|    Jun 19 Tue, 2018 11:46 pm
Home   >  Editpage  >  Lead Article  >  

ജിന്നുകളുടെ നഗരത്തില്‍ വീണ്ടും

Published : 4th April 2016 | Posted By: SMR

slug--offbeatഫിറോസ് ഷാ കോട്‌ലയിലെ ശ്മശാനത്തില്‍ ജിന്നുകളുടെ നേതാവിനോട് സംസാരിച്ച സൂഫി പീര്‍ സദറുദ്ദീന്റെ കഥ പറഞ്ഞാണ് വില്യം ഡാരയംപിള്‍ ജിന്നുകളുടെ നഗരത്തിന്റെ കഥ പറഞ്ഞുതുടങ്ങുന്നത്. ഒരു രാത്രി ശ്മശാനത്തില്‍ ഉറങ്ങുകയായിരുന്ന പീറിനെ ജിന്ന് വന്ന് തൊട്ടുണര്‍ത്തി. കറുത്തിട്ടായിരുന്നു അയാള്‍. മരങ്ങളോളം പൊക്കം. നെറ്റിയില്‍ ഒറ്റക്കണ്ണ്. ആവശ്യമുള്ള എന്തുവേണമെങ്കിലും ചോദിക്കാന്‍ പറഞ്ഞു അയാള്‍. പീറിനൊന്നും വേണ്ടായിരുന്നു. ജിന്നുകളെ സാധാരണ കണ്ണുകള്‍കൊണ്ട് കാണാനാവില്ലത്രെ. സദറുദ്ദീന്‍ 41 ദിവസം വ്രതവും പ്രാര്‍ഥനയുമായി കഴിഞ്ഞു. ഹിമാലയത്തിലെ ഗുഹയില്‍ വിവസ്ത്രനായി തപസ്സിരുന്നു. 41 ദിവസം യമുനയില്‍ വെള്ളത്തില്‍ മുങ്ങിനിന്നു. തുടര്‍ന്നാണ് രാത്രികളിലൊന്നില്‍ സദറുദ്ദീനു മുന്നില്‍ ജിന്ന് പ്രത്യക്ഷപ്പെട്ടത്. ഡല്‍ഹി ജീവിതത്തിലെ രാത്രികളില്‍ പീലുമരങ്ങള്‍ ഇലപൊഴിക്കുന്ന വസന്തകാലത്ത് ആര്യവേപ്പുകള്‍ക്കപ്പുറത്തെ നിഗൂഢത മുറ്റിയ തെരുവുകളിലേക്ക് ഞാന്‍ ആര്‍ത്തിയോടെ നോക്കിനിന്നിട്ടുണ്ട്. സദറുദ്ദീനെ തൊട്ടുണര്‍ത്തിയ ജിന്നുകളിലൊന്നിനെ കാണാനാവുന്നുണ്ടോ. ഒന്നുമില്ല. ശീതക്കാറ്റ് വിട്ടൊഴിയാത്ത രാത്രികളില്‍ അദ്ഭുതങ്ങളുടെ സമ്പന്നതയില്‍ ഡല്‍ഹി അതിന്റെ രഹസ്യം കൈവിടാതെ നില്‍ക്കുകയായിരുന്നു. പ്രവാസത്തിന്റെ ആദ്യകാലങ്ങളില്‍ നിങ്ങളെ പറിച്ചെറിയുന്ന ഡല്‍ഹി വൈകാതെ ജനനാനന്തരസൗഹൃദം കാട്ടും. ഈ സൗഹൃദമായിരിക്കും ഈ നഗരത്തിലേക്ക് വീണ്ടും വീണ്ടും നിങ്ങളെ എത്തിക്കുക.
ഡല്‍ഹിയെ ആദ്യമായി കാണുന്ന ഒരാള്‍ക്ക് അതൊരു പിടികിട്ടായ്കയുടെ സങ്കേതമാണ്. പഴയ നഗരത്തിലെ ചരിത്രസ്മാരകങ്ങളുടെ ശേഷിപ്പുകളില്‍ മാത്രമല്ല, ലട്ട്യന്‍സ് ഡല്‍ഹിയിലെ ആധുനികതയിലും നിഗൂഢത തങ്ങിനില്‍ക്കുന്നു. എന്നാല്‍, സ്വപ്‌നങ്ങളും മോഹങ്ങളും വാഗ്ദാനം ചെയ്യാന്‍ ഈ തെരുവുകള്‍ക്കുള്ള ശേഷി ഇന്ത്യയിലെ മറ്റൊരു നഗരത്തിനുമില്ല. കൊല്‍ക്കത്ത ഒറ്റനോട്ടത്തില്‍ പ്രസരിപ്പ് നിറയ്ക്കുന്ന നഗരമാണ്. ജയ്പൂര്‍ ചരിത്രനഗരമാണ്. എന്നാല്‍, അതൊന്നും ഡല്‍ഹി പോലെ സ്വപ്‌നങ്ങളെ പ്രലോഭിപ്പിക്കില്ല. പലരും പറയും, മരിച്ചുപോയ ഏഴു നഗരങ്ങളാണത്രെ ഡല്‍ഹി. ചിലര്‍ അതില്‍ കൂടുതലെണ്ണും. മരിച്ചുപോയ ഡസനിലധികം നഗരങ്ങളുണ്ട് ഡല്‍ഹിയില്‍. ആറാംനൂറ്റാണ്ട് മുതല്‍ മുഗളന്‍മാര്‍ക്ക് മുമ്പ് അഞ്ച് രാജവംശങ്ങള്‍ ഡല്‍ഹി ഭരിച്ചിട്ടുണ്ട്. വെട്ടിപ്പിടിക്കലിന്റെ ചരിത്രം ബ്രിട്ടിഷുകാര്‍ക്കൊപ്പവും തീര്‍ന്നിരുന്നില്ല. വിഭജനകാലത്ത് ഇന്നത്തെ പാകിസ്താനില്‍നിന്ന് കുടിയേറിയവരുടെ പിന്‍മുറക്കാരാണ് ഡല്‍ഹിയിലെ വലിയൊരു സമൂഹം. കാളവണ്ടികളിലും തീവണ്ടികളിലും കാല്‍നടയുമായി അതിര്‍ത്തികടന്നെത്തിയവര്‍ ഉപേക്ഷിക്കപ്പെട്ട ഭവനങ്ങള്‍ കൈയേറി. അതില്‍ സിന്ധികളും പഞ്ചാബികളുമുണ്ടായിരുന്നു. ആ വീടുകളുടെ ഉടമകള്‍ പാകിസ്താനിലേക്ക് പലായനം ചെയ്യുകയോ കൊല്ലപ്പെടുകയോ ചെയ്തിരുന്നു. പലരും കൊല്ലപ്പെട്ടു. കൊലയാളികള്‍ വീടുകളുടെ ഉടമകളായി. തെരുവില്‍ കൂടാരം കെട്ടി കഴിഞ്ഞവരുമുണ്ടായിരുന്നു. കാലക്രമത്തില്‍ കൂടാരങ്ങള്‍ കെട്ടിടങ്ങളായി. തെരുവില്‍ ഹലുവയും ജിലേബിയും വിറ്റിരുന്ന പഞ്ചാബികള്‍ ഭൂവുടമകളായി.
ഡല്‍ഹി കണ്ട ഏറ്റവും വലിയ കൂട്ടക്കൊല ഇതൊന്നുമായിരുന്നില്ല. 1739ല്‍ പേര്‍ഷ്യക്കാരും 1857ല്‍ ബ്രിട്ടിഷുകാരും നടത്തിയ കൂട്ടക്കൊലകളായിരുന്നു അത്. പഞ്ചാബിലെ കര്‍ണാലില്‍ മുഗളന്‍മാരെ തോല്‍പിച്ച പേര്‍ഷ്യന്‍ ഭരണാധികാരി നാദിര്‍ഷാ അതിവേഗത്തില്‍ ഡല്‍ഹിയിലേക്കു നീങ്ങി. ഷാലിമാര്‍ ഗാര്‍ഡനില്‍ തമ്പടിച്ച ഷാ ഡല്‍ഹിക്കാരെ കൂട്ടക്കൊല ചെയ്യാനാണ് ഉത്തരവിട്ടത്. ഒറ്റദിവസംകൊണ്ട് ഷായുടെ സൈന്യം കൊലപ്പെടുത്തിയത് ഒന്നരലക്ഷം പേരെയെന്ന് പറയപ്പെടുന്നു. നാദിര്‍ഷായുടെ കൂട്ടക്കൊലയാണ് ഡല്‍ഹിയില്‍ മുഗള്‍ ഭരണത്തിന്റെ അന്ത്യത്തിന് തുടക്കമിട്ടത്. കുറുനരിയുടെ മുരള്‍ച്ച കേള്‍ക്കാത്ത ഒരു വീടുപോലും അന്നുണ്ടായിരുന്നില്ലത്രെ. സമാനമായിരുന്നു മുഗള്‍ഭരണത്തിന്റെ അവസാനത്തില്‍ ബ്രിട്ടിഷുകാര്‍ നടത്തിയ കൂട്ടക്കൊലയും. ഇന്ദിരാഗാന്ധിയുടെ വധത്തെ തുടര്‍ന്നുണ്ടായ 1984ലെ സിഖ് കൂട്ടക്കൊലയിലും ഡല്‍ഹി വിറച്ചു.
കാലാവസ്ഥയുടെ കഠോരതയുണ്ടെങ്കിലും വല്ലാത്തൊരു വിലോഭനീയതയുണ്ട് ഡല്‍ഹിക്ക്. പേടിച്ചുവിറച്ചുകൊണ്ടാണെങ്കിലും പ്രേതകഥകള്‍ ആവര്‍ത്തിച്ചുവായിക്കുന്നതുപോലെ. തീപാറുന്ന ഓരോ ഉഷ്ണകാലത്തും ശൈത്യത്തെ കാത്തിരിക്കും. മരംകോച്ചുന്ന ശൈത്യത്തില്‍ ഉഷ്ണത്തിന്റെ സൗകര്യങ്ങളെ കൊതിയോടെ കാണും. പഴയ നഗരത്തിലെ ജീവിതകാഠിന്യത്തെക്കുറിച്ച് പരാതിപ്പെടുന്നവര്‍ പലപ്പോഴും ആ കാഠിന്യത്തിന്റെ സൗകര്യങ്ങളുടെ പങ്കുപറ്റിയിട്ടുണ്ടാവും. ലട്ട്യന്‍സ് ഡല്‍ഹിയുടെ വിശാലതയുടെയും പുന്തോട്ടങ്ങളുടെയും ധാരാളിത്തം പെട്ടെന്ന് മടുപ്പിച്ചാലും പഴയ ഡല്‍ഹിയിലെയും നിസാമുദ്ദീനിലെയും പഴയ നഗരത്തിന്റെ തിരക്കും വന്യതയും നിങ്ങളെ മടുപ്പിക്കില്ല.
തുഗ്ലക് രാജവംശം സ്ഥാപിച്ച ഗയാസുദ്ദീന്‍ തുഗ്ലക് ഡല്‍ഹി ഭരിച്ചിരുന്ന കാലത്തായിരുന്നു ഹസ്‌റത്ത് നിസാമുദ്ദീന്‍ ജീവിച്ചിരുന്നത്. ലളിതജീവിതം നയിച്ചിരുന്ന, നവീന കാഴ്ചപ്പാടുകള്‍ പുലര്‍ത്തിയിരുന്ന നിസാമുദ്ദീന് കൊട്ടാരപുരോഹിതരായിരുന്നു ആദ്യശത്രുക്കള്‍. അവര്‍ ഗയാസുദ്ദീനെ നിസാമുദ്ദീന്റെ ശത്രുവാക്കി. ഗയാസുദ്ദീന്‍ തുഗ്ലകാബാദ് പണികഴിപ്പിക്കാന്‍ തുടങ്ങിയ കാലത്ത് തന്റെ സൂഫി ആശ്രമത്തില്‍ വഴിയാത്രക്കാര്‍ക്കായി ഒരു കുടിവെള്ളസംഭരണി നിര്‍മിച്ചുകൊണ്ടിരിക്കുകയായിരുന്നു നിസാമുദ്ദീന്‍. ഡല്‍ഹിയിലെ എല്ലാ പണിക്കാരോടും തുഗ്ലകാബാദിന്റെ പണിക്കായി എത്താന്‍ ഗയാസുദ്ദീന്‍ ഉത്തരവിട്ടു. അനുസരിക്കുകയല്ലാതെ മാര്‍ഗമില്ലായിരുന്നു. കുടിവെള്ളസംഭരണിയുടെ പണി പാതിവഴിയിലായി. നിസാമുദ്ദീനുമായുള്ള തര്‍ക്കം ഇതിനിടയില്‍ മുര്‍ച്ഛിച്ചു. 1324ല്‍ ബംഗാളിലെ ഒരു കലാപം അടിച്ചമര്‍ത്താന്‍ പോയ ഗയാസുദ്ദീന്‍ തിരിച്ചെത്തിയാല്‍ നിസാമുദ്ദീനെ കൊലപ്പെടുത്തുമെന്നു പ്രഖ്യാപിച്ചു. വാര്‍ത്ത നിസാമുദ്ദീന്‍ അറിഞ്ഞു. നിസാമുദ്ദിന്‍ ഒന്നു ചിരിച്ചു. ഡല്‍ഹി ഗയാസുദ്ദീന് ഒരു പാടു ദൂരെയാണ് എന്നായിരുന്നു നിസാമുദ്ദീന്റെ മറുപടി (ദില്ലി ദുരസ്ത്). കലാപം അടിച്ചമര്‍ത്തി വടക്കന്‍ ബിഹാറിലെ തീര്‍ഹട്ട് കൂടി പിടിച്ചെടുത്ത ശേഷമായിരുന്നു ഡല്‍ഹിയിലേക്കുള്ള ഗയാസുദ്ദീന്റെ വരവ്. നിസാമുദ്ദീന്‍ കുലുങ്ങിയില്ല. ഗയാസുദ്ദീന്‍ ഡല്‍ഹിയില്‍ എത്തിയുമില്ല. യുദ്ധം ജയിച്ചു വരുന്ന പിതാവിന് ഡല്‍ഹി അതിര്‍ത്തിയിലെ അഫ്ഗാന്‍പൂരില്‍ രണ്ടാമത്തെ മകന്‍ മഹ്മൂദ്ഖാന്‍ ഒരു സ്വീകരണമൊരുക്കി. സ്വീകരണത്തിനായി കെട്ടിയുണ്ടാക്കിയ വേദി തകര്‍ന്നു വീണ് ഗയാസുദ്ദീന്‍ മരിച്ചു. ഗയാസുദ്ദീനെ കൊന്ന് അധികാരം പിടിച്ചെടുക്കാന്‍ മകന്‍ ആസൂത്രണം ചെയ്തതാണ് സ്വീകരണമെന്ന് ഇബ്‌നു ബതൂത എഴുതിയിട്ടുണ്ട്.
ഗയാസുദ്ദീന്‍ മാത്രമല്ല, നിരവധി സുന്ദരമായ കൊട്ടാരങ്ങളുണ്ടാക്കിയിട്ടും തടവില്‍ കിടന്നു മരിക്കേണ്ടിവന്ന ഷാജഹാന്‍, സൗഭാഗ്യങ്ങളെല്ലാം നഷ്ടപ്പെട്ട് ഒടുവില്‍ റംഗൂണില്‍ അഭയാര്‍ഥിയായി മരിക്കേണ്ടിവന്ന അവസാന മുഗള്‍ രാജാവ് ബഹദൂര്‍ഷാ സഫര്‍, നിരവധി യുദ്ധങ്ങള്‍ ചെയ്തിട്ടും പുസ്തകങ്ങളുമായി കോണിപ്പടി കയറുമ്പോള്‍ വീണു മരിച്ച ചക്രവര്‍ത്തി ഹുമയൂണ്‍; അങ്ങനെ നിരവധിയുണ്ട് ഡല്‍ഹിയുടെ ചരിത്രത്തിലെ വൈപരീത്യങ്ങളായിട്ട്. തുഗ്ലക് രാജവംശം ഇല്ലാതായി. തുഗ്ലകാബാദ് നശിച്ചു. ഗയാസുദ്ദീന്‍ ഇല്ലാതാക്കാന്‍ തുനിഞ്ഞ നിസാമുദ്ദീന്‍ ദര്‍ഗയും സൂഫി കേന്ദ്രവും ഇപ്പോഴുമുണ്ട്. ജിന്നുകളെ കണ്ട പീര്‍ സദറുദ്ദീന്‍ മരിച്ചുപോയിരിക്കും. കൂടെക്കൂടിയ ജിന്നിനെ ഒഴിപ്പിക്കാന്‍ സദറുദ്ദീന് വീണ്ടും തപസ്സ് ചെയ്യേണ്ടിവന്നത്രെ. കമ്പിളിവില്‍പനക്കാരും ഗുലാബ്ജാമൂന്‍ വില്‍ക്കുന്ന വണിക്കുകളും തെരുവില്‍നിന്ന് അപ്രത്യക്ഷമായി. ഇലപൊഴിഞ്ഞുതീര്‍ന്ന മരങ്ങളില്‍ തളിരിലകള്‍ വന്നുതുടങ്ങി. തെരുവുകളിലെ ഞാവല്‍മരങ്ങള്‍ വൈകാതെ പൂക്കുകയും ഞാവല്‍പ്പഴങ്ങള്‍ പൊഴിക്കുകയും ചെയ്യും. ഡല്‍ഹിക്കിനി ഉഷ്ണകാലമാണ്.

ഓണ്‍ബീറ്റ്: പുതുതലമുറ വ്യാപകമായി മൊബൈല്‍ ഫോണും ടാബും ലാപ്പുമൊക്കെ ഉപയോഗിക്കാന്‍ തുടങ്ങിയതോടെ വിരാമചിഹ്നങ്ങള്‍ സ്ഥലംകാലിയാക്കുകയാണ്. പൂര്‍ണ വിരാമം, അര്‍ധവിരാമം, കോമ എന്നിവ എന്തെന്നു ചോദിച്ചാല്‍ പിള്ളേര്‍ കൈമലര്‍ത്തും. അതില്‍ അതിശയിക്കാനൊന്നുമില്ല. മാര്‍ക്‌ടൈ്വന്‍ തന്റെ രചനയ്ക്ക് ആരോ വിരാമചിഹ്നങ്ങള്‍ ഉപയോഗിക്കുന്നു എന്ന് കേട്ടപ്പോള്‍ അയാളെ പ്രാര്‍ഥിക്കാന്‍പോലും അനുവദിക്കാതെ വെടിവച്ചുകൊല്ലാനാണ് പറഞ്ഞത്. അര്‍ധവിരാമം (സെമി കോളന്‍) ഉപയോഗിച്ചാലുള്ള ഒരേയൊരു ഗുണം അതു പ്രയോഗിച്ചവന്‍ കോളജില്‍ പഠിച്ചു എന്നു തെളിയുമെന്നാണ് മറ്റൊരു വിദ്വാന്‍ പറഞ്ഞത്.
**** ******* ********

ഫ്രെയിംഡ് ആസ് എ ടെററിസ്റ്റ്: മൈ 14 ഇയേഴ്‌സ് സ്ട്രഗിള്‍ ടു പ്രൂവ് മൈ ഇന്നസെന്‍സ് എന്ന പുസ്തകമെഴുതിയ ഡല്‍ഹി സ്വദേശി മുഹമ്മദ് ആമിര്‍ഖാന് അസാധാരണമായൊന്നും പറയാനുണ്ടായിരുന്നില്ല. പാകിസ്താന്‍ സന്ദര്‍ശിച്ചു വന്നതിനു തൊട്ടുപിന്നാലെ 1998 ഫെബ്രുവരിയില്‍ ഡല്‍ഹി പോലിസിലെ സ്‌പെഷ്യല്‍ സെല്‍ ഉദ്യോഗസ്ഥര്‍ ആമിറിനെ തട്ടിക്കൊണ്ടുപോയി. പിന്നീട് പതിവുപോലെ നഗ്‌നനാക്കി പീഡനം. കാലുകള്‍ രണ്ടുവശത്തേക്കും പിടിച്ചുവലിച്ചുവച്ചുള്ള പീഡനം, ചവിട്ട്, ഇലക്ട്രിക് ഷോക്കേല്‍പിക്കല്‍. തുടര്‍ന്ന് ഭീകരതയുമായി ബന്ധപ്പെട്ട 19 കേസുകള്‍ ചുമത്തി ഗാസിയാബാദ്, തിഹാര്‍ ജയിലുകളില്‍. ഒന്നിനു പിറകെ ഒന്നായി കേസുകള്‍ വന്നു. ഒന്നില്‍ നിരപരാധിയെന്നു കണ്ടെത്തുമ്പോള്‍ മറ്റൊന്ന്. എല്ലാ കേസിലും നിരപരാധിയെന്നു തെളിയിച്ചു പുറത്തിറങ്ങിയപ്പോഴേക്ക് 14 വര്‍ഷമെടുത്തിരുന്നു. ടാഡ കേസില്‍പ്പെട്ട സിഖുകാരും കശ്മീരികളും സിമി കേസില്‍പ്പെട്ട യുവാക്കളുമായിരുന്നു ജയിലില്‍ കൂടുതലുമുണ്ടായിരുന്നതെന്ന് ആമിര്‍ പറയുന്നു. സെല്ലിനുള്ളില്‍ ഹിന്ദു-മുസ്‌ലിം വിവേചനമൊന്നുമുണ്ടായിരുന്നില്ല. നോമ്പുകാലങ്ങളില്‍ അവരെന്നെ ഏകാന്ത തടവിലിട്ടു. അന്ന് നോമ്പുതുറക്കാന്‍ കാന്റീനില്‍ പോവാന്‍ പോലും അനുവാദമുണ്ടായിരുന്നില്ല. ഒരു ഹിന്ദു തടവുകാരനാണ് അധികൃതരോട് പോരടിച്ച് തനിക്ക് പാലും ഈത്തപ്പഴവും എത്തിച്ചുതന്നത്. ഈ മനുഷ്യത്വം തന്നെ അദ്ഭുതപ്പെടുത്തിയെന്ന് ആമിര്‍ പറയുന്നു. പോലിസ് വാനിന്റെ ഉള്‍വശം കണ്ടവരെല്ലാം ചീത്ത മനുഷ്യരാണെന്നാണ് താന്‍ അതുവരെ കരുതിയിരുന്നത്.
താന്‍ രാജ്യദ്രോഹിയല്ലെന്നു തെളിയിക്കാന്‍ ഏറ്റവും കൂടുതല്‍ പ്രയത്‌നിച്ചത് തന്റെ പിതാവായിരുന്നു. വിചാരണക്കോടതിയില്‍ പിതാവ് എന്നുമെത്തും. 2001ല്‍ ഒരുദിവസം അദ്ദേഹത്തെ കണ്ടില്ല. പിതാവ് എവിടെയെന്ന് ജഡ്ജി ചോദിച്ചു. ആശുപത്രിയിലാണെന്നു മറുപടി പറഞ്ഞു. പിതാവിനെ കാണാന്‍ കോടതി സ്വമേധയാ ഒരു മണിക്കൂര്‍ അനുവദിച്ചു. 2012 ജനുവരിയില്‍ കുറ്റവിമുക്തനായി താന്‍ പുറത്തുവരുമ്പോള്‍ പിതാവുണ്ടായിരുന്നില്ല. മാതാവ് രോഗിയായിരുന്നു. പുറത്തിറങ്ങിയപ്പോഴേക്കും ലോകം ഒരുപാട് മാറിപ്പോയിരുന്നു. എല്ലാവരും ആധുനിക സൗകര്യങ്ങളുള്ള ഫോണ്‍ ഉപയോഗിക്കുന്നു. എടിഎം കാര്‍ഡുകള്‍, ഡല്‍ഹി മെട്രോ, സോഷ്യല്‍ മീഡിയ. തനിക്ക് ഇത്രയും കാലം പരിചയമില്ലാതിരുന്ന ലോകത്തേക്കാണ് താന്‍ ഇറങ്ങിവന്നതെന്ന് ആമിര്‍ പറയുന്നു. എന്നാല്‍, ആമിറിനുവേണ്ടി 14 വര്‍ഷം കാത്തിരുന്ന ഒരാളുണ്ടായിരുന്നു. കളിക്കൂട്ടുകാരി ആലിയ. ആലിയയുടെ പിതാവിന് മകള്‍ ആമിറിനെ വിവാഹം ചെയ്യുന്നതില്‍ താല്‍പര്യമുണ്ടായിരുന്നില്ല. എന്നാല്‍, മകളുടെ നിശ്ചയദാര്‍ഢ്യത്തിന് അവര്‍ക്ക് വഴങ്ങേണ്ടിവന്നു. കഴിഞ്ഞ വര്‍ഷം ആമിറിന് അഞ്ചുലക്ഷം നഷ്ടപരിഹാരം നല്‍കാന്‍ ഡല്‍ഹി സര്‍ക്കാരിനോട് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടു. ജയില്‍ പരിഷ്‌കരണത്തിനായി മനുഷ്യാവകാശ കമ്മീഷന്‍ നടത്തുന്ന പദ്ധതിയുടെ ഭാഗമാണ് ആമിറിപ്പോള്‍.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss