|    Dec 14 Fri, 2018 2:49 am
FLASH NEWS
Home   >  Editpage  >  Lead Article  >  

ജിന്നയും ഗന്നയും തമ്മില്‍ മല്‍സരം

Published : 14th June 2018 | Posted By: kasim kzm

കൈരാനയുടെ പാഠങ്ങള്‍- 2 –  പി എ എം ഹാരിസ്  
വോട്ട് ഭിന്നിച്ചുപോവരുതെന്നും ഭരണഘടന സംരക്ഷിക്കുന്നതിനും ജനാധിപത്യം രക്ഷിക്കാനും തബസ്സും ഹസന് ഒറ്റക്കെട്ടായി വോട്ട് രേഖപ്പെടുത്തണമെന്നുമായിരുന്നു കത്തിലെ നിര്‍ദേശം. തടവറക്കുള്ളില്‍ നിന്ന് ചന്ദ്രശേഖര്‍, പുറത്ത് തന്നെ പിന്തുണയ്ക്കുന്നവരുമായി ബന്ധപ്പെട്ടിരുന്നു. ചന്ദ്രശേഖറിന്റെ തടവ് തുടരുന്നതിനെതിരേ സംസ്ഥാനവ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കാമെന്ന് നിര്‍ദേശമുണ്ടായിരുന്നുവെങ്കിലും അത് മാറ്റിവച്ച് കൈരാനയില്‍ ബിജെപിയെ തോല്‍പിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനായിരുന്നു നിര്‍ദേശം.
നിരവധി ദലിതുകള്‍ ബിജെപിയെ കൂട്ടമായി പിന്തുണച്ച 2017ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ആര്‍എല്‍ഡിയുടെ വോട്ടുവിഹിതം കൂടി നോക്കുക: നാകൂറില്‍ ലഭിച്ചത് വെറും 783 വോട്ട്. ദലിതുകളും പ്രതിപക്ഷവും ഒത്തുചേര്‍ന്നതോടെ ഇത്തവണ അത് 1,14,341 ആയി. ഗാംഗോഹില്‍ ലഭിച്ചത് 1954 വോട്ട്. ഇത്തവണ 1,08,411 വോട്ടായി അതു വര്‍ധിച്ചു.
മൊത്തം അഞ്ചു മണ്ഡലങ്ങളില്‍ മൂന്നിലും തബസ്സും ലീഡ് നേടിയപ്പോള്‍ ബിജെപി രണ്ടിടത്ത് മുന്നിലെത്തി. അതില്‍ കൈരാനയില്‍ ബിജെപി നേടിയ ഭൂരിപക്ഷം കണ്ണുതുറപ്പിക്കുന്നതാണ്. 2017ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കൈരാനയൊഴികെ നാലിടത്തും ജയം ബിജെപിക്കായിരുന്നു. തബസ്സും ഹസന്റെ മകന്‍ നാഹിദ് ഹസന്‍ (എസ്പി) 21,162 വോട്ടിന് മൃഗാങ്കസിങിനെ തോല്‍പിച്ച കൈരാന നിയമസഭാ മണ്ഡലത്തില്‍ തബസ്സും പിന്നിലായി; മൃഗാങ്ക 13,817 വോട്ടിനു മുന്നിലെത്തി. ശാംലിയില്‍ മൃഗാങ്ക 412 വോട്ടും ലീഡ് നേടി. അതിനാലാണ് തബസ്സുമിന്റെ ലീഡ് അരലക്ഷത്തിനു ചുവട്ടിലെത്തിയത്. മാര്‍ച്ചില്‍ ഗോരഖ്പൂരിനും ഫുല്‍പൂരിനും പിറകെ, മെയില്‍ കൈരാനയിലേറ്റ തിരിച്ചടി ബിജെപിക്ക് കനത്ത ആഘാതമാണ്. കള്ളങ്ങള്‍ക്കെതിരേ സത്യത്തിന്റെ വിജയമെന്നാണ് തബസ്സും പ്രതികരിച്ചത്. ബിജെപിയുടെ കാംപയിന്‍ സംഘം അതു രാമനെതിരേ അല്ലാഹുവിന്റെ വിജയമെന്നും ഹിന്ദുക്കള്‍ക്കെതിരേ ഇസ്‌ലാമിന്റെ വിജയമെന്നും മറ്റുമായി സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു. അടുത്ത തിരഞ്ഞെടുപ്പിനുള്ള കാംപയിന് ഹിന്ദുത്വര്‍ തുടക്കമിട്ടുവെന്ന് ചുരുക്കം.
ചരണ്‍സിങിന്റെ പൗത്രനും അജിത് സിങിന്റെ മകനുമായ ആര്‍എല്‍ഡി നേതാവ് ജയന്ത് ചൗധരിയാണ് തികഞ്ഞ രാഷ്ട്രീയചാതുരിയോടെ തിരഞ്ഞെടുപ്പിന് കൃത്യമായ ഗതി നിര്‍ണയിച്ചത്. ആര്‍എല്‍ഡി സ്ഥാനാര്‍ഥിയായി ജയന്ത് ചൗധരി മല്‍സരിക്കുമെന്നായിരുന്നു പ്രതീക്ഷ. അത് അട്ടിമറിച്ചാണ് മുസ്‌ലിം സ്ഥാനാര്‍ഥിയെ ജയന്ത് ചൗധരി രംഗത്തിറക്കിയത്. അപകടം മുന്നില്‍ക്കണ്ട് ലോക്ദള്‍ സ്ഥാനാര്‍ഥിയെ രംഗത്തുനിന്നു പിന്‍വലിച്ചതും ജയന്താണ്. ജിന്നയും ഗന്ന(കരിമ്പ്)യും തമ്മിലാണ് പോരാട്ടമെന്ന അദ്ദേഹത്തിന്റെ പരാമര്‍ശം കുറിക്കുകൊണ്ടു. പാകിസ്താന്‍ സ്ഥാപകനായ മുഹമ്മദലി ജിന്നയുടെ പടം അലിഗഡ് സര്‍വകലാശാലയില്‍ സ്ഥാപിക്കുന്നതു സംബന്ധിച്ച ഹിന്ദുത്വരുടെ ബഹളത്തെക്കുറിച്ചായിരുന്നു പരാമര്‍ശം.
പശ്ചിമ യുപിയിലെ മുഖ്യപ്രശ്‌നമായിരുന്നു കരിമ്പുകര്‍ഷകരുടേത്. ഫാക്ടറികള്‍ക്കു കരിമ്പ് നല്‍കി രണ്ടാഴ്ചയ്ക്കകം കര്‍ഷകര്‍ക്ക് വില നല്‍കുമെന്ന വാഗ്ദാനം പാലിക്കുന്നതില്‍ ആദിത്യനാഥ് സര്‍ക്കാര്‍ പരാജയപ്പെട്ടു. സംസ്ഥാനത്തെ പഞ്ചസാര മില്ലുകള്‍ ഏതാണ്ട് 12,000 കോടി രൂപയാണ് കര്‍ഷകര്‍ക്ക് കുടിശ്ശികയുള്ളത്. കൈരാനയിലെ ആറ് പഞ്ചസാര മില്ലുകള്‍ മാത്രം ആയിരം കോടി രൂപ നല്‍കാനുണ്ട്. കരിമ്പുകര്‍ഷകരോടുള്ള യോഗി ആദിത്യനാഥ് സര്‍ക്കാരിന്റെ അവഗണന ചര്‍ച്ചാവിഷയമാക്കിയ തബസ്സും, ഭരണതലത്തിലെ അഴിമതിക്കൊപ്പം കരിമ്പുകര്‍ഷകരുടെ പണം ലഭിക്കുന്നതിലുണ്ടായ കാലതാമസവും തനിക്ക് വോട്ടായി മാറിയെന്നു വ്യക്തമാക്കി.
വ്യാപകമായ അഴിമതിക്കും കഴിവുകെട്ട മന്ത്രിമാര്‍ക്കുമെതിരേ നടപടിയെടുത്താല്‍ മാത്രമേ ഭാവി തിരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടിയുടെ പ്രകടനം മെച്ചപ്പെടുത്താനാവൂ എന്നാണ് ഹര്‍ദോയിയിലെ ഗോപമൗ എംഎല്‍എ ശ്യാംപ്രകാശ് പ്രതികരിച്ചത്.
പ്രതിപക്ഷ ഐക്യത്തിന്റെ സൂചന എന്നതിനപ്പുറം യുപിയിലെ ലോക്‌സഭ, നിയമസഭാ ഉപതിരഞ്ഞെടുപ്പുകളില്‍ ബിജെപിക്ക് നേരിട്ട പരാജയം സംബന്ധിച്ച മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ അമരേഷ് മിശ്രയുടെ വിശകലനം മറ്റു ചില വസ്തുകളിലേക്ക് കൂടി വിരല്‍ചൂണ്ടുന്നു:
2014ല്‍ ബിജെപി പണിതുയര്‍ത്തിയ മുസ്‌ലിംവിരുദ്ധ, യാദവേതര, ജാതവേതര ഹിന്ദുസഖ്യം തകര്‍ന്നടിഞ്ഞു. കലാപമേഖലയുടെ ഭാഗമാണ് കൈരാന. 2014ലും 17ലും ഇവിടെ എല്ലാ പ്രതീക്ഷകള്‍ക്കുമപ്പുറം ജാട്ടുകള്‍ കൂട്ടത്തോടെ ബിജെപിക്ക് വോട്ട് നല്‍കി. മുമ്പ് ജനസംഘം കാലത്തുപോലും ജാട്ടുകള്‍ കോണ്‍ഗ്രസ്സിനൊപ്പമോ ബിജെപിയിതര പ്രതിപക്ഷത്തോടൊപ്പമോ ആയിരുന്നു. 1857ലെ ഒന്നാം സ്വാതന്ത്ര്യസമരവേളയില്‍ രൂപംകൊണ്ട ജാട്ട്-മുസ്‌ലിം ഐക്യം ജാട്ട് നേതാവ് സര്‍ ചോട്ടുറാം സ്വാതന്ത്ര്യത്തിന് മുമ്പുതന്നെ ശക്തമാക്കി. തുടര്‍ന്ന് 1947ലെ വര്‍ഗീയതരംഗം പോലും ചൗധരി ചരണ്‍സിങ് പ്രതിരോധിച്ചു. മുസഫര്‍ നഗറിലെ മുസ്‌ലിംകള്‍ പാകിസ്താനിലേക്ക് കുടിയേറാതിരുന്നതുപോലും ജാട്ടുകളുടെ സംരക്ഷണവും സാഹോദര്യപ്രതിജ്ഞയും കാരണമായിരുന്നു.
2014 മുതല്‍ 17 വരെ പശ്ചിമ യുപിയില്‍ ബിജെപിക്ക് വേണ്ടി പ്രതിരോധനിര ഒരുക്കിയത് ജാട്ടുകളായിരുന്നു. മുസഫര്‍ നഗര്‍ കലാപത്തിനുശേഷമാണ് ജാട്ടുകള്‍ ഒറ്റക്കെട്ടായി ബിജെപിക്കെതിരേ നീങ്ങിയത്. കൈരാന ഉപതിരഞ്ഞെടുപ്പില്‍ 70 ശതമാനത്തിലേറെ ജാട്ടുകള്‍ ആര്‍എല്‍ഡിയുടെ മുസ്‌ലിം സ്ഥാനാര്‍ഥിക്ക് വോട്ട് രേഖപ്പെടുത്തി. ആര്‍എല്‍ഡിയോട് ഗാഢബന്ധമുള്ള സമൂഹമാണ് ജാട്ടുകള്‍. എന്നാല്‍, ചരണ്‍സിങിന്റെ മകന്‍ അജയ് സിങിന്റെ എല്ലാ ശ്രമങ്ങളും മറികടന്നാണ് ജാട്ടുകള്‍ കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പിലും ബിജെപിയെ പിന്തുണച്ചത്.
ജാട്ടുകള്‍ ബിജെപിക്ക് എതിരേ തിരിയുന്നതും മുസ്‌ലിം സ്ഥാനാര്‍ഥിക്ക് വോട്ട് നല്‍കുന്നതും വലിയൊരു സന്ദേശം നല്‍കുന്നുണ്ട്. പശ്ചിമ യുപിയില്‍ സ്വാധീനമുള്ള പ്രമുഖ സാമൂഹികശക്തിയെ ബിജെപിക്ക് നഷ്ടമായിരിക്കുന്നുവെന്നാണിത് വ്യക്തമാക്കുന്നത്. ജാട്ടുകളുടെ പിന്തുണയില്ലാതെ 2019ല്‍ പശ്ചിമ യുപിയില്‍ അഞ്ചു സീറ്റെങ്കിലും നേടിയെടുക്കുന്നത് ബിജെപിക്ക് ദുഷ്‌കരമായിരിക്കും.
ജാതവരല്ലാത്ത ദലിതുകളിലും യാദവരല്ലാത്ത മറ്റു പിന്നാക്കവിഭാഗങ്ങളിലും (ഒബിസി) ഗണ്യമായ ഒരു വിഭാഗം ജനസംഘം, ബിജെപി അനുകൂല മനസ്സുള്ളവരാണ്. രാംമന്ദിര്‍ ഘട്ടത്തിന് മുമ്പുതന്നെ, പശ്ചിമ യുപിയിലെ പ്രമുഖ പിന്നാക്ക വിഭാഗങ്ങളായ ശാക്യരും കാശ്യപരും ഒറ്റയ്ക്കും തെറ്റയ്ക്കും ജനസംഘത്തിനും ബിജെപിക്കും വോട്ട് നല്‍കിയിരുന്നു. മുഖ്യ ജാതവേതര ദലിതുകളായ വാല്‍മീകികളും അങ്ങനെ തന്നെ. 1990കളിലും 2000ലും ബിജെപിയെ വന്‍തോതില്‍ പിന്തുണച്ച ഈ സാമൂഹികവിഭാഗങ്ങള്‍ 2014ലും 17ലും കൂടുതല്‍ സജീവമായി. ഇത്തവണ പശ്ചിമ യുപിയിലെ ഈ പിന്നാക്കവിഭാഗങ്ങളില്‍ 25 മുതല്‍ 35 ശതമാനം വരെ ആര്‍എല്‍ഡിക്ക് വോട്ട് നല്‍കുകയോ അല്ലെങ്കില്‍ വോട്ട് രേഖപ്പെടുത്താതെ വീട്ടില്‍ തങ്ങുകയോ ചെയ്തു.
ബ്രാഹ്മണ-ഠാക്കൂര്‍ സമുദായങ്ങളുടെ നിലപാടാണ് മറ്റൊന്ന്. കിഴക്കന്‍ യുപിയിലെ ഉപതിരഞ്ഞെടുപ്പുകളിലും ഠാക്കൂറുകള്‍ കൂടുതല്‍ ബിജെപിക്കൊപ്പമാണെന്നാണ് കണ്ടത്. ഫുല്‍പൂരിലും ഗോരഖ്പൂരിലും ബ്രാഹ്മണര്‍ എസ്പിക്ക് വോട്ട് ചെയ്തില്ല. പകരം വോട്ട് ചെയ്യാതെ തങ്ങളുടെ വിയോജിപ്പ് പ്രകടമാക്കി. തല്‍ഫലമായി രണ്ടിടത്തും വോട്ടിങ് ശതമാനം വളരെ കുറഞ്ഞു. എസ്പിയുടെ വിജയത്തിന് അതും ഒരു പങ്കുവഹിച്ചു. കിഴക്കന്‍ യുപിയില്‍ നിന്നു വ്യത്യസ്തമായി പശ്ചിമ മേഖലയില്‍ ബ്രാഹ്മണസമൂഹം കുറവാണ്. എങ്കിലും 2014വും 2017ലും ബിജെപിയുടെ വിജയത്തില്‍ അവരുടെ സംഭാവനകള്‍ നിര്‍ണായകമായിരുന്നു. എന്നാല്‍ ഇത്തവണ, കൈരാനയും നൂര്‍പൂരും ബ്രാഹ്മണതെരുവുകളില്‍ ബിജെപി അനുകൂല സാഹചര്യം സൃഷ്ടിച്ചില്ല. വോട്ടെടുപ്പ് ദിവസവും അവര്‍ ഏറെയും വീടുകളില്‍ തങ്ങി. കൈരാനയില്‍ വോട്ടിങ് ശതമാനം ഏതാണ്ട് 10 ശതമാനം കുറഞ്ഞു.
രാജ്യത്തിന്റെ മറ്റു ഭാഗങ്ങളില്‍ കൈരാന ആവര്‍ത്തിക്കുന്നത് അത്ര എളുപ്പമല്ലെന്ന് പ്രതിപക്ഷകക്ഷികളും മനസ്സിലാക്കുന്നുണ്ട്. ബിഎസ്പി, ആര്‍എല്‍ഡി, എസ്പി, കോണ്‍ഗ്രസ് കക്ഷികള്‍ ഒന്നിച്ചുനിന്ന കൈരാന പൊതുവെ ബിജെപിക്കെതിരേ വോട്ട് ചെയ്യുന്ന വലിയ ശതമാനം മുസ്‌ലിംകളുള്ള മണ്ഡലമാണ്. മിക്ക മണ്ഡലങ്ങളിലും ബിജെപിക്കെതിരേ ഇത്തരമൊരു സഖ്യനിര എളുപ്പമാവില്ല. പലയിടത്തും ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ നേരിട്ടുള്ള ഏറ്റുമുട്ടലായിരിക്കും.
ഉപതിരഞ്ഞെടുപ്പില്‍ തോറ്റമ്പിയെങ്കിലും പൊതുതിരഞ്ഞെടുപ്പില്‍ മാധ്യമങ്ങളുടെയും സാമൂഹിക മാധ്യമങ്ങളുടെയും പിന്തുണയോടെ, കോര്‍പറേറ്റുകളുടെയും കുത്തകകളുടെയും സഹായത്തോടെ പണമൊഴുക്കി കൃത്രിമമായി മോദിതരംഗം സൃഷ്ടിക്കാന്‍ ബിജെപിക്ക് കഴിയും. ശക്തമായ ഭരണവിരുദ്ധ വികാരം നിലനിന്ന ഗുജറാത്തില്‍ ബിജെപി ഭരണം കൈയടക്കിയ അനുഭവം നമ്മുടെ മുന്നിലുണ്ട്.
മറുവശത്ത്, ബിജെപിക്കും സുപ്രധാന പാഠങ്ങളുണ്ട്. തീരുമാനമെടുക്കാത്ത വോട്ടര്‍മാരെ അവസാന നിമിഷം സ്വാധീനിക്കുന്ന മോദി ടെക്‌നിക് എപ്പോഴും ജയം കാണില്ലെന്ന് ബിജെപി മനസ്സിലാക്കി. 55 ശതമാനം മാത്രം പോളിങ് നടന്ന കൈരാനയില്‍ സ്വന്തം വോട്ടര്‍മാരെ ബൂത്തിലെത്തിക്കാന്‍ ബിജെപിക്കായില്ല. ധര്‍മത്തേക്കാള്‍ കര്‍മത്തിന് കരിമ്പുകര്‍ഷകര്‍ പ്രാധാന്യം നല്‍കിയെന്നാണ് ഒരു മാധ്യമപ്രവര്‍ത്തകന്‍ കുറിച്ചത്. മതം നോക്കുന്നതിലേറെ കരിമ്പുകര്‍ഷകന്‍ എന്ന നിലയ്ക്കാണ് വോട്ട് ചെയ്തത്.                     ി

(അവസാനിച്ചു.)

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss