|    Feb 24 Fri, 2017 7:22 am

ജില്ലയിലെ തരിശുഭൂമികള്‍ കൃഷിയോഗ്യമാക്കാന്‍ പദ്ധതി

Published : 28th October 2016 | Posted By: SMR

കണ്ണൂര്‍: ജില്ലയിലെ തരിശായിക്കിടക്കുന്ന മുഴുവന്‍ ഭൂമിയും അഞ്ചുവര്‍ഷത്തിനകം കൃഷിയോഗ്യമാക്കാന്‍ പദ്ധതി തയ്യാറാക്കുന്നു. ജില്ലാ പഞ്ചായത്ത് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന പാടശേഖര സമിതി ഭാരവാഹികളുടെ യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷാണ് ഇക്കാര്യം അറിയിച്ചത്. ജില്ലയിലെ തരിശുഭൂമികള്‍ കണ്ടെത്തി ഘട്ടംഘട്ടമായി അവിടങ്ങളില്‍ കൃഷിയിറക്കുകയാണു ചെയ്യുക. വിഷവും മായവും കലര്‍ന്ന ഭക്ഷ്യവസ്തുക്കളില്‍ നിന്ന് രക്ഷനേടാന്‍ ഒരു പരിധിവരെ ശാസ്ത്രീയമായ യന്ത്രവല്‍ക്കരണത്തിന്റെ പിന്തുണയോടെ ഇവിടങ്ങളില്‍ നടപ്പാക്കുന്ന കാര്‍ഷികപദ്ധതിയിലൂടെ സാധിക്കുമെന്നും ജില്ലയിലെ കാര്‍ഷിക രംഗത്തിന് ഇത് പുത്തനുണര്‍വ് സമ്മാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. കൃഷി ചെയ്യാന്‍ താല്‍പര്യമുള്ള കര്‍ഷകര്‍ക്ക് ആവശ്യമായ സഹായവും പിന്തുണയും ലഭിക്കുന്നില്ലെന്ന അവസ്ഥ മാറ്റിയെടുക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി ഓരോ ഗ്രാമത്തിലും പാടശേഖര സംരക്ഷണ സമിതികള്‍ രൂപീകരിക്കും. പ്രദേശത്തെ കര്‍ഷക സംഘടനകള്‍, യുവജനങ്ങള്‍, സ്‌കൂള്‍ എന്‍എസ്എസ്-കാര്‍ഷിക ക്ലബ്ബുകള്‍, സ്റ്റുഡന്റ്‌സ് പോലിസ് കാഡറ്റ്‌സ്, പൗരപ്രമുഖര്‍ തുടങ്ങിയവരുടെ പ്രാതിനിധ്യത്തോടെ രൂപീകരിക്കുന്ന സമിതി കര്‍ഷകര്‍ക്കാവശ്യമായ സൗകര്യങ്ങളൊരുക്കാന്‍ പിന്തുണ നല്‍കും. കാര്‍ഷിക മേഖലയില്‍ യന്ത്രവല്‍ക്കരണം ശാസ്ത്രീയമാക്കാനുള്ള നടപടികളും പദ്ധതിയുടെ ഭാഗമായി നടപ്പാക്കും. കര്‍ഷകരുടെ ഉപയോഗശൂന്യമായ യന്ത്രങ്ങള്‍ ഒഴിവാക്കി പുതിയത് വാങ്ങാനും കേടുവന്നവ മാറ്റാനും സഹായം നല്‍കും. പുതുതായി എത്രപേര്‍ക്ക് യന്ത്രങ്ങള്‍ വേണമെന്നതിനെക്കുറിച്ച് സര്‍വേ നടത്താനും യോഗത്തില്‍ തീരുമാനമായി. കീടനാശിനികള്‍ ഉപയോഗിക്കാതെയുള്ള സുരക്ഷിതമായ കൃഷിരീതികളാവും അവലംബിക്കുക. ഓരോ പ്രദേശത്തിനും അനുയോജ്യമായ രീതിയില്‍ നെല്ല്, വാഴ, പച്ചക്കറികള്‍ തുടങ്ങിയവ കൃഷിചെയ്യും. കര്‍ഷകര്‍ക്ക് ആവശ്യമായ നടീല്‍ വസ്തുക്കള്‍, ജൈവവളങ്ങള്‍ തുടങ്ങിയവ സബ്‌സിഡി നിരക്കില്‍ ലഭ്യമാക്കും. നടീലിനും കൊയ്ത്തിനും പരിശീലനം നേടിയ തൊഴിലാളികളെ ലഭ്യമാക്കുന്ന കാര്യത്തിലും ജില്ലാ പഞ്ചായത്ത് മുന്‍കൈയെടുക്കും. കൃഷിക്കാവശ്യമായ വെള്ളം കണ്ടെത്തുകയാണ് പ്രധാന പ്രശ്‌നമെന്നു ചര്‍ച്ചയില്‍ പങ്കെടുത്ത കര്‍ഷക പ്രതിനിധികള്‍ പറഞ്ഞു. ഓരോ വീട്ടിലെയും പറമ്പില്‍ ലഭിക്കുന്ന മഴ പുറത്തേക്ക് ഒഴുക്കിക്കളയാതെ അവിടെവച്ചു തന്നെ ഭൂമിയിലേക്ക് ഇറക്കി ജലസംരക്ഷണത്തിന് ഓരോരുത്തരും മുന്‍കൈയെടുക്കണം. എങ്കിലേ ഭൂഗര്‍ഭജലത്തിന്റെ തോത് ഉയര്‍ത്താനാവൂ എന്നും യോഗം അഭിപ്രായപ്പെട്ടു. ജില്ലാ പഞ്ചായത്ത് വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ വി കെ സുരേഷ് ബാബു, പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ ഓമന സംസാരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 17 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക