|    Oct 22 Mon, 2018 7:25 am
FLASH NEWS
Home   >  Pravasi   >  

ജിദ്ദ ഏറ്റുമുട്ടല്‍: ഭീകരവാദികള്‍ വീട് വാടകക്കെടുത്തത് രണ്ടു മാസം മുമ്പ്

Published : 23rd January 2017 | Posted By: fsq

 

ജിദ്ദ: അല്‍ ഹറാസാത്തില്‍ കഴിഞ്ഞ ദിവസം സുരക്ഷാസേനയുമായി ഏറ്റുമുട്ടിയ തീവ്രവാദികളില്‍ ഒരാള്‍ രണ്ടു മാസം മുമ്പാണ് തന്റെ വീട് വാടകക്കെടുത്തതെന്ന് വീട്ടുടമസ്ഥന്‍ അബ്ദുല്ല അല്‍ ഖസീം. കുലീനവും ആകര്‍ഷവുമായ പെരുമാറ്റവും മാന്യമായ വേഷവും രൂപവും അയാളെ കുറിച്ച് നേരിയ സംശയത്തിന് പോലും ഇടയാക്കിയില്ലെന്നും അബ്ദുല്ല പറഞ്ഞു.മകന്റെ കല്യാണ ഒരുക്കങ്ങള്‍ക്കിടെയാണ് മുപ്പതിനു മേല്‍ പ്രായമുള്ളയാള്‍ അല്‍ ഹറാസാത്തിലെ വീട് വാടകക്ക് തരണമെന്നാവശ്യപ്പെട്ട് തന്നെ സമീപിച്ചത്. കല്യാണ തിരക്കിലായിരുന്നതിനാലും വേഷവും താടിയുമെല്ലാം മാന്യനാണെന്ന് തോന്നിപ്പിച്ചതിനാലും സംശയം തോന്നിയില്ല. മൂന്ന് കിടപ്പുമുറി സൗകര്യമുള്ള വീട് കണ്ട് തിരിച്ചെത്തിയ അയാളോട് ആറ് മാസത്തെ മുന്‍കൂര്‍ വാടക നല്‍കാന്‍ ആവശ്യപ്പെട്ടു. സമ്മതമറിയിച്ചെങ്കിലും തന്റെ സുഹൃത്തിന്റെ ബന്ധുവാണെന്നും തന്നെ നന്നായറിയാമെന്നും പറഞ്ഞ് കരാറൊപ്പിടുന്നതില്‍ നിന്ന് ഒഴിഞ്ഞു മാറാന്‍ ശ്രമിച്ചു. പിന്നീട് നിര്‍ബന്ധിച്ച് ഓഫിസില്‍ കൊണ്ടുപോയി നടപടികള്‍ പൂര്‍ത്തിയാക്കുകയായിരുന്നുവെന്ന് വീട്ടുടമസ്ഥന്‍ വിശദീകരിച്ചു.രണ്ടാം ഭാര്യക്കു വേണ്ടിയാണ് വീടെടുക്കുന്നതെന്നാണ് വിശ്വസിപ്പിച്ചത്. മകന്റെ വിവാഹ തിരക്കുകള്‍ കഴിഞ്ഞ ശേഷം വീട് രണ്ടായി ഭാഗിക്കാന്‍ അയാളെ സമീപിച്ചപ്പോള്‍ തടസ്സമൊന്നും പറഞ്ഞില്ല. പണി തുടങ്ങുന്നതിന് മുമ്പ് വിവരം അറിയിച്ചാല്‍ ഭാര്യയെ അവിടെ നിന്ന് മാറ്റിനിര്‍ത്താമായിരുന്നുവെന്നായിരുന്നു മറുപടി. ഇത് അയാളിലുള്ള ബഹുമാനം കൂട്ടിയതായും ശരീരം മുഴുവന്‍ മറയുന്ന വസ്ത്രം ധരിച്ച് മാത്രമേ ഭാര്യയെ കണ്ടിട്ടുള്ളൂവെന്നും അദ്ദേഹം മൊഴി നല്‍കി. തീവ്രവാദികള്‍ ഈ വീട്ടില്‍ ഒളിച്ചുകഴിയുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് ശനിയാഴ്ച സുരക്ഷാസേന വീട് വളയുകയായിരുന്നു. വീട്ടിലുണ്ടായിരുന്ന രണ്ടു പേര്‍ ഇതിനു വിസമ്മതിച്ച് സുരക്ഷാസേനയ്ക്കു നേരെ വെടിയുതിര്‍ത്തു. തുടര്‍ന്ന് നടത്തിയ പ്രത്യാക്രമണങ്ങള്‍ക്കൊടുവില്‍ പിടിച്ചുനില്‍ക്കാനാവാതെ രണ്ടു പേരും ബെല്‍റ്റ് ബോംബ് പൊട്ടിച്ച് ജീവനൊടുക്കുകയായിരുന്നുവെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കുകയുണ്ടായി. ഇതേദിവസം തന്നെ അല്‍ നസീമിലെ ഫഌറ്റില്‍ നിന്ന് ഒരു പാകിസ്താനി വനിത ഉള്‍പ്പെടെ രണ്ടു ഭീകരരെ സുരക്ഷാസേന പിടികൂടിയിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss