|    Oct 21 Sat, 2017 11:17 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

ജിഎസ് ടിയും തുണച്ചില്ല ; നിര്‍മാണമേഖല സ്തംഭനത്തിലേക്ക്‌

Published : 2nd August 2017 | Posted By: fsq

 

റജീഷ് കെ സദാനന്ദന്‍

മഞ്ചേരി: ജിഎസ്ടി പ്രാവര്‍ത്തികമായി ഒരുമാസം പിന്നിട്ടിട്ടും അസംസ്‌കൃതവസ്തുക്കളുടെ വിലനിര്‍ണയത്തില്‍ തുടരുന്ന അനിശ്ചിതാവസ്ഥ നിര്‍മാണമേഖലയെ തളര്‍ത്തുന്നു. സംസ്ഥാനത്തെ ഏറ്റവും വലിയ തൊഴില്‍മേഖലയായിട്ടും ഈ രംഗത്തെ പ്രശ്‌നങ്ങളില്‍ സര്‍ക്കാര്‍ ഇടപെടല്‍ കാര്യമായില്ല. നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പേരിനു മാത്രമാണു നടക്കുന്നത്. വന്‍കിട പദ്ധതികളും സര്‍ക്കാര്‍തലത്തിലുള്ള നിര്‍മാണങ്ങളും മുടക്കമില്ലാതെ നടക്കുമ്പോള്‍ സാധാരണക്കാര്‍ക്ക് വീടുവയ്ക്കാന്‍പോലും സാധിക്കാത്ത സാഹചര്യമാണു നിലവില്‍. അസംസ്‌കൃത വസ്തുക്കളുടെ ക്ഷാമവും വിലക്കയറ്റവുമാണ് വലിയ വെല്ലുവിളി. ജിഎസ്ടി പ്രാവര്‍ത്തികമാവുന്നതിനു മുമ്പ് ഈടാക്കിയിരുന്ന വിലയും അതിലധികവുമാണ് സിമന്റ്, കമ്പി തുടങ്ങിയവയ്‌ക്കെല്ലാം ഇപ്പോള്‍. ഇതോടെ തുടങ്ങിവച്ച പ്രവൃത്തികള്‍ തന്നെ പൂര്‍ത്തിയാക്കാനാവാതെ വലയുകയാണ് ജനങ്ങള്‍.ഒറ്റ നികുതിവ്യവസ്ഥയിലേക്ക് രാജ്യം കടന്നപ്പോള്‍ പലവിധ നികുതികളുടെ പേരില്‍ ഉയര്‍ന്ന വിലയ്ക്കു വില്‍പന നടത്തിയിരുന്ന നിര്‍മാണ അസംസ്‌കൃത സാധനങ്ങളുടെ വില കുറയേണ്ടതാണ്. എന്നാല്‍, ചെങ്കല്ല്, കരിങ്കല്ല്, മണല്‍, സിമന്റ്, കമ്പി തുടങ്ങിയവയ്‌ക്കെല്ലാം ക്ഷാമവും വിലക്കയറ്റവും അനുദിനം രൂക്ഷമാവുന്നു. ടൈലുകള്‍, പിവിസി പൈപ്പുകള്‍, പെയിന്റുകള്‍ തുടങ്ങിയവയുടെ സ്ഥിതിയും വ്യത്യസ്തമല്ല. നിര്‍മാണപ്രവര്‍ത്തനങ്ങള്‍ വ്യാപകമായി സ്തംഭിക്കുമ്പോള്‍ തൊഴില്‍പ്രതിസന്ധി യും ഇരട്ടിക്കുന്നു. നേരത്തേ തൊഴിലാളികളുടെ അഭാവം തീ ര്‍ത്ത വെല്ലുവിളി നിര്‍മാണമേഖല അതിജീവിച്ചത് ഇതരസംസ്ഥാന തൊഴിലാളികളുടെ കടന്നുവരവോടെയായിരുന്നു. ബംഗാള്‍, ബിഹാര്‍, അസം, ഒറീസ തുടങ്ങിയ സംസ്ഥാനങ്ങളില്‍നിന്നുള്ള ലക്ഷക്കണക്കിന് വിദഗ്ധ-അവിദഗ്ധ തൊഴിലാളികളാണ് ഇപ്പോള്‍ ഇവിടെയുള്ളത്. നിലവില്‍ നിര്‍മാണരംഗത്ത് സര്‍ക്കാരിന്റെ ഫലപ്രദമായ നിയന്ത്രണമൊന്നുമില്ല. പൊതുമരാമത്തിനായി സ്വതന്ത്ര വകുപ്പുണ്ടെങ്കിലും അത് സര്‍ക്കാര്‍ രംഗത്തെ പ്രവൃത്തികളില്‍ മാത്രം ഒതുങ്ങുന്നുവെന്നല്ലാതെ സ്വകാര്യ നിര്‍മാണരംഗത്ത് ഒരിടപെടലും നടത്തുന്നില്ല. നിര്‍മാണ വസ്തുക്കളുടെ വിലനിര്‍ണയത്തില്‍ സര്‍ക്കാര്‍ നിയന്ത്രണം വേണമെന്ന ആവശ്യം നിരന്തരം ഉയരുന്നതാണ്. ഇതിനു കൃത്യമായ മാനദണ്ഡങ്ങളോടെ പ്രത്യേക വകുപ്പു തന്നെ രൂപീകരിക്കണമെന്നാണ്  സാങ്കേതികവിദഗ്ധരുടെ കൂട്ടായ്മകളും തൊഴിലാളിസംഘടനകളും ആവശ്യപ്പെടുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക