഡയറക്ടറുടെ അനുമതിയില്ലാതെ ഇനിമുതല്‍ ജീവനക്കാരെ നിയമിക്കാന്‍ പാടില്ലെന്നും അറിയിപ്പില്‍ പറയുന്നു. ഇതിനു പുറമെ ആത്മ, പച്ചക്കറി വികസനപദ്ധതി തുടങ്ങിയ താല്‍ക്കാലിക പദ്ധതികള്‍ക്കായി നിയമിച്ചവരെയും ഒഴിവാക്കിയിട്ടുണ്ട്. ജീവനക്കാരില്ലാതായതോടെ മുന്നു വര്‍ഷമായി തുടരുന്ന പച്ചത്തേങ്ങ സംഭരണം ജില്ലയിലെ 59 കൃഷിഭവനുകളില്‍ മുടങ്ങി. പൊതു മാര്‍ക്കറ്റില്‍ 13 രൂപ മാത്രമുണ്ടായിരുന്ന തേങ്ങയ്ക്ക് കൃഷിഭവനില്‍ 25 രുപ ലഭിച്ചിരുന്നതിനാല്‍ സംഭരണം നാളികേര കര്‍ഷകര്‍ക്ക് കാര്യമായ ആശ്വാസമായിരുന്നു. എന്നാല്‍, സംഭരണം നിര്‍ത്തിയതോടെ തേങ്ങ വില കുത്തനെ കുറയും. സര്‍ക്കാര്‍ മാറിയതോടെയാണ് നിലവിലുള്ളവരെ പിരിച്ചു വിട്ടതെന്നാണ് അറിയുന്നത്. സര്‍ക്കാര്‍ പുതിയ പദ്ധതി ആവിഷ്‌കരിക്കുമോയെന്നറിവായിട്ടില്ല. എന്നാല്‍, തീരുമാനം വരുമ്പോഴേക്കും കര്‍ഷകര്‍ കിട്ടിയ വിലയ്ക്ക് തേങ്ങ വിറ്റഴിക്കേണ്ട അവസ്ഥയാവും ഉണ്ടാവുക. ഒരു അക്കൗണ്ടന്റും രണ്ട് തൊഴിലാളികളെയുമാണ് തേങ്ങ സംഭരണത്തിനായി കൃഷി ഓഫിസുകളില്‍ നിയമിച്ചിരുന്നത്. 360 മുതല്‍ 400 രൂപയാണ് ദിവസവേതനം. 2013 ജനുവരിയിലാണ് കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ കൃഷി ഭവനുകള്‍ വഴി ആഴ്ചയില്‍ രണ്ട് ദിവസം പച്ചത്തേങ്ങ സംഭരണം ആരംഭിച്ചത്. അതേസമയം, കഴിഞ്ഞ സര്‍ക്കാറിന്റെ സമയത്ത് കൃഷിവകുപ്പിലെ താല്‍ക്കാലിക പദ്ധതികളുമായി ബന്ധപ്പെട്ട് വ്യാപകമായ ക്രമക്കേട് നടന്നിട്ടുണ്ടെന്ന ആരോപണം ഉയര്‍ന്നിരുന്നു. ഇതില്‍ അന്വേഷണം നടത്താനാണ് ജീവനക്കാരെ പിരിച്ചു വിട്ടതെന്നാണ് ഭരണതലത്തിലുള്ളവര്‍ നല്‍കുന്ന സൂചന. നാളികേര വികസന കോര്‍പറേഷന്റെ കേരഗ്രാമം പദ്ധതിയും അന്വേഷണ പരിധിയില്‍ പെടുത്തുമെന്നും അറിയുന്നു. പുല്‍പറ്റ, കാവനൂര്‍ ഭാഗങ്ങളിലാണ് ഈ പദ്ധതി കൂടുതല്‍ നടന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 20 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക