|    May 26 Sat, 2018 7:28 am

ജില്ലയിലെ കാലാവസ്ഥാ വ്യതിയാനം; പൊതുജനവും സര്‍ക്കാരും കൈകോര്‍ക്കണമെന്ന് ആവശ്യം

Published : 29th October 2016 | Posted By: SMR

കല്‍പ്പറ്റ: ജില്ലയിലെ കാലാവസ്ഥാ വ്യതിയാനം ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ക്കിടയാക്കുമെന്ന ആശങ്ക നിലനില്‍ക്കെ, ഇതു പരിഹരിക്കാന്‍ പൊതുജനങ്ങളും സര്‍ക്കാരും കൈകോര്‍ക്കണമെന്ന് ആവശ്യം. നിത്യഹരിത വനങ്ങളും നെല്‍പ്പാടങ്ങളും പുല്‍മേടുകളും കടുത്ത വേനലിലും ഹരിതാഭ പടര്‍ത്തുന്ന കാപ്പി, തേയില തുടങ്ങിയ നാണ്യവിള തോട്ടങ്ങളുമെല്ലാം വയനാടിനെ സംസ്ഥാനത്തെ മറ്റ് ജില്ലകളില്‍ നിന്നു വേറിട്ടുനിര്‍ത്തിയിരുന്നു. സമുദ്രനിരപ്പില്‍ നിന്ന് 2,750 അടിയോളം ഉയരത്തില്‍ സ്ഥിതിചെയ്യുന്നതും തമിഴ്‌നാടിനും കര്‍ണാടകയ്ക്കും അതിരിടുന്നതുമായ ഈ ഭൂമുഖത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകളും കാലാവസ്ഥയിലെ കുളിര്‍മയും രാജ്യത്തിന് അകത്തും പുറത്തും നിന്നുള്ള സഞ്ചാരികളെ ഇവിടേക്ക് ആകര്‍ഷിക്കുന്നതായി. എന്നാല്‍, കഴിഞ്ഞ ഒന്നര പതിറ്റാണ്ടോളമായി വയനാടിന്റെ കാലാവസ്ഥയില്‍ പ്രകടമാവുന്ന മാറ്റം അധികൃതര്‍ പോലും അത്രയൊന്നും ഗൗരവത്തിലെടുത്തിരുന്നില്ല. കര്‍ഷകര്‍ക്കിടയില്‍ പാരിസ്ഥിതികാവബോധം വളരുമ്പോഴും അധികൃതരില്‍ നിന്ന് ഇതിനനുസരിച്ച കരുതലുകള്‍ ഉണ്ടായിട്ടില്ല. വയനാടിന്റെ അന്തരീക്ഷത്തിലാകെ ഇതിനകം പ്രകടമായി കഴിഞ്ഞ മാറ്റം, വിരല്‍ചൂണ്ടുന്നത് വലിയ കാലാവസ്ഥാ വ്യതിയാനത്തിലേക്കു തന്നെയെന്നാണ് ഭൗമശാസ്ത്രജ്ഞരുടെ നിഗമനം. വിരലമര്‍ത്തിയാല്‍ വെള്ളം കിട്ടിയിരുന്ന ലക്കിടിയിലെ ചതുപ്പുകളില്‍ പോലും 14 നില വരെയുള്ള കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ സ്ഥാനംപിടിച്ചു. ചതുപ്പില്‍ ഗണ്യമായ ഭാഗവും നികത്തിക്കഴിഞ്ഞു. ഇതുപോലുള്ള പ്രവൃത്തികളുടെ കൂടി ഫലമായിട്ടാവാം കാലാവസ്ഥയിലെ പ്രകടമായ വ്യതിയാനമെന്നു വിലയിരുത്തപ്പെടുന്നു. ഇത്തവണ കാലവര്‍ഷത്തില്‍ ഞെട്ടിക്കുന്ന കുറവാണുണ്ടായത്. ശരാശരി ലഭിച്ചിരുന്ന മഴയില്‍ 59 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയത്. തുലാവര്‍ഷം ആരംഭിക്കേണ്ട ഒക്‌ടോബര്‍ മാസത്തില്‍ ഒരു മഴ പോലും പെയ്തതുമില്ല. മഴയുടെ ഒളിച്ചുകളി ഇതിനകം നെല്‍വയലുകളെയും മറ്റ് കൃഷിയിടങ്ങളെയും കടുത്ത തോതിലുള്ള ഉണക്കിലേക്ക് നയിക്കുകയാണ്. പകല്‍ച്ചൂട് കൂടുകയും രാത്രിയും പുലര്‍കാലത്തുമുള്ള തണുപ്പ് ഏറുകയും ചെയ്തു. സാധാരണ ഗതിയില്‍ ഡിസംബര്‍ മാസത്തോടെയാണ് വയനാട്ടില്‍ പകല്‍ അന്തരീക്ഷ ഊഷ്മാവ് 32 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാറുള്ളത്. എന്നാല്‍, ഇക്കുറി ഒക്‌ടോബറില്‍ തന്നെ ഏതാനും ദിവസം പകല്‍ച്ചൂട് 33 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നു. ഡിസംബറിന്റെ തുടക്കത്തോടെയാണ് രാത്രിയും പുലര്‍ച്ചെയും 12 ഡിഗ്രി സെല്‍ഷ്യസ് വരെ അന്തരീക്ഷ ഊഷ്മാവ് താഴ്ന്നിരുന്നത്. ഇത്തവണ ഒക്‌ടോബറിലെ ചില ദിവസങ്ങളില്‍ 12 ഡിഗ്രി സെല്‍ഷ്യല്‍സായി ഊഷ്മാവ് താഴ്ന്നു. പല ദിവസങ്ങളിലും രാത്രിയും പുലര്‍കാലങ്ങളിലും കോടമഞ്ഞ് പുതച്ചാണ് വയനാടിന്റെ നില്‍പ്. എന്നുവച്ചാല്‍ രണ്ടുമാസം മുമ്പുതന്നെ കടുത്ത വേനലിന്റെ ലക്ഷണങ്ങളെല്ലാം പ്രകടമായിക്കഴിഞ്ഞു. ജനുവരി മുതല്‍ ഏപ്രില്‍-മെയ് മാസങ്ങള്‍ വരെ അനുഭവപ്പെട്ടിരുന്ന ജലക്ഷാമവും വരള്‍ച്ചാക്കെടുതികളും ഈ വിധത്തില്‍ പോയാല്‍ എട്ടുമാസത്തോളം നീളുമെന്നു ചുരുക്കം. അതു താങ്ങാനുള്ള ശേഷി ഈ കാര്‍ഷിക മേഖലയ്ക്കില്ല. കൃഷികള്‍ മാത്രമല്ല, കര്‍ഷകരില്‍ മഹാഭൂരിപക്ഷവും ജീവനോപാധിയായി തന്നെ ആശ്രയിക്കുന്ന ക്ഷീര മേഖലയെയും ഇത് ഗുരുതരമായി ബാധിക്കുമെന്ന് ഉറപ്പ്. പച്ചപ്പുല്ലിന്റെ ലഭ്യത ഇല്ലാതാവുന്നതോടെ തന്നെ ക്ഷീരോല്‍പാദനം ഗണ്യമായി കുറയും. വരള്‍ച്ചാക്കെടുതികള്‍ മുന്നില്‍ക്കണ്ട് ജനങ്ങള്‍ സ്വമേധയാ ജില്ലയില്‍ പലയിടത്തും തടയണ നിര്‍മാണം അടക്കമുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിട്ടുണ്ട്. എങ്കിലും വലിയ തോതിലുള്ള ജലസംരക്ഷണ പ്രവൃത്തികള്‍ ഉണ്ടായേ മതിയാവൂ. തുലാപത്ത് വരെ തുലാവര്‍ഷം വയനാട്ടില്‍ ഉണ്ടായില്ലെന്നതും പുതിയ അനുഭവമായി പഴമക്കാര്‍ ചൂണ്ടിക്കാട്ടുന്നു. തുലാപത്ത് കഴിഞ്ഞാല്‍ പ്ലാവിന്‍ പൊത്തിലും കിടക്കാമെന്ന പഴമൊഴി ഇതിനു ശേഷം കാര്യമായി മഴ പ്രതീക്ഷിക്കേണ്ടതില്ലെന്നതിന്റെ വിളംബരമാണ്. കാലവര്‍ഷവും തുലാവര്‍ഷവും ചതിച്ച സാഹചര്യത്തില്‍ വയനാടിന്റെ ആവാസവ്യവസ്ഥയ്ക്കു താങ്ങായി മുന്നൊരുക്കങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ വേണമെന്നാണ് പൊതുവെ ഉയരുന്ന അഭിപ്രായം. വയനാടിനെ വരള്‍ച്ചാബാധിത ജില്ലയായി പ്രഖ്യാപിക്കുക എന്നതിലപ്പുറം ജനങ്ങളുടെയും സര്‍ക്കാരിന്റെയും കൂട്ടായ നീക്കങ്ങള്‍ ഇല്ലെങ്കില്‍ വരാനിരിക്കുന്ന ഭവിഷ്യത്ത് വളരെ വലുതായിരിക്കുമെന്നാണ് നിഗമനം.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss