|    Jul 19 Thu, 2018 7:05 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

ജിഎസ് ടി : സഭയില്‍ നീണ്ട ചര്‍ച്ച

Published : 9th August 2017 | Posted By: fsq

 

തിരുവനന്തപുരം: രാജ്യത്ത് നിലവില്‍ വന്ന ചരക്കു സേവന നികുതി ഏറെ സങ്കീര്‍ണതകള്‍ നിറഞ്ഞതാണെന്ന സ്വയം വിമര്‍ശനവുമായി സംസ്ഥാന ധനമന്ത്രി തോമസ് ഐസക്.  കേന്ദ്രസര്‍ക്കാര്‍ ജിഎസ്ടി കൊണ്ടുവരുന്നതിനു മുമ്പേ തന്നെ അതിനെ അനുകൂലിച്ചും കേരളം ജിഎസ്ടി നടപ്പാക്കാന്‍ പൂര്‍ണ സജ്ജമാണെന്നുമായിരുന്നു മന്ത്രിയുടെ നിലപാട്. എന്നാല്‍, ജിഎസ്ടി നടപ്പാക്കി 38 ദിവസം പിന്നിട്ടപ്പോള്‍ അതു രാജ്യത്തുണ്ടാക്കിയ കെടുതികള്‍ വിമര്‍ശനങ്ങള്‍ ശരിവയ്ക്കുന്നതാണെന്നായിരുന്നു മന്ത്രി വ്യക്തമാക്കിയത്. ഇന്നലെ നിയമസഭയില്‍ നടന്ന ജിഎസ്ടി ബില്ല് സബ്ജക്ട് കമ്മിറ്റിക്ക് വിടണമെന്ന പ്രമേയത്തിന്മേലുള്ള ചര്‍ച്ചകള്‍ക്ക് മറുപടി പറയുകയായിരുന്നു മന്ത്രി. നാലര മണിക്കൂറോളം ചര്‍ച്ച നീണ്ടു. ജിഎസ്ടി ആദ്യം അനുകൂലിച്ച ധനമന്ത്രിയെ പരോക്ഷമായി വിമര്‍ശിച്ച് ഭരണപക്ഷ എംഎല്‍എമാര്‍ തന്നെ ചര്‍ച്ചയില്‍ പങ്കാളികളായി. സുരേഷ്‌കുറുപ്പ്, എം സ്വരാജ് എന്നിവരാണ് മന്ത്രിയെ പരോക്ഷമായി വിമര്‍ശിച്ചത്. ഏകപക്ഷീയായ അധികാര കവര്‍ച്ചയുടെ വിളിപ്പേരാണ് ജിഎസ്ടി എന്ന് എം സ്വരാജ് പറഞ്ഞു. ഇവര്‍ പാര്‍ട്ടി നിലപാട് ആവര്‍ത്തിച്ചപ്പോള്‍ മന്ത്രി സംസ്ഥാനത്തിന് അധികമായി ലഭിക്കുമെന്നു പ്രതീക്ഷിക്കുന്ന 3000 കോടി രൂപയുടെ പ്രതിവര്‍ഷ നേട്ടത്തിലാണ് കണ്ണുവച്ചതെന്ന് വ്യക്തമാവുന്നതായിരുന്നു ചര്‍ച്ച. ജിഎസ്ടി രാജ്യത്തു നടപ്പാക്കുന്നതിനു മുമ്പ് രാജ്യത്തെ മറ്റ് നിയമനിര്‍മാണസഭകള്‍ ചര്‍ച്ച ചെയ്തപ്പോള്‍ കേരള നിയമസഭ ചര്‍ച്ച ചെയ്തില്ലെന്ന വിമര്‍ശനം  പ്രതിപക്ഷ എംഎല്‍എമാര്‍ ഉന്നയിച്ചു. എന്നാല്‍, അന്ന് ചര്‍ച്ച ചെയ്തിരുന്നെങ്കില്‍ ഇത്രയധികം വിമര്‍ശനമുണ്ടാവുമായിരുന്നില്ലെന്ന് മന്ത്രി പറഞ്ഞു. ജിഎസ്ടിയുടെ ഒരു മാസത്തെ അനുഭവത്തില്‍ നിന്നുള്ള വിമര്‍ശനമാണിതെന്നായിരുന്നു മന്ത്രിയുടെ മറുപടി. സംസ്ഥാനത്തിന്റെ അധികാരത്തിന്മേലുള്ള കടന്നുകയറ്റമാണ് ജിഎസ്ടി എന്നായിരുന്നു പ്രധാന വിമര്‍ശനം. അത് കൃത്യമായി ബോധ്യപ്പെട്ടെന്നും ജിഎസ്ടി കൗണ്‍സിലില്‍ പോയി ചര്‍ച്ച ചെയ്യാനല്ലാതെ തീരുമാനമെടുക്കാന്‍ കഴിയില്ലെന്നും മന്ത്രി പറഞ്ഞു. ജിഎസ്ടി മൂലം വിലക്കയറ്റം രൂക്ഷമായിരിക്കുകയാണെന്ന വാദവും മന്ത്രി അംഗീകരിച്ചു. നികുതി ഭാരം കുറയുകയും വില കൂടുകയും ചെയ്യുകയാണ്. ഇതു തടയാന്‍ ബോധപൂര്‍വമായ നടപടികള്‍ വേണം. ചെറുകിട മേഖലയിലെ പ്രശ്‌നങ്ങള്‍ സവിശേഷ ശ്രദ്ധയര്‍ഹിക്കുന്നവയാണ്. എക്‌സൈസ് ഡ്യൂട്ടി ഒഴിവാക്കിയിരുന്ന പല ഉല്‍പന്നങ്ങള്‍ക്കും താരതമ്യേന ഉയര്‍ന്ന ജിഎസ്ടിയാണ് വന്നിരിക്കുന്നതന്നും മന്ത്രി പറഞ്ഞു.   വൈവിധ്യങ്ങളെ അംഗീകരിക്കാത്ത ആര്‍എസ്എസിന്റെ ഫാഷിസ്റ്റ് നിലപാടാണ് ജിഎസ്ടിക്ക് പിന്നിലെന്നും രാജ്യത്തെ നികുതി നിയന്ത്രിക്കാനുള്ള അധികാരം രാജാവിനു മാത്രം നല്‍കുന്ന മനുസ്മൃതി അനുസരിച്ചാണ് സാമ്പത്തിക പരിഷ്‌കാരങ്ങള്‍ നടപ്പാക്കുന്നതെന്നും അംഗങ്ങള്‍ ചൂണ്ടിക്കാട്ടി. നികുതി ഏകീകരണമല്ല വിപണി ഏകീകരണമാണ് നടക്കുന്നത്. ഇതു വഴി നേട്ടം സാധാരണക്കാര്‍ക്കല്ല. മൂലധന ശക്തികള്‍ക്കാണെന്നും  വിമര്‍ശനമുയര്‍ന്നു. സിപിഎം കേന്ദ്ര കമ്മിറ്റി ജിഎസ്ടിക്കെതിരേ സ്വീകരിച്ച നിലപാട് മനസ്സിലാക്കാതെയാണോ തോമസ് ഐസക് പ്രവര്‍ത്തിക്കുന്നതെന്ന് പി സി ജോര്‍ജ് ചോദിച്ചു. പാര്‍ട്ടി നിലപാടിനു വിരുദ്ധമായി പ്രവര്‍ത്തിച്ച തോമസ് ഐസക് ജനങ്ങളോട് മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നിയമസഭാ സാമാജികരുടെ മണിക്കൂറുകള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ ബില്ല് സബ്ജക്ട് കമ്മിറ്റിക്ക് വിട്ടു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss