|    Oct 21 Sun, 2018 7:32 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

ജിഎസ്ടി : വരുമാനം മെച്ചപ്പെട്ടുവെന്ന കേന്ദ്രത്തിന്റെ വാദം പൊളിഞ്ഞു

Published : 13th September 2017 | Posted By: fsq

 

തിരുവനന്തപുരം: ജിഎസ്ടി സംബന്ധിച്ച കേന്ദ്രത്തിന്റെ വാദങ്ങള്‍ തള്ളി ധനമന്ത്രി തോമസ് ഐസക് രംഗത്ത്. രണ്ടു മാസത്തെ നികുതി കണക്കുകള്‍ ഫേസ്ബുക്കിലൂടെ വെളിപ്പെടുത്തിയാണ് കേന്ദ്രത്തിന്റെ അവകാശവാദങ്ങള്‍ മന്ത്രി പൊളിച്ചത്. ജിഎസ്ടി നടപ്പാക്കിയ ജൂലൈ ഒന്നു മുതല്‍ ആഗസ്ത് 28 വരെയുള്ള നികുതിവരുമാനത്തിന്റെ കണക്കുകളാണ് മന്ത്രി വെളിപ്പെടുത്തിയത്. ഈ കാലയളവിലെ കേന്ദ്ര സര്‍ക്കാരിന്റെ സിജിഎസ്ടി കലക്ഷന്‍ 15,033 കോടി രൂപയാണെന്നും സംസ്ഥാന സര്‍ക്കാരുകളുടെ എസ്ജിഎസ്ടി കലക്ഷന്‍ 22,961 കോടി രൂപയാണെന്നും ഐസക് ഫേസ്ബുക്കില്‍ കുറിച്ചു. നിലവിലെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ ജിഎസ്ടി വരുമാനം മെച്ചമാണെന്ന കേന്ദ്ര ഉദ്യോഗസ്ഥരുടെ വാദം തെറ്റാണെന്നും ഐസക് വിശദീകരിക്കുന്നു. പ്രതിവര്‍ഷം കുറഞ്ഞത് 14 ശതമാനമെങ്കിലും നികുതിവരുമാനം വര്‍ധിക്കുമെന്നാണ് സംസ്ഥാനങ്ങള്‍ക്ക് ഉറപ്പുനല്‍കിയിരുന്നത്. അല്ലാത്തപക്ഷം കുറവ് നഷ്ടപരിഹാരമായി നല്‍കാനും വ്യവസ്ഥയുണ്ട്. 2016-17, 2017-18 വര്‍ഷങ്ങളില്‍ 14 ശതമാനം വച്ച് നികുതി വര്‍ധിക്കുകയാണെങ്കില്‍ ആഗസ്ത് മാസത്തില്‍ സംസ്ഥാനങ്ങള്‍ക്ക് 42,703 കോടി രൂപ നികുതിവരുമാനം ലഭിക്കണമായിരുന്നു. എന്നാല്‍ എസ്ജിഎസ്ടിയായി കിട്ടിയ 22,961 കോടി രൂപയും ഐജിഎസ്ടിയുടെ വിഹിതമായി കിട്ടിയ 7750 കോടി രൂപയും ചേര്‍ത്താല്‍ പോലും സംസ്ഥാനങ്ങള്‍ക്ക് 30,711 കോടി രൂപയേ ലഭിച്ചുള്ളൂ. 11,992 കോടി രൂപ ലക്ഷ്യത്തില്‍ നിന്നു കുറവാണ്. ഇത്രയും തുക നഷ്ടപരിഹാരമായി കേന്ദ്രസര്‍ക്കാര്‍ നല്‍കണമെന്നും കണക്കുകള്‍ നിരത്തി അദ്ദേഹം പറയുന്നു.ആഗസ്ത് 28 വരെ കേരളത്തില്‍ എസ്ജിഎസ്ടിയായി പിരിഞ്ഞുകിട്ടിയത് 781 കോടി രൂപയാണ്. ഐജിഎസ്ടി വിഹിതമായി ലഭിച്ചത് 451 കോടി രൂപ മാത്രം. ഈ നികുതികള്‍ ചേര്‍ത്താല്‍ 1232 കോടി രൂപയാണ് ആകെ ലഭിച്ചത്. എന്നാല്‍, പഴയ നികുതിസമ്പ്രദായം തുടര്‍ന്നിരുന്നുവെങ്കില്‍ 1600 കോടി രൂപയെങ്കിലും ലഭിക്കേണ്ടതാണെന്നും ധനമന്ത്രി ചൂണ്ടിക്കാട്ടുന്നു. നഷ്ടപരിഹാരം ലഭിക്കുമെങ്കിലും ജിഎസ്ടി വന്നാല്‍ സംസ്ഥാന വരുമാനം കൂടുമെന്നു പറഞ്ഞത് തെറ്റിപ്പോയി. 48,070 കോടി ഐജിഎസ്ടി ഉള്ളതില്‍ 10,801 കോടി രൂപയേ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കിടയില്‍ വിഹിതം വച്ചിട്ടുള്ളൂ. ഇതില്‍നിന്നാണ് കേരളത്തിന്റെ വിഹിതമായി 451 കോടി രൂപ ലഭിച്ചത്. ബാക്കിയുള്ള ഐജിഎസ്ടി കൂടി വീതംവയ്ക്കുമ്പോള്‍ കൂടുതല്‍ തുക ലഭിച്ചേക്കുമെങ്കിലും ഈ കണക്ക് അറിയാന്‍ ഇനിയും മൂന്ന് മാസം കൂടി കാത്തിരിക്കണം.  അതിനാല്‍ നഷ്ടപരിഹാരം അടിയന്തരമായി ലഭിച്ചില്ലെങ്കില്‍ സംസ്ഥാനത്തിന്റെ നില പരുങ്ങലിലാവുമെന്നും മന്ത്രി സൂചിപ്പിക്കുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss