|    Jul 18 Wed, 2018 1:07 am
FLASH NEWS

ജിറ്റോയുടെ മുങ്ങി മരണം; ദു:ഖം സഹിക്കാനാവാതെ സുഹൃത്തുക്കള്‍

Published : 22nd September 2017 | Posted By: fsq

 

ചങ്ങനാശ്ശേരി: വടക്കേക്കരയില്‍ ഇന്നലെ മുങ്ങി മരിച്ച വടക്കേക്കര ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്ലസ്ടു വിദ്യാര്‍ഥി കടന്തോട് പരേതനായ മാത്യൂ തോമസിന്റെ മകന്‍ ജിറ്റോ മാത്യുവിന്റെ വേര്‍പാടില്‍ ദുഖം സഹിക്കവയ്യാതെ സുഹൃത്തുക്കള്‍. വെള്ളപ്പൊക്കത്തെ തുടര്‍ന്നു സ്‌കൂള്‍ അവധിയായതിനാല്‍ വെള്ളം കാണാനും സുഹൃത്തുക്കള്‍ക്കൊപ്പം ഉല്ലാസം പങ്കിട്ടു കുളിക്കാനുമായിട്ടായിരുന്നു ജിറ്റോ പ്രകൃതി രമണീയമായ ചെത്തിപ്പുഴ കടവ് റെയില്‍വേ പാലത്തിനു സമീപമുള്ള കരുവേലി പാടശേഖരത്തിന്റെ നടുക്കുള്ള മീന്‍വളര്‍ത്തല്‍ കുളത്തില്‍ എത്തിയത്. ഇതിനായി വിവിധ സ്ഥലങ്ങളില്‍ താമസിക്കുന്ന സുഹൃത്തുക്കളായ 12 പേരാണ് രണ്ടു സംഘങ്ങളായി ഇന്നലെ ഒത്തുകൂടിയതും വടക്കേക്കരയില്‍ എത്തിയതും. ആദ്യം എത്തിയ ഏഴംഗ സംഘത്തില്‍ ജിറ്റോയും ഉണ്ടായിരുന്നു. അവര്‍ എത്തി കുളിക്കാനുള്ള തയ്യാറെടുപ്പുകള്‍ നടത്തുന്നതിനിടയില്‍ രണ്ടാമത്തെ അഞ്ചംഗ സംഘവും എത്തി. രണ്ടാമത് എത്തിയ സംഘത്തില്‍പ്പെട്ട ഒരാള്‍ കുളിക്കാനിറങ്ങിയപ്പോള്‍ മുങ്ങിത്താഴുന്നതു ശ്രദ്ധയില്‍പ്പെട്ട ജിറ്റോ അയാളെ രക്ഷിക്കാനായി ആഴത്തില്‍ ചേറുള്ള കുളത്തിലേക്കു ചാടി. എന്നാല്‍ ഏറെ നേരം കഴിഞ്ഞിട്ടും കാണാതിരുന്നതിനെ തുടര്‍ന്ന് കൂട്ടുകാര്‍ ബഹളംവച്ചു. നാട്ടുകാരും ഫയര്‍ഫോഴ്‌സും പോലിസും സ്ഥലത്തെത്തി രണ്ടു മണിക്കൂറുകള്‍ നടത്തിയ തിരച്ചിലിലാണ് ജിറ്റോയെ കണ്ടെത്തിയത്.നെഞ്ചോളം ചെളിയില്‍ പുതഞ്ഞ നിലയില്‍ ഒരു കൈ ഉയര്‍ത്തി നില്‍ക്കുന്നതായി കണ്ട കോണ്‍ഗ്രസ് നേതാവ് സെബിന്‍ ജോണ്‍ കൈയില്‍പിടിച്ചു പൊക്കാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. തുടര്‍ന്നു ഫയര്‍ഫോഴ്‌സും ചേര്‍ന്നു വെള്ളത്തില്‍ നിന്ന് എടുക്കുകയായിരുന്നു. പഠിക്കാന്‍ മിടുക്കനായ ഇയാളുടെ മരണം ഞെട്ടലടെയാണ് നാട്ടുകാരും സഹപാഠികളും അധ്യാപകരുമെല്ലാം കേട്ടത്. കുളിക്കാനായി ഇവിടെ എത്തിയ സംഘത്തിലെ സഹപാഠികളെല്ലാം എന്തുചെയ്യണമെന്നറിയാതെ നില്‍ക്കുന്നതും കാണാനായി. ചെത്തിപ്പുഴയിലെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ച മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജിലെ പോസ്റ്റു മാര്‍ട്ടത്തിനുശേഷം പിന്നീട് സംസ്‌കരിക്കും. ചങ്ങനാശ്ശേരി പോലിസ് മേല്‍നടപടികള്‍ സ്വീകരിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss