|    Sep 24 Mon, 2018 1:18 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

ജിഎസ്ടി: വ്യാപാരികള്‍ 15നകം രജിസ്റ്റര്‍ ചെയ്യണം

Published : 9th January 2017 | Posted By: fsq

തിരുവനന്തപുരം: ജിഎസ്ടി നിയമം പ്രാബല്യത്തില്‍ വരുന്നതിന് മുമ്പ് വ്യാപാരികള്‍ നിര്‍ബന്ധമായും രജിസ്‌ട്രേഷന്‍ നടത്തണമെന്ന് വാണിജ്യനികുതി വകുപ്പ് നിര്‍ദേശിച്ചു. ജനുവരി 15 ആണ് അവസാന തിയ്യതി. രാജ്യവ്യാപകമായി നടത്തുന്ന നടപടിക്കെതിരേ പ്രചാരണം നടത്തുന്ന വ്യാപാരി വ്യവസായി ഏകോപനസമിതിക്കു വാണിജ്യനികുതി വകുപ്പ് കമ്മീഷണര്‍ ഡോ. രാജന്‍ ഖൊബ്രഗഡെ മുന്നറിയിപ്പ് നല്‍കി. നിയമം പാസാക്കിയതിനു ശേഷം മാത്രം ഇപ്പോള്‍ രാജ്യവ്യാപകമായി നടന്നുവരുന്ന രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തീകരിച്ചാല്‍ മതിയെന്ന കേരള വ്യാപാരിവ്യവസായി ഏകോപനസമിതിയുടെ അറിയിപ്പ് ശരിയല്ല. ജിഎസ്ടി മുന്നൊരുക്കങ്ങളുടെ ഭാഗമാണ് രജിസ്‌ട്രേഷന്‍ നടപടിയെന്നും കമ്മീഷണര്‍ വ്യക്തമാക്കി. ദശലക്ഷക്കണക്കിനു വരുന്ന വ്യാപാരികള്‍ക്ക് ഒന്നടങ്കം ജിഎസ്ടി നടപ്പാക്കുന്ന ദിവസമോ അതുമല്ലെ—ങ്കില്‍ നിയമം പാസാക്കുന്ന മുറയ്‌ക്കോ ഒറ്റത്തവണയായി ജിഎസ്ടി രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ സാങ്കേതികമായി കഴിയുകയില്ല. അതിനാല്‍ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലെയും വ്യാപാരികള്‍ക്ക് താല്‍ക്കാലികമായി രജിസ്‌ട്രേഷന്‍ ഘട്ടംഘട്ടമായി നല്‍കുന്നതിനുള്ള നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചുവരുന്നത്. ഇതിന്റെ ഭാഗമായി നവംബര്‍ എട്ടിന് തുടങ്ങി ഘട്ടംഘട്ടമായി രജിസ്‌ട്രേഷന്‍ നടപടികള്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ ഒഴികെയുള്ള രാജ്യത്തെ മറ്റെല്ലാ സംസ്ഥാനങ്ങളും ഡിസംബര്‍ 31നകം പൂര്‍ത്തീകരിച്ച് കഴിഞ്ഞു. രാജ്യത്ത് നികുതി മേഖലയില്‍ വന്‍ മാറ്റങ്ങള്‍ക്ക് വഴിതെളിക്കുന്ന ജിഎസ്ടിയുടെ സാങ്കേതിക മുന്നൊരുക്കങ്ങളുമായി സഹകരിക്കണമെന്നും അല്ലാത്തപക്ഷം ജിഎസ്ടി നിലവില്‍ വരുമ്പോള്‍ രജിസ്‌ട്രേഷന്‍ ലഭിക്കുന്നതിനായി വ്യാപാരികള്‍ക്കു ബുദ്ധിമുട്ടുകള്‍ ഉണ്ടാവുമെന്നും വാണിജ്യനികുതി കമ്മീഷണര്‍ അറിയിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss