|    May 26 Fri, 2017 7:33 am
FLASH NEWS

ജിത്തുകുമാറിന് ഇനി റെയ്‌സന്‍ സണ്ണിയുടെ കൈകള്‍

Published : 30th July 2016 | Posted By: SMR

കൊച്ചി: ഇരുകൈകളും മുട്ടിനു താഴെ മുറിച്ചു മാറ്റേണ്ടിവന്ന യുവാവിന് അവയവദാനത്തിലൂടെ കൈകള്‍ വച്ചുപിടിപ്പിച്ചു. ഷോക്കേറ്റ് കരിഞ്ഞ കൈകള്‍ മുറിച്ചുമാറ്റേണ്ടിവന്ന കണ്ണൂര്‍ ഇരിട്ടി സ്വദേശി ജിത്തുകുമാര്‍ സജിക്കാണ്(21) എറണാകുളം അമൃത ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ നടന്ന അപൂര്‍വ ശസ്ത്രക്രിയയിലൂടെ പുതിയ കൈകള്‍ വച്ചുപിടിപ്പിച്ചത്. നെടുമ്പാശ്ശേരിക്കടുത്ത് പറമ്പയത്ത് വാഹനാപകടത്തില്‍ മരിച്ച റെയ്‌സന്‍ സണ്ണിയുടെ(24) കൈകളാണ് ജിത്തുകുമാറില്‍ ജീവിക്കുന്നത്. മുട്ടിന് തൊട്ടുതാഴെ മുതല്‍ കൈ രണ്ടും മാറ്റിവയ്ക്കുന്ന ശസ്ത്രക്രിയ ഇന്ത്യയില്‍ നടക്കുന്നത് ഇതാദ്യമാണെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.
2013 ആഗസ്തിലാണ് പന്തല്‍ മറിഞ്ഞുവീണ് ഇലക്ട്രിക്കല്‍ യൂനിറ്റില്‍ നിന്ന് ഷോക്കേറ്റ ജിത്തുവിന്റെ ഇരുകൈകളും മുട്ടിന് താഴെ കരിഞ്ഞുപോയത്. കൃത്രിമക്കൈകള്‍ വെച്ചുപിടിപ്പിച്ചെങ്കിലും ഇതു ഫലവത്തായിരുന്നില്ല. തുടര്‍ന്നാണ് കൈ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയെക്കുറിച്ചറിഞ്ഞ് ആറുമാസം മുമ്പ് ജിത്തുകുമാര്‍ അമൃത ആശുപത്രിയെ സമീപിച്ചത്. അങ്കമാലിക്കടുത്ത് വാഹനാപകടത്തില്‍ മരിച്ച പറമ്പയം പുതുവാശ്ശേരി പള്ളിപ്പറമ്പില്‍ റെയ്‌സണ്‍ സണ്ണി(24)യുടെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ ബന്ധുക്കള്‍ സമ്മതിച്ചതോടെ കൈകള്‍ ജിത്തുവിനു വച്ചുപിടിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ നിന്നു വിദഗ്ധ മെഡിക്കല്‍ സംഘം ശസ്ത്രക്രിയ നടത്തി ആംബുലന്‍സില്‍ മിനിറ്റുകള്‍ക്കുള്ളില്‍ അമൃതയില്‍ എത്തിച്ച കൈകള്‍ 14 മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെ ജിത്തുവില്‍ തുന്നിച്ചേര്‍ത്തു.ശസ്ത്രക്രിയക്കു ശേഷം മൂന്നാഴ്ച തീവ്രപരിചരണ വിഭാഗത്തില്‍ ചെലവഴിച്ച ജിത്തു ഇപ്പോള്‍ പുതിയ കൈകള്‍കൊണ്ട് ഭക്ഷണം കഴിക്കാനും ഫോണ്‍ വിളിക്കാനും പഠിച്ചിരിക്കുന്നു. ആശുപത്രിയില്‍ നിന്നു നാട്ടിലേക്കു പോവാന്‍ ഒരുങ്ങിയിരിക്കുകയാണു ജിത്തു.
ജിത്തുവിന്റെ വിരലുകള്‍ക്കു ചലനശേഷി ലഭിക്കാന്‍ ഒന്നരമുതല്‍ രണ്ടു വര്‍ഷംവരെ സമയമെടുക്കുമെന്ന് ഡോ. സുബ്രഹ്മണ്യയ്യര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ജിത്തുവിന്റെയും റെയ്‌സന്റെയും മാതാപിതാക്കളും കുടുംബാംഗങ്ങളും ശസ്ത്രക്രിയയ്ക്കു സാമ്പത്തികസഹായം ലഭ്യമാക്കാന്‍ സഹായിച്ച വ്യക്തികളും ശസ്ത്രക്രിയയില്‍ പങ്കെടുത്ത മെഡിക്കല്‍ സംഘവും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day