|    Dec 14 Fri, 2018 11:37 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

ജിഡിപി: 22 ശതമാനം 121 കോടീശ്വരന്‍മാരുടെ കൈവശം- പി സായിനാഥ്‌

Published : 13th November 2018 | Posted By: kasim kzm

കോഴിക്കോട്: രാജ്യത്തെ മൊത്തം ആഭ്യന്തര ഉല്‍പന്നത്തിന്റെ (ജിഡിപി)യുടെ 21 ശതമാനവും 121 കുത്തക മുതലാളിമാരുടെ കൈവശമാണെന്ന് പ്രമുഖ മാധ്യമ പ്രവര്‍ത്തകനും മഗ്‌സാസെ അവാര്‍ഡ് ജേതാവുമായ പി സായിനാഥ്.
1991ലെ സാമ്പത്തിക പരിഷ്‌കാരത്തിന് ശേഷം രാജ്യത്തെ ബഹുഭൂരിപക്ഷം ജനങ്ങളുടെയും ജീവിതം നിത്യേന കൂടുതല്‍ ദുസ്സഹമായി വരികയാണെന്നും അദ്ദേഹം പറഞ്ഞു. ടാഗോര്‍ സെന്റിനറി ഹാളില്‍ ഡിവൈഎഫ്‌ഐ 14ാം സംസ്ഥാന സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു സായിനാഥ്. രാജ്യത്തെ കാര്‍ഷിക മേഖല കനത്ത പ്രതിസന്ധിയിലാണ്. കടക്കെണിയും പ്രകൃതിക്ഷോഭവും കാരണം കഷ്ടത്തിലായ കര്‍ഷകരെ വിള ഇന്‍ഷുറന്‍സിലൂടെയും കേന്ദ്രസര്‍ക്കാര്‍ പറ്റിച്ചിരിക്കുകയാണ്. വിള ഇന്‍ഷുറന്‍സായ ഫസല്‍ ഭീമാ യോജന റാഫേല്‍ വിമാന ഇടപാടിനേക്കാള്‍ വലിയ തട്ടിപ്പാണ്. താലൂക്ക്് തലത്തില്‍ പോലും ബ്രാഞ്ചുകളില്ലാത്ത സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനികളെയാണു ഫസല്‍ ഭീമാ യോജന നടത്തിപ്പിന് സര്‍ക്കാര്‍ ഏല്‍പ്പിച്ചത്.
പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ മൂന്നുവര്‍ഷം കൊണ്ട് 66,000 കോടി രൂപയാണ് 18 ഇന്‍ഷുറന്‍സ് കോര്‍പറേഷനുകള്‍ക്ക് കൈമാറിയത്. തുക കൈപ്പറ്റിയവയില്‍ നാലെണ്ണമൊഴികെ ബാക്കിയെല്ലാം സ്വകാര്യ കോര്‍പറേറ്റ് സ്ഥാപനങ്ങളാണ്. പദ്ധതിയില്‍ ഇന്‍ഷുറന്‍സ് പ്രീമിയത്തിന്റെ രണ്ട് ശതമാനം വരെ തുക കര്‍ഷകരും എട്ടു ശതമാനം വീതം സംസ്ഥാന-കേന്ദ്ര സര്‍ക്കാരുമാണു വഹിക്കുന്നത്. കര്‍ഷകരുടെ സാന്നിധ്യത്തില്‍ വില്ലേജ് അധികൃതര്‍ വിളനഷ്ടം കണക്കാക്കുന്നതിനു പകരം താലൂക്ക് തലത്തില്‍ സാറ്റലൈറ്റ് സര്‍വേയിലൂടെ നഷ്ടം കണക്കാക്കുന്നതെന്നതിനാല്‍ ചെറിയ കര്‍ഷകരുടെ നഷ്ടമൊന്നും കണക്കാക്കപ്പെടുന്നില്ല.
കര്‍ഷകര്‍ക്ക് നേരിട്ട് പരാതി നല്‍കാന്‍ സംവിധാനമില്ലാത്തതും ചൂഷണമാണ്. സാറ്റലൈറ്റ് സര്‍വേയാണ് അടിസ്ഥാനം എന്നതിനാല്‍ സംസ്ഥാന സര്‍ക്കാര്‍ വെളപ്പൊക്ക ബാധിതമെന്നു പറഞ്ഞാലും കേന്ദ്രം പരിഗണിക്കണമെന്നില്ല. കോര്‍പറേറ്റ് കുത്തകകള്‍ ഇന്ത്യന്‍ കാര്‍ഷിക മേഖലയെ ഹൈജാക്ക് ചെയ്തിരിക്കുന്നു. ഈ സാഹചര്യത്തില്‍ ഇന്ത്യന്‍ കാര്‍ഷകരുടെ ജീവന്‍ രക്ഷിക്കാന്‍ ശക്തമായ സമരം കൂടിയേ തീരവെന്നും സായിനാഥ് പറഞ്ഞു. എ എന്‍ ഷംസീര്‍ അധ്യക്ഷത വഹിച്ചു.

 

 

 

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss