|    Dec 17 Sun, 2017 11:51 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

ജിഎസ് ടി: മെഡിക്കല്‍ ഷോപ്പുകളിലെ മരുന്നു വിതരണം മുടങ്ങി

Published : 14th July 2017 | Posted By: fsq

 

തിരുവനന്തപുരം/മലപ്പുറം:  ജിഎസ്ടിയുമായി ബന്ധപ്പെട്ട് വ്യാപാരമേഖലയില്‍ നിലനില്‍ക്കുന്ന പ്രതിസന്ധി ആരോഗ്യരംഗത്തെയും ബാധിക്കുന്നു. ജിഎസ്ടിക്കെതിരേ മരുന്നുവിതരണക്കാര്‍ നിലപാട് കടുപ്പിച്ചതോടെ സംസ്ഥാനത്തെ മെഡിക്കല്‍ ഷോപ്പുകളിലേക്ക് മരുന്നുവിതരണവും തടസ്സപ്പെട്ടു. വിതരണക്കാരുടെ ശീതസമരത്തിനിടെ അവശ്യമരുന്നുകള്‍ കിട്ടാതെ രോഗികള്‍ വലയുകയാണ്. എച്ച്1 എന്‍1 പനിക്ക് ഉപയോഗിക്കുന്ന ഗുളികകളും അത്യാഹിത വിഭാഗങ്ങളില്‍ ഉപയോഗിക്കുന്ന ഇന്‍ജക്ഷനുകളും ഉള്‍െപ്പടെ അടിയന്തരമായി ലഭ്യമാക്കേണ്ട ജീവന്‍രക്ഷാ മരുന്നുകള്‍പോലും മെഡിക്കല്‍ സ്‌റ്റോറുകളില്‍ സ്റ്റോക്കില്ല. പ്രമേഹരോഗികളും രക്തസമ്മര്‍ദം നേരിടുന്നവരും പലയിടത്തും മരുന്നുകിട്ടാതെ ബുദ്ധിമുട്ടുകയാണ്. ജിഎസ്ടി നടപ്പാക്കിയതോടെ മരുന്നുവിതരണക്കാരെല്ലാം അപ്രഖ്യാപിത സമരത്തിലാണ്. ജിഎസ്ടിയുടെ വരവോടെ വിതരണക്കാര്‍ക്ക് പഴയ സ്‌റ്റോക്കിന്‍മേല്‍ ഏഴുശതമാനം മുതല്‍ 10 ശതമാനം വരെ നഷ്ടം നേരിടുന്നുവെന്നതാണ് സമരത്തിനുള്ള പ്രധാന കാരണം. ജിഎസ്ടി പ്രകാരം മരുന്നുകളെ അഞ്ചായി തിരിച്ചാണ് നികുതി ചുമത്തുന്നത്. എന്നാല്‍, തരംതിരിക്കുന്നതുമായി ബന്ധപ്പെട്ട് ആശയക്കുഴപ്പം നിലനില്‍ക്കുകയാണ്്. മാത്രമല്ല, 20 ലക്ഷത്തിന്മേല്‍ വിറ്റുവരവുള്ള വിതരണക്കാര്‍ക്കാണ് ജിഎസ്ടി ബാധകമെന്നിരിക്കെ കേരളത്തില്‍ ഇതു പ്രാവര്‍ത്തികമായിട്ടില്ലെന്നും വിതരണക്കാര്‍ പറയുന്നു. ഈ സാഹചര്യത്തില്‍ നികുതിമാറ്റത്തിലൂടെ നേരിടുന്ന നഷ്ടം കമ്പനികള്‍ നല്‍കണമെന്നാണ് ഇവരുടെയാവശ്യം. ഇതിനായി ആരോഗ്യവകുപ്പ് മുന്‍കൈയെടുത്ത് മരുന്നുകമ്പനികളുടെ യോഗം വിളിക്കണമെന്നും വിതരണക്കാര്‍ ആവശ്യപ്പെടുന്നു. അതേസമയം, ജിഎസ്ടി നടപ്പാക്കിയതില്‍ കേരളത്തിലെ വ്യാപാരികളുടെ ആശങ്കകള്‍ തീര്‍ന്നിട്ടില്ലെന്നും വ്യപാരികളുടെ ആശങ്ക കേന്ദ്രസര്‍ക്കാരിനെ അറിയിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാവണമെന്നും കേരള വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന പ്രസിഡന്റ് ടി നസ്‌റുദ്ദീന്‍ ആവശ്യപ്പെട്ടു. മലപ്പുറത്ത് മാധ്യപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജിഎസ്ടി വ്യാപാരമേഖലയെ തകര്‍ത്തിരിക്കുകയാണ്. നിയമം അടിച്ചേല്‍പ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. അപാകതകള്‍ പരിഹരിച്ചുവേണം ജിഎസ്ടി നടപ്പാക്കാന്‍. സംസ്ഥാന സര്‍ക്കാരിന് പരിമിതികള്‍ ഉണ്ടെങ്കിലും ഉള്ള അധികാരം ഉപയോഗിച്ച് ജിഎസ്ടിയുടെ കാര്യത്തില്‍ വ്യാപാരികള്‍ക്ക് ഇളവ് അനുവദിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാവണം. നസ്‌റുദ്ദീന്‍ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss