|    Jan 19 Thu, 2017 10:19 am

ജില്ലയിലെ ഗ്രാമപ്പഞ്ചായത്തുകള്‍ ഇനി ഒഡിഎഫ്

Published : 17th October 2016 | Posted By: Abbasali tf

കൊച്ചി: തുറസ്സായ സ്ഥലത്ത് മലമൂത്ര വിസര്‍ജനം ഇല്ലാത്ത (ഓപ്പണ്‍ ഡിഫക്കേഷന്‍ ഫ്രീ- ഒഡിഎഫ്) ഇന്ത്യയിലെ ആദ്യ സംസ്ഥാനമാവാനുള്ള കേരളത്തിന്റെ കുതിപ്പിനൊപ്പം എറണാകുളം ജില്ലയും. ജില്ലയിലെ മുഴുവന്‍ പഞ്ചായത്തുകളേയും തുറസായ സ്ഥലത്ത് മലമൂത്രവിസര്‍ജനമില്ലാത്തതായി കലക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള പ്രഖ്യാപിച്ചു. സംസ്ഥാനത്തെ നവംബര്‍ ഒന്നിനകം ഒഡിഎഫ് ആയി പ്രഖ്യാപിക്കുന്നതിന് മുന്നോടിയായിട്ടാണ് ജില്ലാ ഭരണകൂടത്തിന്റെ ആഭിമുഖ്യത്തില്‍ ഗ്രാമപ്പഞ്ചായത്തുകളില്‍ പദ്ധതി നടപ്പാക്കുന്നത്. സ്വച്ഭാരത് മിഷനില്‍ ഉള്‍പെടുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ ഭാഗമായി നാലുമാസംകൊണ്ട് ജില്ലയിലെ 82 പഞ്ചായത്തുകളിലായി 7808 കക്കൂസുകളാണ് നിര്‍മിച്ചത്. ഒരോ കക്കൂസിനും 15,400 രൂപയാണ് സര്‍ക്കാര്‍ അനുവദിച്ചത്. ഇതില്‍ 12,000 രൂപ സ്വച്ച് ഭാരത് പദ്ധതിയുടെ ഭാഗമായി ശുചിത്വമിഷനും, 3400 രൂപ അതാത് ഗ്രാമപ്പഞ്ചായത്തുകളുമാണ് വകയിരുത്തിയത്. ജില്ലയില്‍ കുട്ടമ്പുഴ ആദിവാസി മേഖലയിലും, തീരദേശമായ ചെല്ലാനത്തുമാണ് പദ്ധതി നടപ്പാക്കാന്‍ വെല്ലുവിളി നേരിട്ടതെന്ന് കലക്ടര്‍ പറഞ്ഞു. പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കിയ കുട്ടമ്പുഴ, ചെല്ലാനം പഞ്ചായത്തുകളെ കലക്ടര്‍ അഭിനന്ദിച്ചു. കുട്ടമ്പുഴ പഞ്ചായത്തില്‍ 738 കക്കൂസുകളാണ് നിര്‍മിക്കേണ്ടിയിരുന്നത്. ഇതില്‍ ഭൂരിഭാഗവും ആദിവാസി മേഖലയിലായിരുന്നു. ആദിവാസി വനമേഖലയിലേക്ക് നിര്‍മാണ സാമഗ്രികള്‍ എത്തിക്കാനുള്ള പ്രായോഗിക ബുദ്ധിമുട്ടുകളാണ് വെല്ലുവിളിയായതെന്ന് പഞ്ചായത്ത് പ്രസിഡന്റ് വിജയമ്മ ഗോപി പറഞ്ഞു. സിമന്റും ഹോളോ ബ്രിക്‌സും ഉള്‍പെടെയുള്ളവ കുട്ടമ്പുഴയിലേക്കെത്തിക്കാനുള്ള റോഡ് സൗകര്യമില്ലായിരുന്നു. എന്നാല്‍ വെല്ലുവിളി തിരിച്ചറിഞ്ഞ് സര്‍ക്കാര്‍ കൂടുതല്‍ തുക അനുവദിച്ചതാണ് പദ്ധതി നടപ്പാക്കാന്‍ സഹായകമായതെന്നും പ്രസിഡന്റ് വ്യക്തമാക്കി. ചെല്ലാനം പഞ്ചായത്തില്‍ വെള്ളക്കെട്ടാണ് കക്കൂസ് നിര്‍മാണത്തിനെ പ്രതികൂലമായി ബാധിച്ചത്. സാധാരണകുഴി എടുക്കുക ബുദ്ധിമുട്ടായിരുന്നുവെന്ന് പഞ്ചായത്ത് പ്രസിഡന്റ് മേഴ്‌സി ജോസി പറഞ്ഞു. ഫൗണ്ടേഷനുകള്‍ മൂന്നടിവരെ ഉയര്‍ത്തി നിര്‍മിച്ച് റെഡിമെയ്ഡ് സെപ്റ്റിക് ടാങ്കുകള്‍ ഉപയോഗിക്കുകയുമാണ് ചെയ്തത്. പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ആദിവാസി വനമേഖലക്കായി 28,000 രൂപയും, തീരദേശ മേഖലക്കായി 33,500 രൂപയും സമാഹരിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നതായി കലക്ടര്‍ പറഞ്ഞു. ത്രിതല പഞ്ചായത്തുകള്‍ അധിക തുക വകയിരുത്തുകയും, കോര്‍പറേറ്റുകളുടെ സിഎസ്ആര്‍ ഫണ്ട് ഉപയോഗപ്പെടുത്തിയുമാണ് അധിക തുക സമാഹരിച്ചത്. കുട്ടമ്പുഴ ഗ്രാമപ്പഞ്ചായത്തിലെ ദുര്‍ഘട മേഖലകളില്‍ വന സംരക്ഷണ സമിതിയുടെ നേതൃത്വത്തിലായിരുന്നു നിര്‍മാണം പൂര്‍ത്തിയാക്കിയത്. ചെല്ലാനം ഗ്രാമപ്പഞ്ചായത്തില്‍ റോട്ടറി ക്ലബ് 100 ശുചിമുറികള്‍ അധികമായി വരുന്ന തുക വഹിച്ച് നിര്‍മിച്ചു നല്‍കി. ജയ്ഭാരത് എന്‍ജിനീയറിങ് കോളജിലെ നാഷനല്‍ സര്‍വീസ് സ്‌കീം വോളന്റിയര്‍മാരും എറണാകുളം സെന്റ്. ആല്‍ബര്‍ട്ട്‌സ് കോളജിലെ വിദ്യാര്‍ഥികളും ഗാന്ധി ജയന്തി ദിനത്തില്‍ ചെല്ലാനം പഞ്ചായത്തിലെ വീടുകള്‍ സന്ദര്‍ശിച്ച് ബോധവല്‍ക്കരണ പരിപാടികള്‍ നടത്തിയിരുന്നു. ജില്ലയില്‍ 69 ഗ്രാമപ്പഞ്ചായത്തുകള്‍ നേരത്തേതന്നെ ഒഡിഫ് പഞ്ചായത്തായി കഴിഞ്ഞിരുന്നു. പണി പൂര്‍ത്തീകരിക്കേണ്ടിയിരുന്ന കൂവപ്പടി ബ്ലോക്കിലെ വേങ്ങൂര്‍ ഗ്രാമപ്പഞ്ചായത്ത്, കോതമംഗലം ബ്ലോക്കിലെ പിണ്ടിമന, കുട്ടമ്പുഴ ഗ്രാമപ്പഞ്ചായത്തുകളും മുളന്തുരുത്തി ബ്ലോക്കിലെ ഉദയംപേരൂര്‍, ചോറ്റാനിക്കര എന്നീ പഞ്ചായത്തുകളും പാറക്കടവ് ബ്ലോക്കിലെ പാറക്കടവ് ഗ്രാമപ്പഞ്ചായത്തും, പള്ളുരുത്തി ബ്ലോക്കിലെ ചെല്ലാനം, കുമ്പളം എന്നീ ഗ്രാമപ്പഞ്ചായത്തുകളും, പറവൂര്‍ ബ്ലോക്കിലെ ഏഴിക്കര, കോട്ടുവള്ളി പഞ്ചായത്തുകളും വൈപ്പിന്‍ ബ്ലോക്കിലെ എടവനക്കാട്, കുഴുപ്പിള്ളി, നായരമ്പലം എന്നീ പഞ്ചായത്തുകളും ശുചിമുറികളുടെ നിര്‍മാണം പൂര്‍ത്തിയാക്കിയതോടെയാണ് ജില്ലയിലെ എല്ലാ പഞ്ചായത്തുകളും ഒഡിഎഫ് പരിധിയില്‍ വന്നത്. നഗരസഭാ പരിധിയില്‍ 3,517 കക്കൂസുകളാണ് നിര്‍മിക്കേണ്ടത്. ഇതില്‍ 1950 എണ്ണം കൊച്ചി കോര്‍പറേഷന്‍ പരിധിയിലാണ്. ജില്ലയിലെ നഗരസഭകളില്‍ ഈ വര്‍ഷം തന്നെ പദ്ധതി പൂര്‍ത്തീകരിക്കുമെന്ന് കലക്ടര്‍ പറഞ്ഞു. എറണാകുളം ഗസ്റ്റ് ഹൗസില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആശാ സനില്‍, വൈസ് പ്രസിഡന്റ് അബ്ദുല്‍ മുത്തലിബ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാര്‍, ശുചിത്വമിഷന്‍ ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 13 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക