|    Sep 20 Thu, 2018 1:49 am
FLASH NEWS

ജില്ലയിലുടനീളം മയക്കുമരുന്ന് വില്‍പന സംഘങ്ങള്‍ സജീവം

Published : 13th November 2017 | Posted By: fsq

 

കാക്കനാട്: പുതുതലമുറക്കാരെ ലക്ഷ്യമിട്ട് ജില്ലയിലുടനീളം മയക്കുമരുന്നു വില്‍പന സംഘങ്ങള്‍ വീണ്ടും സജീവമാവുന്നു. കൗമാരക്കാരായ കുട്ടികള്‍ തുടങ്ങി നല്ലൊരു ശതമാനം പ്രഫഷനല്‍ വിദ്യാര്‍ഥികള്‍ വരെ ലഹരിക്കടിമകളായതോടെ രക്ഷിതാക്കളും ആശങ്കയിലാണ്. അന്യസംസ്ഥാനങ്ങളില്‍ നിന്നെത്തിക്കുന്ന കഞ്ചാവും മയക്കുമരുന്നും മറ്റു പുകയില ഉല്‍പന്നങ്ങളും വാങ്ങി വില്‍പന നടത്തുന്നവരില്‍ സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികളുമുണ്ട്. അസം, ബീഹാര്‍, യുപി, പശ്ചിമബംഗാള്‍, ത്രിപുര തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നാണ് കൊച്ചിയില്‍ കഞ്ചാവ് എത്തുന്നത്. ട്രെയിന്‍ മാര്‍ഗം ലഹരി ഉല്‍പന്നങ്ങള്‍ എത്തിക്കാന്‍ അയല്‍ സംസ്ഥാനക്കാര്‍ക്കൊപ്പം മലയാളികളടക്കമുള്ള കാരിയര്‍ ബോയ്‌സും സജീവമാണ്. പറയുന്ന കേന്ദ്രങ്ങളില്‍ സാധനം എത്തിച്ചു കൊടുക്കുന്നവര്‍ക്ക് മുന്തിയ പ്രതിഫലവും നല്‍കും. അങ്കമാലി, ആലുവ, കളമശ്ശേരി റെയില്‍വേ സ്‌റ്റേഷനുകള്‍ വഴിയാണ് ആലുവ, പെരുമ്പാവൂര്‍ മേഖലകളില്‍ കഞ്ചാവ് എത്തുന്നത്. എറണാകുളം സൗത്ത്, നോര്‍ത്ത് റെയില്‍വേ സ്‌റ്റേഷനുകളില്‍ പോലിസ് പരിശോധനകള്‍ ശക്തമായതോടെ തിരക്കില്ലാത്ത തീവണ്ടി ഓഫിസുകള്‍ വഴിയാണ് ഇവ എത്തിക്കുക. റയില്‍വേ ഫഌറ്റ് ഫോമുകളില്‍ ഇറങ്ങുന്ന അന്യസംസ്ഥാനക്കാരുടെ ബാഗുകളിലോ ലഗേജുകളിലോ ലഹരിയുല്‍പ്പന്നങ്ങള്‍ ഉണ്ടാവില്ല. സ്‌റ്റേഷനില്‍ നിന്നും 500 മീറ്റര്‍ ദൂരപരിധിയിലെവിടെയും ട്രാക്കിനു സമീപം നിലയുറപ്പിച്ചിട്ടുള്ള കളക്ഷന്‍ ബോയ്‌സിന് ലഹരിയടങ്ങിയ ബാഗുകള്‍ എറിഞ്ഞു കൊടുക്കുമത്രേ. പിന്നീട് ഇത് സുരക്ഷിത താവളങ്ങളിലെത്തിച്ച് ചെറു പൊതികളാക്കിയ ശേഷം ഇടപാടുകാര്‍ക്കെത്തിക്കും. അന്യസംസ്ഥാനക്കാര്‍ താമസിക്കുന്ന ലേബര്‍ ക്യാംപുകളിലാണ് കഞ്ചാവിന്റെ ആവശ്യക്കാര്‍ ഏറെയും. ഇടച്ചിറ, ചിറ്റേ ത്തുകര, പുക്കാട്ടുപടി, എന്നിവിടങ്ങളിലും  ബ്രഹ്മപുരം മെമ്പര്‍പടിക്കു സമീപം അറുന്നൂറിലേറെപ്പേര്‍ താമസിക്കുന്ന ലേബര്‍ ക്യാംപിലും കഞ്ചാവ്, നിരോധിത പുകയില ഉല്‍പന്നമായ ഹാന്‍സ് എന്നിവ ഉപയോഗിക്കുന്നവരുടെ എണ്ണം പെരുകിയിട്ടുണ്ട്. വൃത്തിഹീനമായ ചുറ്റുപാടുകളിലാണ് ഈ ക്യാംപുകള്‍.  കുറ്റവാസനകള്‍ ഉണ്ടാവാനും കുറ്റകൃത്യങ്ങള്‍ ചെയ്യാനും പുതുതലമുറക്കാരെ പ്രേരിപ്പിക്കാന്‍ ലഹരിക്കാവുമെന്ന് മനശാസ്ത്ര വിധഗ്ദരും പറയുന്നു. കോളജ് ദിനാഘോഷ ദിവസം വിദ്യാര്‍ഥികള്‍ സഞ്ചരിച്ചിരുന്ന കാറില്‍ നിന്നും പിടികൂടിയ മദ്യവും കഞ്ചാവും നാട്ടുകാര്‍ പോലിസിന് കൈമാറിയിരുന്നു. തൃക്കാക്കരയിലെ പ്രമുഖ കലാലയത്തിലെ വിദ്യാര്‍ഥികളില്‍ പത്ത് പേരെ പോലിസ് കസ്റ്റഡിയിലെടുത്തതും മാധ്യമശ്രദ്ധ നേടിയിരുന്നു. അയല്‍ സംസ്ഥാനങ്ങളില്‍ നിന്നാണ് നാവിനടിയില്‍ ഒട്ടിച്ചു വക്കുന്ന ലഹരി സ്റ്റാമ്പുകള്‍, പെത്തടിന്‍ അടക്കമുള്ള മയക്കുമരുന്ന് ആംപ്യൂളുകള്‍, കഞ്ചാവ്, ഹാശിഷ്, ചരസ് എന്നിവ കൊച്ചിയിലേക്കെത്തുന്നത്. കാരിയര്‍മാരില്‍ നല്ലൊരു ശതമാനവും ബംഗളൂരുവില്‍ പഠിക്കുന്ന മലയാളി വിദ്യാര്‍ഥികളടക്കമുള്ളവരും ക്രിമിനല്‍ കുറ്റകൃത്യങ്ങളില്‍ പ്രതികളായ അന്യസംസ്ഥാനക്കാരുമാണെന്ന് രഹസ്യാന്വേഷണ വിഭാഗം മുന്‍പും കണ്ടെത്തിയിരുന്നു. ജോലിക്കായി എത്തിയിട്ടുള്ളവരില്‍ 30 ശതമാനം പേരാണ് കേരളം ഉപജീവനത്തിനായി കാണുന്നത്. 80,000 രുപ വരെ വില വരുന്ന ആപ്പിള്‍ ഐഫോണുകള്‍ ഉപയോഗിക്കുന്ന അന്യസംസ്ഥാനക്കാരും ജില്ലയിലുണ്ട്. ഇവരുടെ വരുമാന സ്രോതസ് പോലിസ് രഹസ്യാന്വേഷണ വിഭാഗം പോലും അന്വേഷിക്കുന്നില്ലെന്നാണ് ആക്ഷേപം. തൊഴില്‍ ദാതാക്കള്‍, ലേബര്‍ വിഭാഗം ഉദ്യോഗസ്ഥര്‍, എക്‌സൈസ് അധികൃതര്‍, പോലിസ് തുടങ്ങി ആരും അന്യസംസ്ഥാനക്കാരായ തൊഴിലാളികള്‍ക്ക് മേല്‍ നിയന്ത്രണമോ, നിരീക്ഷണമോ നടത്തുന്നില്ല. ജില്ലയിലെ പുതുതലമുറകള്‍ക്കു മേല്‍ മയക്കുമരുന്ന് മാഫിയകള്‍ പിടിമുറുക്കിയതിനു കാരണവും മറ്റൊന്നല്ല.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss