|    Oct 24 Wed, 2018 4:59 am
FLASH NEWS
Home   >  Todays Paper  >  page 12  >  

ജിഎസ്ടി വെബ്‌സൈറ്റ് പണിമുടക്കുന്നു : നികുതി അടയ്ക്കാന്‍ കഴിയാതെ വ്യാപാരികള്‍

Published : 26th September 2017 | Posted By: fsq

തിരുവനന്തപുരം: ജിഎസ്ടി പ്രാബല്യത്തില്‍ വന്ന് രണ്ടുമാസം കഴിഞ്ഞിട്ടും തലവേദന വിട്ടൊഴിയാതെ വ്യാപാരികള്‍. നികുതി നിരക്കുള്‍പ്പെടെയുള്ള ആശങ്കകള്‍ പരിഹരിച്ച് തുടങ്ങിയപ്പോഴേക്കും സാങ്കേതിക തടസ്സങ്ങള്‍ പ്രതിസന്ധി സൃഷ്ടിക്കുകയാണ്. വെബ്‌സൈറ്റിലെ സാങ്കേതിക തകരാര്‍ നിമിത്തം കൃത്യസമയത്ത് ജിഎസ്ടി അടയ്ക്കാനാവാത്തവരില്‍ നിന്ന് പിഴ ഈടാക്കുന്നുവെന്ന പരാതിയുമായി വ്യാപാരികള്‍ രംഗത്തെത്തി. 200 രൂപ വീതം അധികമായി ഈടാക്കുന്നുവെന്നാണ് പരാതി. ഇതുസംബന്ധിച്ച അറിയിപ്പ് ചില വ്യാപാരികള്‍ക്ക് ലഭിച്ചുകഴിഞ്ഞു. ഈമാസത്തെ നികുതി ഫയലിങ്ങിനുള്ള അവസാന തിയ്യതി 20 ആയിരുന്നു. അവസാന ദിവസങ്ങളോടടുത്തപ്പോള്‍ തിരക്ക് വര്‍ധിച്ചതോടെ വെബ്‌സൈറ്റ് പ്രവര്‍ത്തനരഹിതമായി. കസ്റ്റമര്‍ കെയറുമായി ബന്ധപ്പെട്ടപ്പോള്‍ ഉടന്‍ പരിഹരിക്കാമെന്നായിരുന്നു മറുപടി. തകരാര്‍ പരിഹരിക്കാത്തതിനെ തുടര്‍ന്ന് ഭൂരിഭാഗം വ്യാപാരികള്‍ക്കും നികുതി കൃത്യമായി അടയ്ക്കാന്‍ സാധിച്ചില്ല. സപ്തംബര്‍ പകുതിയോടെ മാത്രമെ വെബ്‌സൈറ്റ് പൂര്‍ണതോതില്‍ പ്രവര്‍ത്തനമാകൂവെന്ന് ധനമന്ത്രി തോമസ് ഐസക് തന്നെ വ്യക്തമാക്കിയിരുന്നു. എന്നാല്‍, സാങ്കേതിക തകരാര്‍ വ്യക്തമായി പരിഹരിക്കാതെ വ്യാപാരികളില്‍ നിന്ന് പിഴ ഈടാക്കുന്ന നടപടിയില്‍ വ്യാപാരികള്‍ക്ക് കടുത്ത എതിര്‍പ്പുണ്ട്. നികുതി ഫയല്‍ ചെയ്യുമ്പോള്‍ മൂന്ന് ഘട്ടങ്ങള്‍ പൂര്‍ത്തിയാക്കണം. എന്നാല്‍, സൈറ്റ് ജാം ആവുന്നതോടെ മൂന്ന് ഘട്ടങ്ങളും പൂര്‍ത്തിയാക്കാനാവാതെ നികുതി ഫയല്‍ ചെയ്യുന്നതിന് തടസ്സമാവുന്നുവെന്നാണ് ആക്ഷേപം. വെബ്‌സൈറ്റ് പ്രവര്‍ത്തനരഹിതമാവുന്നത് ജിഎസ്ടി സെല്‍ അധികൃതര്‍ സമ്മതിക്കുമ്പോഴും പിഴ ഒഴിവാക്കുന്നില്ലെന്നാണ് വ്യാപാരികളുടെ പരാതി. അതേസമയം, ജിഎസ്്ടിയുടെ പേരില്‍ ഹോട്ടലുകള്‍ കൊള്ളവില ഈടാക്കുന്നുവെന്ന് പരക്കെ ആക്ഷേപമുയര്‍ന്ന സാഹചര്യത്തില്‍ സംസ്ഥാനവ്യാപകമായി പരിശോധന ആരംഭിച്ചു. അനധികൃതനികുതി പിരിവ് ശ്രദ്ധയില്‍പെട്ടാല്‍ കര്‍ശന നടപടിയുണ്ടാവുമെന്ന് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും പല ഹോട്ടലുകളിലും ക്രമക്കേടുകള്‍ കണ്ടെത്തി. ഓരോ ഹോട്ടലിലേയും ബില്ലിങ് രീതിയും കണക്കുകളും വിശദമായി പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്. ജിഎസ്ടി കമ്മീഷണറുടെ മേല്‍നോട്ടത്തില്‍ ജില്ലാതലങ്ങളിലാണ് പരിശോധന നടക്കുന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss