|    Feb 19 Mon, 2018 3:38 pm
FLASH NEWS
Home   >  Pravasi   >  

ജിദ്ദയില്‍ ഏറ്റുമുട്ടല്‍; രണ്ടു പേര്‍ കൊല്ലപ്പെട്ടു, രണ്ടു പേര്‍ പിടിയില്‍

Published : 22nd January 2017 | Posted By: fsq

 

ജിദ്ദ: ജിദ്ദയില്‍ ഭീകരര്‍ സുരക്ഷാ വിഭാഗവുമായി ഏറ്റുമുട്ടി. രണ്ടു തീവ്രവാദികള്‍ സ്വയം സ്‌ഫോടനം നടത്തി ജീവനൊടുക്കിയതായും രണ്ടു പേരെ ജീവനോടെ പിടികൂടിയതായും സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇന്നലെ രാവിലെ ജിദ്ദ അല്‍ഹറാസാത്ത് സ്ട്രീറ്റിലെ ഒരു വിശ്രമകേന്ദ്രത്തിലും അല്‍ നസീം സ്ട്രീറ്റിലെ ഒരു ഫഌറ്റിലുമാണ് ഭീകരര്‍ ഒളിച്ചിരിക്കുന്നതായി വിവരം ലഭിച്ചത്. തുടര്‍ന്ന് സുരക്ഷാ ഉദ്യോഗസ്ഥരെത്തി വിശ്രമകേന്ദ്രം വളഞ്ഞു. സുരക്ഷാ വിഭാഗത്തെ സഹായിക്കുന്നതിനും പരിസരവാസികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും വ്യോമസേനയും രംഗത്തുണ്ടായിരുന്നു. വിശ്രമകേന്ദ്രത്തിലുണ്ടായിരുന്നവരോട് കീഴടങ്ങാന്‍ ആവശ്യപ്പെട്ടെങ്കിലും വഴങ്ങിയില്ല. കെട്ടിടത്തിനകത്ത് ഒളിച്ചിരുന്ന രണ്ടു പേര്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കു നേരെ വെടിയുതിര്‍ത്തുകൊണ്ടിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥര്‍ തിരിച്ചു വെടിവച്ചു. പിടിച്ചുനില്‍ക്കാന്‍ കഴിയില്ലെന്ന് ബോധ്യമായ ഇരുവരും ബെല്‍റ്റ് ബോംബ് ഉപയോഗിച്ച് സ്‌ഫോടനം നടത്തി ആത്മാഹുതി ചെയ്യുകയായിരുന്നുവെന്നും മന്ത്രാലയം വ്യക്തമാക്കി. ഇവിടെ നിന്ന് തോക്കും ബെല്‍റ്റ് ബോംബും മറ്റു സ്‌ഫോടക വസ്തുക്കളും കണ്ടെടുത്തു.ഈ സംഘത്തില്‍ പെട്ട മൂന്നാമന്‍ ജിദ്ദയിലെ അല്‍ നസീം സ്ട്രീറ്റില്‍ ഫഌറ്റില്‍ ഒളിച്ചു താമസിക്കുന്നതായി വിവരം ലഭിച്ച സുരക്ഷാ ഉദ്യോഗസ്ഥര്‍ ഫഌറ്റ് വളയുകയും ഒരാളെ പിടികൂടുകയും ചെയ്തു. ഹിസാം സ്വാലിഹ് സംറാന്‍ അല്‍ഹിജ്‌രിയാണ് പിടിയിലായത്. ഇയാളുടെ ഭാര്യയെന്ന് പറയപ്പെടുന്ന ഫാത്വിമ റമദാന്‍ അലിമുറാദ് എന്ന പാകിസ്താനി വനിതയേയും പിടികൂടി. ആക്രമിക്കുന്നതിന് മുമ്പു തന്നെ സുരക്ഷാസേനക്ക് ഇവരെ കീഴ്‌പ്പെടുത്താനായി. ഇയാളുടെ ഫഌറ്റില്‍ നിന്ന് ആയുധങ്ങളും കണ്ടെടുത്തു. രണ്ട് ഏറ്റുമുട്ടലുകളെ കുറിച്ചും കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചുവരികയാണന്നും യഥാസമയം അവ വെളിപ്പെടുത്തുമെന്നും മന്ത്രലായം വ്യക്തമാക്കി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss