|    Aug 17 Fri, 2018 12:55 am

ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ട് രൂക്ഷം

Published : 11th August 2018 | Posted By: kasim kzm

തൃശൂര്‍: ചിമ്മിനി ഡാം കൂടി തുറന്നു വിട്ടതോടെ ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ട് രൂക്ഷമായി. ഇന്നലെ ഉച്ചയ്ക്ക് 2നാണ് ചിമ്മിനി ഡാമിന്റെ നാല് ഷട്ടറുകള്‍ 2 ഇഞ്ച് വീതം തുറന്നത്.
ഡാം തുറന്നതോടെ കുറുമാലി, കരുവന്നൂര്‍ പുഴകളുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന നിര്‍ദേശം ജില്ലാ ഭരണകൂടം നല്‍കി. ഇടുക്കി ഡാമില്‍ കൂടുതല്‍ വെള്ളം തുറന്നുവിട്ടതോടെ കൊടുങ്ങല്ലൂര്‍ താലൂക്ക് പരിധിയിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും ജില്ലാ ഭരണകൂടം അറിയിപ്പ് നല്‍കിയിട്ടുണ്ട്.
അതേസമയം പൊരിങ്ങല്‍ക്കുത്ത് ഡാമില്‍ നിന്നുമുള്ള വെള്ളം തുറന്നുവിട്ടതോടെ മാള പ്രദേശത്തെ കുഴൂര്‍, അന്നമനട, പൊയ്യ ഗ്രാമപഞ്ചായത്തുകളിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ട് അതിരൂക്ഷമായതോടെ ജനജീവിതം ദുസ്സഹമായി. പൊയ്യ ഗ്രാമപ്പഞ്ചായത്തിലെ നാലുവഴി എ ഐ എം എല്‍ പി സ്‌കൂളില്‍ തുടങ്ങിയ ക്യാംപില്‍ കഴിഞ്ചിത്തറയിലെ എട്ട് വീടുകളില്‍ നിന്നുമുള്ള 25 ഓളം പേര്‍ എത്തിയിട്ടുണ്ട്.
അന്നമനട ഗ്രാമപ്പഞ്ചായത്തിലെ എരയാംകുടിയിലെ 40 കുടുംബങ്ങളിലുള്ള 150 ഓളം പേര്‍ എരയാംകുടി സെന്റ് മേരീസ് ചര്‍ച്ച് പാരിഷ് ഹാളില്‍ ഒരുക്കിയ ക്യാംപിലെത്തിയിട്ടുണ്ട്. കുഴൂര്‍ ഗ്രാമപ്പഞ്ചായത്തിലെ കുണ്ടൂര്‍ വയലാര്‍, ചെത്തിക്കോട് ഭാഗങ്ങളിലെ ജനജീവിതം വെള്ളക്കെട്ട് രൂക്ഷമായതോടെ ദുസ്സഹമായിരിക്കയാണ്. മുത്തുകളങ്ങരയില്‍ ഏഴ് വീടുകളില്‍ വെള്ളം കയറി. ജോണ്‍സണ്‍ മാലേടത്ത്, വത്സന്‍ കവണിയാട്ടില്‍, പുത്തന്‍വീട്ടില്‍ കൊച്ചു ദേവസ്സി, പുത്തന്‍വീട്ടില്‍ ബെന്നി, വടാശ്ശേരി ജോണ്‍സണ്‍, തെക്കും തല വേലായുധന്‍, പറക്കപറമ്പില്‍ ദാസന്‍ എന്നിവരുടെ വീടുകളിലാണ് വെള്ളം കയറിയത്.
കൂടാതെ ചെത്തിക്കോട് നീലുത്തി വേണുവിന്റെ വീട്ടിലും വെള്ളം കയറി. ഇതുകൂടാതെ ഏത്തവാഴ കൂടാതെ ചെറുവാഴകളും ജാതി, ചേന, പച്ചക്കറി തുടങ്ങിയ കാര്‍ഷിക വിളകളെല്ലാം വെള്ളക്കെട്ട് മൂലം നശിക്കുകയാണ്.
പലയിടങ്ങളിലും സഞ്ചാരത്തിന് വഞ്ചിയോ മറ്റോ ഏര്‍പ്പെടുത്തേണ്ട സാഹചര്യമാണ്. ഇന്നലെ വി ആര്‍ സുനില്‍കുമാര്‍ എം എല്‍ എ ദുരിതാശ്വാസ ക്യാംപുകള്‍ സന്ദര്‍ശിച്ചു. പൊയ്യ, എരയാംകുടി പ്രദേശങ്ങളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് രണ്ടിടങ്ങളിലും ആരംഭിച്ച ദുരിതാശ്വാസ ക്യാംപുകളിലാണ് എം എല്‍ എയും സംഘവും എത്തിയത്. ക്യാംപില്‍ ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുവാന്‍ ഉദ്യോഗസ്ഥര്‍ക്ക് അടിയന്തിര നിര്‍ദേശം നല്‍കി.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss