|    Jan 17 Tue, 2017 3:38 am
FLASH NEWS

ജില്ലയിലെമ്പാടും വിപുലമായ രീതിയില്‍ പരിസ്ഥിതി ദിനാചരണം

Published : 6th June 2016 | Posted By: SMR

പാലക്കാട്: ജില്ലയിലെമ്പാടും വിപുലമായ രീതിയില്‍ പരിസ്ഥിതി ദിനാചരണം നടത്തി. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കിയാണ് പരിസ്ഥിതി ദിനാചരണം നടത്തിയത്. പരിസ്ഥിതിദിനത്തിന് രാവിലെ എട്ടിന് ജില്ല കലക്ടറേറ്റിലെത്തിയ ജില്ല കലക്ടര്‍ പി മേരിക്കുട്ടി മണിക്കൂറുകള്‍ നീണ്ട ശുചീകരണപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടത് വേറിട്ട കാഴ്ച്ചയായി. സഹപ്രവര്‍ത്തകര്‍ക്ക് ഊര്‍ജ്ജം പകര്‍ന്നു തരുന്ന കാഴ്ച്ച കൂടിയായിരുന്നു അത്. പരിസ്ഥിതിദിനാചരണത്തിന്റെ ഭാഗമായി ശുചീകരണപ്രവര്‍ത്തനങ്ങളുടെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ചു.
ജില്ലാ കലക്ടര്‍ക്ക് പുറമെ എഡിഎം ജെ ഒ അരുണ്‍, ഡിഎംഒ ഡോ.കെ പി റീത്ത എന്നിവരുടെ നേതൃത്വത്തില്‍ കലക്ടേറ്റ് പരിസരവും ഓഫിസുകളും ജീവനക്കാരും വിവിധ സര്‍വീസ് സംഘടനകളും ചേര്‍ന്നാണ് ശുചീകരിച്ചത്. കാലവര്‍ഷമുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ വിജയകരമായി നടപ്പാക്കുകയും ഇതിന്റെ തുടര്‍ച്ചയായി കാലവര്‍ഷത്തെ നേരിടാനെന്നോണം രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളും വിവിധതരത്തിലുളള ശുചീകരണപ്രക്രിയകളും തുടരുമെന്നും ജില്ല കലക്ടര്‍ പറഞ്ഞു. തുടര്‍ന്ന് ജില്ലഭരണകൂടവും നെഹ്‌റുയുവകേന്ദ്രയും സംയുക്തമായി നടപ്പാക്കുന്ന ക്ലീന്‍ ഗ്രീന്‍ പാലക്കാട് പരിപാടിയുമായി ബന്ധപ്പെട്ട് ജില്ല കളക്ടറുടെ നേതൃത്വത്തില്‍ ആല്‍, വേപ്പ്, ഉങ്ങ് വര്‍ഗ്ഗത്തില്‍പെട്ട 10ഓളം മരങ്ങള്‍ കലക്ടറേറ്റ് പരിസരത്ത് നട്ടു.സര്‍ക്കാറിന്റെ നിര്‍ദ്ദേശപ്രകാരം ജൂണ്‍, ജൂലൈ, ആഗസ്റ്റ് മാസങ്ങളിലായി സംസ്ഥാനമൊട്ടാകെ നടപ്പാക്കുന്ന ശുചിത്വ രോഗപ്രതിരോധ നിയന്ത്രണ പരിപാടികള്‍ ജില്ലയില്‍ ഊര്‍ജ്ജിതമായി നടന്നു വരികയാണെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. കൊതുക്ജന്യ രോഗങ്ങളും ജലജന്യ രോഗങ്ങളും ഉറവിടത്തില്‍ തന്നെ തടയുന്ന പ്രവര്‍ത്തനങ്ങളാണ് പരിപാടിയുടെ ഭാഗമായി നടപ്പാക്കുന്നത്. ഇതിനായി പഞ്ചായത്ത് മെംമ്പര്‍ ചെയര്‍മാനായിട്ടുളള വാര്‍ഡ്തല ശുചിത്വ കമ്മിറ്റികള്‍ രൂപികരിച്ചിട്ടുണ്ട്.
കൊല്ലങ്കോട്: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പാലക്കാട്, സംയോജിത നീര്‍ത്തട പരിപാലന പരിപാടി ജില്ലാതല ഉദ്ഘാടനം കൊല്ലങ്കോട് വട്ടേക്കാട് ജിയുപി സ്‌കൂളില്‍ കെ ബാബു എംഎല്‍എ നിര്‍വഹിച്ചു. നെന്മാറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി വി രാമകൃഷ്ണന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ വൃക്ഷ തൈകള്‍ നടീല്‍ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ശാന്തകുമാരി നിര്‍വഹിച്ചു. പരിസ്ഥിതി സൗഹൃദ ഉല്‍പ്പന്നങ്ങളുടെ വിതരണം നടന്നു. ചടങ്ങില്‍ ഡോ. പി കെ സനല്‍കുമാര്‍, ജില്ലാ പഞ്ചായത്ത് അംഗം യു അസ്സീസ്, കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശാരദ തുളസിദാസ്, എലവഞ്ചേരി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സുധാ രവീന്ദ്രന്‍, കൊല്ലങ്കോട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ശാലിനി കറുപ്പേഷ്, കെ ശിവരാമന്‍, ജയലളിത, ബി അനന്തകൃഷ്ണന്‍ സംസാരിച്ചു.
കുഴല്‍മന്ദം: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി കുഴല്‍മന്ദം ബ്ലോക്കില്‍ പാതയോരങ്ങളില്‍ വൃക്ഷ തൈ വച്ചുപിടിപ്പിക്കുന്നതിന്റെ ഭാഗമായി ‘ഹരിതവീഥി ‘ പദ്ധതിയുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്തു പ്രസിഡന്റ് പി ഷേര്‍ളി നിര്‍വഹിച്ചു. 75 റോഡുകളിലായി 235 കിലോമീറ്റര്‍ ദൂരത്തില്‍ 50000വൃക്ഷതൈകള്‍ വച്ചു പിടിപ്പിക്കും. വൃക്ഷതൈകളുടെ സംരക്ഷണത്തിന് എല്ലാ പഞ്ചായത്തുകളിലും ലേബര്‍ ഗ്രൂപ്പുകള്‍ രൂപീകരിച്ചിട്ടുണ്ട്. 3 മുതല്‍ 5 വരെ വര്‍ഷം പരിചരിക്കുന്ന വൃക്ഷങ്ങളില്‍ നിന്നുള്ള ആദായം എടുക്കുന്നതിന് പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനവിഭാഗങ്ങളില്‍ പെട്ട തൊഴിലാളികള്‍ക്ക് അവകാശമുണ്ട്. ഫവലൃക്ഷതൈകള്‍ ഉല്‍പാദിപ്പിക്കുന്നതിനുള്ള നഴ്‌സറി തൊഴിലുറപ്പു പദ്ധതിയില്‍ ഉള്‍പ്പെടുത്തി കണ്ണാടി പഞ്ചായത്തില്‍ ആരംഭിച്ചിട്ടുണ്ട്. ബ്ലോക്ക് പഞ്ചായത്തു വൈസ്പ്രസിഡന്റ് അനിതാനന്ദന്‍ സ്ഥിരം സമിതി അധ്യക്ഷരായ ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളും ജീവനക്കാരും പരിപാടിയില്‍ പങ്കെടുത്തു.
മലമ്പുഴ: മലമ്പുഴ ഉദ്യാനത്തില്‍ ഔഷധ ഉദ്യാനത്തിന്റെ ഉദ്ഘാടനം മലമ്പുഴ ഇറിഗേഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ എസ് പത്മകുമാര്‍ നിര്‍വഹിച്ചു . മലമ്പുഴ ഇറിഗേഷന്‍ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ഷീന്‍ചന്ദ്, ,ഡാം അസിസ്റ്റന്റ് എഞ്ചിനീയര്‍ കെ ദേവകുമാര്‍ ,ഓവര്‍സീയര്‍ ആര്‍ പ്രസാദ് ,ഡി ടി പി സീ സ്‌പെഷ്യല്‍ ഓഫിസര്‍ ജയകുമാര്‍, സംസ്‌കാര ചാരിറ്റബിള്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ പ്രേംകുമാര്‍ ,സെക്രട്ടറി പ്രശാന്ത് സംസാരിച്ചു. മംഗോ ഗര്‍ഡനില്‍ 4 ഏക്കര്‍ സ്ഥലത്താണ് ഔഷധഉദ്യാനം വികസിപ്പിക്കുന്നത്.സംസ്‌കാര ചാരിറ്റബിള്‍ ഫൌണ്ടേഷന്‍ ആണ് ഉദ്യാനത്തിന് വേണ്ട സഹായങ്ങള്‍ ചെയ്യുന്നത്.
പട്ടാമ്പി: പട്ടാമ്പി ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ പരിസ്ഥിതി ദിനം വിളയൂരില്‍ ആചരിച്ചു.പട്ടാമ്പി ബ്ലോക്ക് തല പരിപാടിയുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കമ്മുക്കുട്ടി എടത്തോള്‍ വിളയൂര്‍ ഗവ: ഹൈസ്‌കൂളില്‍ വൃക്ഷതൈ നട്ട് ഉദ്ഘാടനം ചെയ്തു. വിളയൂര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ മുരളി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ക്രഷ്ണകുമാരി, ബ്ലോക്ക് പഞ്ചായത്ത് വികസനസ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ വി എം മുഹമ്മദാലി മാസ്റ്റര്‍,വിളയൂര്‍ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ നീല ടിസുധാകരന്‍, വാര്‍ഡ് മെംമ്പര്‍ ഹരിദാസന്‍, മുന്‍പഞ്ചായത്ത് പ്രസിഡന്റ്‌കെ കൃഷ്ണന്‍കുട്ടി സംസാരിച്ചു.
വടക്കഞ്ചേരി:പരിസ്ഥിതിയെ സംരക്ഷിച്ചു കൊണ്ടുള്ള വികസനമാണ് സര്‍ക്കാര്‍ നയമെന്ന് മന്ത്രി എ കെ ബാലന്‍. മണ്ണംപറമ്പില്‍ പരിസ്ഥിതിദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച വൃക്ഷതൈ നടീലിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി കെ ചാമുണ്ണി അധ്യക്ഷത വഹിച്ചു. വടക്കഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് അനിത പോള്‍സണ്‍, പി ഗംഗാധരന്‍, സരോജിനി രാമകൃഷ്ണന്‍, രമജയന്‍, സി തമ്പു സംസാരിച്ചു.
വടക്കഞ്ചേരി: ലോകപരിസ്ഥിതിദിനാചരണത്തിന്റെ ഭാഗമായി കിഴക്കഞ്ചേരി കുണ്ടുകാട്ടില്‍ വൃക്ഷതൈ നടീലും ശുചീകരണ പ്രവര്‍ത്തികളും സംഘടിപ്പിച്ചു. സി പി എം ജില്ലാ സെക്രട്ടറി സികെ രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. എസ് രാധാകൃഷ്ണന്‍, കെ ബാലന്‍, സി സുന്ദരന്‍, പി എം കലാധരന്‍ സംസാരിച്ചു. മഞ്ഞപ്ര കൊളയക്കാട്ടില്‍ സി പി എം ഏരിയ സെക്രട്ടറി ടി കണ്ണന്‍ ഉദ്ഘാടനം ചെയ്തു. വി ഗംഗാധരന്‍, ആര്‍ രാജേഷ്, ആര്‍ രഘുനാഥന്‍ സംസാരിച്ചു. ഡി വൈ എഫ് ഐ വടക്കഞ്ചേരി മേഖല കമ്മിറ്റി ചാമപറമ്പില്‍ നടന്ന പരിസ്ഥിതിദിനാചരണം ബ്ലോക്ക് സെക്രട്ടറി കെ ജയപ്രകാശന്‍ ഉദ്ഘാടനം ചെയ്തു. ഷിജു അധ്യക്ഷത വഹിച്ചു. വേണു, വിനോദ് സംസാരിച്ചു.
മണ്ണാര്‍ക്കാട്: കുമരംപുത്തൂര്‍ പഞ്ചായത്ത് നടത്തിയ പരിസ്ഥിതി ദിനാചരണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഹുസൈന്‍ കോളശ്ശേരിയും സാഹിത്യകാരന്‍ കെ.പി.എസ് പയ്യനെടവും ചേര്‍ന്ന് വൃക്ഷതൈ നട്ട് ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്റ് പി. ഉഷ, സ്ഥിരം സമിതി ചെയര്‍മാന്‍ കെ.പി ഹംസ, എം. മുഹമ്മദാലി, കെ.പി റംല, എം. ഫസീല, എ.കെ.എ അസീസ്, കുഞ്ഞിരാമന്‍, രുഗ്മിണി, എം.കെ.അലി, തൊഴിലുറപ്പ് പദ്ധതി അസി.എഞ്ചിനീയര്‍ എ. സുഹാന, ഓവര്‍സിയര്‍ സഹദ് അരിയൂര്‍, എം.കെ അലി സംബന്ധിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 38 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക